വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി

നിങ്ങളു​ടെ കുട്ടിയെ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ സഹായിക്കാം?

നിങ്ങളു​ടെ കുട്ടിയെ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ സഹായിക്കാം?

 നിങ്ങളു​ടെ കുട്ടി ഹോം​വർക്ക്‌ ഒന്നും ചെയ്യു​ന്നി​ല്ലേ? പഠനത്തിൽ പുറ​കോ​ട്ടാ​ണോ? ഉഴപ്പാ​ണോ? ഇപ്പോൾ നിങ്ങളു​ടെ കുട്ടി​യു​ടെ ഗ്രേഡും സ്വഭാ​വ​വും മോശ​മാ​യി​രി​ക്കും. നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളു​ടെ കുട്ടി​യു​ടെ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ കഴിയും?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 സമ്മർദം അധിക​മാ​യാൽ പ്രശ്‌നം വഷളാ​കും. കുട്ടി​യു​ടെ മേൽ സമ്മർദം ചെലു​ത്തി​യാൽ സ്‌കൂ​ളി​ലും വീട്ടി​ലും കുട്ടിക്കു വല്ലാത്ത അസ്വസ്ഥ​ത​യാ​യി​രി​ക്കും. അതു കാരണം കുട്ടി നുണ പറയാ​നും പരീക്ഷാ​പേപ്പർ ഒളിപ്പി​ക്കാ​നും റിപ്പോർട്ട്‌ കാർഡിൽ കള്ള ഒപ്പിടാ​നും ക്ലാസ്സു കട്ട്‌ ചെയ്യാ​നും ഒക്കെ തുടങ്ങും. അങ്ങനെ പ്രശ്‌നങ്ങൾ വഷളാ​കു​കയേ ഉള്ളൂ.

 സമ്മാനങ്ങൾ വിനയാ​യേ​ക്കാം. “മോള്‌ നല്ല ഗ്രേഡ്‌ വാങ്ങി​ക്കു​മ്പോൾ അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ഞങ്ങൾ സമ്മാനങ്ങൾ കൊടു​ക്കു​മാ​യി​രു​ന്നു. പിന്നെ​പ്പി​ന്നെ മോളു​ടെ ശ്രദ്ധ മുഴുവൻ സമ്മാന​ത്തി​ലാ​യി. ചില​പ്പോൾ മോശം ഗ്രേഡ്‌ കിട്ടു​മ്പോൾ അവൾ വല്ലാത്ത വിഷമം തോന്നും. എന്നാൽ ഗ്രേഡ്‌ കുറഞ്ഞ​തി​ലല്ല സമ്മാനം കിട്ടാ​ത്ത​തി​ലാണ്‌ അവൾക്കു വിഷമം” എന്നു ആൻഡ്രു എന്ന ഒരു പിതാവ്‌ പറയുന്നു.

 അധ്യാ​പ​ക​രെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തു​കൊണ്ട്‌ പ്രയോ​ജ​ന​മില്ല. നല്ല ഗ്രേഡ്‌ കിട്ടാൻ താൻ വലിയ ശ്രമ​മൊ​ന്നും ചെയ്യേണ്ട എന്നൊരു ധാരണ കുട്ടി​ക്കു​ണ്ടാ​കും. തന്റെ കുഴപ്പ​ങ്ങൾക്കു കാരണം മറ്റുള്ള​വ​രാണ്‌ എന്നൊരു മനോ​ഭാ​വം കുട്ടി വളർത്തി​യെ​ടു​ത്തേ​ക്കാം. തന്റെ പ്രശ്‌നങ്ങൾ മറ്റുള്ളവർ പരിഹ​രി​ച്ചു​ത​രാൻ അവൻ പ്രതീ​ക്ഷി​ക്കും. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ മുതിർന്ന ഒരു വ്യക്തിക്കു വേണ്ട നല്ലൊരു ഗുണം കുട്ടിക്കു നഷ്ടമാ​കും. അതായതു സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഉത്തരവാ​ദി​ത്വം അംഗീ​ക​രി​ക്കുക എന്നത്‌.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 വികാ​ര​ങ്ങൾ നിയ​ന്ത്രി​ക്കുക. നിങ്ങൾക്കു ദേഷ്യം വന്നിരി​ക്കു​ക​യാ​ണെ​ങ്കിൽ ഗ്രേഡിന്റെ കാര്യം കുട്ടി​യോ​ടു മറ്റൊരു അവസര​ത്തിൽ സംസാ​രി​ക്കുക. “ഭാര്യ​യും ഞാനും ശാന്തമാ​യി​രുന്ന്‌, കുട്ടി​യു​ടെ സ്ഥാനത്തു​നിന്ന്‌ ചിന്തിച്ചു. അപ്പോൾ നല്ല ഗുണമു​ണ്ടാ​യി” എന്നു ബ്രെറ്റ്‌ എന്നു പേരുള്ള ഒരു പിതാവ്‌ പറയുന്നു.

