വിവരങ്ങള്‍ കാണിക്കുക

ആരായി​രു​ന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള “നക്ഷത്രം” കാണി​ച്ചതു ദൈവ​മാ​യി​രു​ന്നോ?

ആരായി​രു​ന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള “നക്ഷത്രം” കാണി​ച്ചതു ദൈവ​മാ​യി​രു​ന്നോ?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​നെ കാണാൻ പോയ യാത്ര​ക്കാർക്കു “മൂന്നു ജ്ഞാനികൾ,” “മൂന്നു രാജാ​ക്കാ​ന്മാർ” എന്നീ വിശേ​ഷ​ണ​ങ്ങ​ളൊ​ന്നും ബൈബിൾ നൽകു​ന്നില്ല. അത്തരം വിശേ​ഷ​ണ​ങ്ങ​ളൊ​ക്കെ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​വു​മാ​യി ബന്ധപ്പെ​ട്ടാണ്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നത്‌. (മത്തായി 2:1) ദൈവ​പ്ര​ചോ​ദി​ത​നാ​യി സുവി​ശേഷ എഴുത്തു​കാ​ര​നായ മത്തായി, യേശു​വി​നെ സന്ദർശി​ക്കാൻ വന്നവ​രെ​ക്കു​റിച്ച്‌ പറയാൻ ഉപയോ​ഗിച്ച ഗ്രീക്കു​പദം മഗോയ്‌ എന്നാണ്‌. ആ പദം വിദഗ്‌ധ​രായ ജ്യോ​ത്സ്യ​ന്മാ​രെ​യും ഭൂതങ്ങ​ളു​മാ​യി സമ്പർക്കമുള്ളവരെയും a കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന വാക്കാ​യി​രി​ക്കാം. ധാരാളം ബൈബിൾ പരിഭാ​ഷകർ അവരെ “ജ്യോ​ത്സ്യ​ന്മാർ,” “മഗോയ്‌  b എന്നൊ​ക്കെ​യാ​ണു വിളി​ക്കു​ന്നത്‌.

 എത്ര “ജ്ഞാനികൾ” ഉണ്ടായി​രു​ന്നു?

 ജ്ഞാനി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ ഒന്നും ബൈബിൾ പറയു​ന്നില്ല, അവരുടെ എണ്ണം, മറ്റു വിശദാം​ശങ്ങൾ അങ്ങനെ​യൊ​ന്നും. ഒരു വിജ്ഞാ​ന​കോ​ശം പറയു​ന്ന​ത​നു​സ​രിച്ച്‌, “പൗരസ്‌ത്യ​രു​ടെ പാരമ്പ​ര്യ​മ​നു​സ​രിച്ച്‌ ‘ജ്ഞാനികൾ’ 12 പേരു​ണ്ടെ​ന്നാണ്‌. എന്നാൽ പാശ്ചാ​ത്യ​പാ​ര​മ്പ​ര്യം പറയു​ന്നത്‌ അവർ 3 പേരേ ഉള്ളൂ എന്നാണ്‌. അങ്ങനെ അവർ പറയാൻ കാരണം, മൂന്നു കൂട്ടം സാധനങ്ങൾ—സ്വർണ്ണ​വും കുന്തി​രി​ക്ക​വും മീറയും (മത്തായി 2:11)—കുട്ടിക്കു സമ്മാന​മാ​യി കൊടു​ത്ത​തു​കൊ​ണ്ടാ​കാം.”

 “ജ്ഞാനികൾ”രാജാ​ക്ക​ന്മാ​രാ​യി​രു​ന്നോ?

 ക്രിസ്‌തു​മ​സ്സി​നെ​ക്കു​റി​ച്ചുള്ള പാരമ്പ​ര്യ​ത്തിൽ യേശു​വി​നെ സന്ദർശി​ക്കാൻ വന്നവരെ രാജാ​ക്ക​ന്മാ​രാ​യാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ബൈബി​ളിൽ ഒരിട​ത്തും അവരെ രാജാ​ക്ക​ന്മാർ എന്നു വിളി​ക്കു​ന്നില്ല. ഒരു വിജ്ഞാ​ന​കോ​ശം പറയു​ന്ന​ത​നു​സ​രിച്ച്‌, യേശു ജനിച്ച​തി​നു ശേഷം നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌ യേശു​വി​ന്റെ ജനന​ത്തെ​ക്കു​റി​ച്ചുള്ള ധാരാളം പൊടി​പ്പും തൊങ്ങ​ലും വെച്ച കഥകൾ പുറത്തി​റങ്ങി. യേശു​വി​നെ സന്ദർശി​ക്കാൻ വന്നവർ രാജാ​ക്ക​ന്മാ​രാ​ണെന്നു അങ്ങനെ പലയാ​ളു​ക​ളും പറയാൻ തുടങ്ങി.

 “ജ്ഞാനി​ക​ളു​ടെ” പേര്‌ എന്തായി​രു​ന്നു?

 ബൈബി​ളിൽ ഈ ജ്യോ​ത്സ്യ​ന്മാ​രു​ടെ പേര്‌ പറയു​ന്നില്ല. ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ഒരു വിജ്ഞാ​ന​കോ​ശം പറയു​ന്നത്‌, “കഥകളിൽ ഇവർക്കു പേരി​ടാൻ ശ്രമം നടന്നി​ട്ടുണ്ട്‌ എന്നാണ്‌. (ഉദാ: ക്യാസ്‌പർ, മേൽചി​യർ, ബേൽതസ്സർ എന്നിങ്ങ​നെ​യുള്ള പേരുകൾ.)”

 “ജ്ഞാനികൾ”എപ്പോ​ഴാ​ണു യേശു​വി​നെ സന്ദർശി​ച്ചത്‌?

 യേശു ജനിച്ച്‌ മാസങ്ങൾക്കു ശേഷമാ​യി​രി​ക്കാം ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ച്ചത്‌. അതു സത്യമാ​ണെന്നു തെളി​യി​ക്കു​ന്ന​താ​ണു ഹെരോദ്‌ രാജാ​വി​ന്റെ ആജ്ഞ. യേശു​വി​നെ കൊല്ലാ​നുള്ള ഉദ്ദേശ്യ​ത്തിൽ ഹെരോദ്‌ രാജാവ്‌ രണ്ടു വയസ്സും അതിൽ താഴെ​യും പ്രായ​മുള്ള എല്ലാ ആൺകു​ഞ്ഞു​ങ്ങ​ളെ​യും കൊല്ലാ​നുള്ള കല്‌പന കൊടു​ത്തു. ജ്യോ​ത്സ്യ​ന്മാ​രിൽനിന്ന്‌ കിട്ടിയ അറിവ​നു​സ​രി​ച്ചാ​യി​രി​ക്കണം ഉദ്ദേശ്യം എത്ര പ്രായം യേശു​വി​നു​ണ്ടാ​യി​രി​ക്കാം എന്ന്‌ ഹെരോദ്‌ കണക്കാ​ക്കി​യത്‌.—മത്തായി 2:16.

 യേശു ജനിച്ച ആ രാത്രി​യി​ലല്ല ജ്യോ​ത്സ്യ​ന്മാർ അവിടെ പോയത്‌. ബൈബിൾ പറയുന്നു: “വീടിന്‌ അകത്ത്‌ ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയ​യോ​ടൊ​പ്പ​മാ​യി​രു​ന്നു.” (മത്തായി 2:11) ഇത്‌ കാണി​ക്കു​ന്നത്‌ അവരുടെ സന്ദർശ​ന​സ​മ​യത്ത്‌ യേശു​വും കുടും​ബ​വും ഒരു വീട്ടിൽ കഴിയു​ക​യാ​യി​രു​ന്നു എന്നാണ്‌. പുൽത്തൊ​ട്ടി​യിൽ കിടക്കുന്ന ഉണ്ണിയാ​യി​രു​ന്നില്ല യേശു.—ലൂക്കോസ്‌ 2:16.

 ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള “നക്ഷത്രം” കാണി​ച്ചതു ദൈവ​മാ​യി​രു​ന്നോ?

 ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള വഴികാ​ട്ടി​യാ​യി ‘നക്ഷത്രം’ കാണി​ച്ചത്‌ ദൈവ​മാ​യി​രു​ന്നു എന്നാണു ചില ആളുകൾ വിശ്വ​സി​ക്കു​ന്നത്‌. അങ്ങനെ​യാ​കാൻ വഴിയില്ല എന്നു പറയാൻ കാരണം എന്താണ്‌?

  •   നക്ഷത്രം​പോ​ലെ തോന്നിച്ച ഒന്ന്‌ ജ്യോ​ത്സ്യ​ന്മാ​രെ ആദ്യം യരുശ​ലേ​മി​ലേക്കു കൊണ്ടു​പോ​യി. ബൈബിൾ പറയുന്നു: “കിഴക്കു​നി​ന്നുള്ള ജ്യോ​ത്സ്യ​ന്മാർ യരുശലേമിലെത്തി. അവർ ചോദി​ച്ചു: ‘ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവൻ എവി​ടെ​യാണ്‌? കിഴക്കാ​യി​രു​ന്ന​പ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട്‌ ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്‌.’”—മത്തായി 2:1, 2.