 ബൈബിൾത​ത്ത്വം: “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌, പെട്ടെന്നു കോപി​ക്കു​ക​യു​മ​രുത്‌.”—യാക്കോബ്‌ 1:19.

 യഥാർഥ​പ്ര​ശ്‌നം കണ്ടുപി​ടി​ക്കുക. മോശം ഗ്രേഡി​നു കാരണങ്ങൾ പലതാ​വാം. ചില​പ്പോൾ സ്‌കൂൾ മാറി​യ​താ​കാം, പരീക്ഷാ​പ്പേ​ടി​യാ​കാം, കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളാ​കാം, ഉറക്കക്കു​റ​വാ​കാം, ചിട്ടയി​ല്ലാത്ത ജീവി​ത​മാ​കാം, ശ്രദ്ധക്കു​റ​വാ​കാം, ഇനി സ്‌കൂ​ളി​ലെ ഏതെങ്കി​ലും ഒരു ചട്ടമ്പിയെ പേടി​യു​ള്ള​തു​മാ​കാം. എല്ലാത്തി​നും കാരണം കുട്ടി​യു​ടെ മടി മാത്ര​മാ​ണെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌.

 ബൈബിൾത​ത്ത്വം: “എല്ലാ കാര്യ​ത്തി​ലും ഉൾക്കാഴ്‌ച കാണി​ക്കു​ന്നവൻ വിജയി​ക്കും.”—സുഭാ​ഷി​തങ്ങൾ 16:20.

 പഠിക്കാൻ പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കുക. ഹോം​വർക്ക്‌ ചെയ്യാ​നും പഠിക്കാ​നും ഒരു ടൈം​ടേ​ബിൾ ഉണ്ടാക്കുക. മറ്റു ശല്യങ്ങ​ളൊ​ന്നു​മി​ല്ലാ​തെ (ടിവി, മൊ​ബൈൽ ഫോൺ പോലു​ള്ളവ) സ്വസ്ഥമാ​യി​രുന്ന്‌ ഹോം​വർക്കു ചെയ്യാൻ കുട്ടിക്ക്‌ ഒരു സ്ഥലം കൊടു​ക്കുക. ഹോം​വർക്കു​കൾ ചെറി​യ​ചെ​റിയ ഇടവേള കൊടു​ത്തു ചെയ്യി​പ്പി​ക്കുക. ഇതു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കുട്ടി​കളെ സഹായി​ക്കും. ജർമനിയിലുള്ള ഹെക്ടർ എന്ന ഒരു പിതാവ്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌, “പരീക്ഷ​യാ​കു​മ്പോൾ എല്ലാം പഠിപ്പി​ക്കാം എന്നു വെക്കു​ന്ന​തി​നു പകരം ഓരോ ദിവസ​വും കുറേ​ശ്ശെ​ക്കു​റേശ്ശെ ഞങ്ങൾ പഠിപ്പി​ക്കും.”

 ബൈബിൾത​ത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌.”—സഭാ​പ്ര​സം​ഗകൻ 3:1.

 പഠിക്കുന്നതിന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കി കൊടു​ക്കുക. സ്‌കൂ​ളിൽ പോകു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങളു​ടെ കുട്ടി ഇപ്പോൾ എത്ര നന്നായി മനസ്സി​ലാ​ക്കു​ന്നു​വോ പഠിക്കാ​നുള്ള കാര്യ​ത്തിൽ കുട്ടി അത്രയ​ധി​കം ഉത്സാഹം കാട്ടും. ഉദാഹ​ര​ണ​ത്തിന്‌, കണക്കു പഠിക്കു​ന്നത്‌ പോക്കറ്റ്‌ മണി വരവനു​സ​രിച്ച്‌ ചെലവാ​ക്കാൻ കുട്ടിയെ സഹായി​ക്കും.

 ബൈബിൾത​ത്ത്വം: “ജ്ഞാനം നേടുക, വകതി​രിവ്‌ സമ്പാദി​ക്കുക. . . . അതിനെ വില​പ്പെ​ട്ട​താ​യി കാണുക.”—സുഭാ​ഷി​തങ്ങൾ 4:5, 8.

 ചെയ്യാ​നാ​കു​ന്നത്‌: ഹോം​വർക്ക്‌ ചെയ്‌തു​കൊ​ടു​ക്കാ​തെ, അതു ചെയ്യാൻ സഹായി​ക്കുക. ആൻഡ്രു പറയുന്നു: “ഞങ്ങളുടെ മകൾ അവളുടെ തല പ്രവർത്തി​പ്പി​ക്കാ​തെ ഞങ്ങളുടെ തല പ്രവർത്തി​പ്പി​ക്കും.” സ്വന്തമാ​യി എങ്ങനെ ഹോം​വർക്ക്‌ ചെയ്യണ​മെന്നു കുട്ടിയെ പഠിപ്പി​ക്കുക.