  •   ജ്യോ​ത്സ്യ​ന്മാ​രെ ബേത്ത്‌ലെ​ഹെ​മി​ലേക്കു വിട്ടത്‌ ഹെരോദ്‌ രാജാ​വാണ്‌, അല്ലാതെ “നക്ഷത്രം” അല്ല. തനിക്കു ഭീഷണി​യായ ജൂതന്മാ​രു​ടെ രാജാ​വി​നെ​ക്കു​റിച്ച്‌’ ഹെരോദ്‌ കേട്ട​പ്പോൾ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട ക്രിസ്‌തു ജനിക്കു​ന്നത്‌ എവി​ടെ​യാ​യി​രി​ക്കു​മെന്ന കാര്യം അന്വേ​ഷി​ച്ചു. (മത്തായി 2: 2-6) അത്‌ ബേത്ത്‌ലെ​ഹെ​മി​ലാ​ണെന്നു മനസ്സി​ലാ​ക്കിയ ഹെരോദ്‌ ജ്യോ​ത്സ്യ​ന്മാ​രോട്‌ അങ്ങോട്ട്‌ ചെന്ന്‌ കുട്ടിയെ കാണാ​നും വിവരങ്ങൾ തന്നെ അറിയി​ക്കാ​നും പറഞ്ഞു.

     എന്നിട്ടാണ്‌ ജ്യോ​ത്സ്യ​ന്മാർ ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകു​ന്നത്‌. ബൈബിൾ പറയുന്നു: “രാജാവ്‌ പറഞ്ഞതു കേട്ട​ശേഷം അവർ അവി​ടെ​നിന്ന്‌ പോയി. കിഴക്കു​വെച്ച്‌ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടി​യുള്ള സ്ഥലത്തിനു മുകളിൽ ചെന്ന്‌ നിന്നു.”—മത്തായി 2:9.

  •   “നക്ഷത്രം” യേശു​വി​ന്റെ ജീവനു ഭീഷണി​യാ​യി, നിഷ്‌ക​ള​ങ്ക​രായ ഒരുപാട്‌ കുട്ടി​ക​ളു​ടെ ജീവനും അപകട​ത്തി​ലാ​ക്കി. ജ്യോ​ത്സ്യ​ന്മാർ ബേത്ത്‌ലെ​ഹെം വിട്ട​പ്പോൾ തിരിച്ച്‌ ഹെരോ​ദി​ന്റെ അടു​ത്തേക്കു പോക​രു​തെന്നു ദൈവം അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു.—മത്തായി 2:12.

 ഹെരോദ്‌ എങ്ങനെ പ്രതി​ക​രി​ച്ചു? ബൈബിൾ പറയുന്നു: “ജ്യോ​ത്സ്യ​ന്മാർ പറ്റി​ച്ചെന്നു കണ്ട്‌ ഹെരോദ്‌ വല്ലാതെ കോപി​ച്ചു. അവരോ​ടു ചോദിച്ച്‌ മനസ്സി​ലാ​ക്കിയ സമയം കണക്കാക്കി ഹെരോദ്‌ ബേത്ത്‌ലെ​ഹെ​മി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആളയച്ച്‌ രണ്ടു വയസ്സും അതിൽ താഴെ​യും പ്രായ​മുള്ള ആൺകു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം കൊന്നു.” (മത്തായി 2:16) ഇങ്ങനെ​യൊ​രു ദുരന്തം വരുത്താൻ ദൈവം ഒരിക്ക​ലും ഇടയാ​ക്കില്ല.—ഇയ്യോബ്‌ 34:10.

a ബി.സി. അഞ്ചാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഗ്രീക്കു ചരി​ത്ര​കാ​ര​നായ ഹെരൊ​ഡോ​ട്ടസ്‌ പറഞ്ഞതു മേദ്യ​യി​ലെ (പേർഷ്യ​യി​ലെ) ഒരു വംശത്തി​ലെ നിപു​ണ​രായ ജ്യോ​ത്സ്യ​ന്മാ​രെ​യും സ്വപ്‌ന​വ്യാ​ഖ്യാ​താ​ക്ക​ളെ​യും കുറി​ക്കാ​നാ​ണു തന്റെ നാളിൽ മഗോയ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രു​ന്നത്‌ എന്നാണ്‌.

b പുതിയ അമേരി​ക്കൻ പ്രമാണ ബൈബിൾ, പുതിയ അമേരി​ക്കൻ ബൈബിൾ, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ, വിശുദ്ധ ബൈബിൾ—പുതിയ അന്താരാ​ഷ്ട്ര പരിഭാഷ എന്നിവ കാണുക. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം ഈ സന്ദർശ​കരെ “ജ്ഞാനികൾ” എന്നു വിളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർ മൂന്നു പേരാ​യി​രു​ന്നു എന്നൊ​ന്നും അതു പറയു​ന്നില്ല.