വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“ഇപ്പോൾ എനിക്ക്‌ എന്നെക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല”

“ഇപ്പോൾ എനിക്ക്‌ എന്നെക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല”
  • ജനനം: 1963

  • രാജ്യം: മെക്‌സി​ക്കോ

  • ചരിത്രം: തെരു​വു​ബാ​ലൻ; അപകർഷ​താ​ബോ​ധം

എന്റെ പഴയ കാലം

 ഞാൻ വടക്കൻ മെക്‌സി​ക്കോ​യി​ലെ സിയോ​ഡാഡ്‌ ഓബ്രി​ഗോ​ണി​ലാ​ണു ജനിച്ചത്‌. ഒമ്പതു മക്കളിൽ അഞ്ചാമ​നാ​യി​രു​ന്നു ഞാൻ. നഗരത്തി​ന്റെ അതിർത്തി​ക്ക​ടു​ത്താ​യി​രു​ന്നു ഞങ്ങളുടെ താമസം. അവിടെ എന്റെ അച്ഛന്‌ ഒരു ചെറിയ ഫാമു​ണ്ടാ​യി​രു​ന്നു. ജീവി​ക്കാൻ പറ്റിയ നല്ലൊരു സ്ഥലമാ​യി​രു​ന്നു അത്‌. സന്തോ​ഷ​ത്തോ​ടെ​യും ഒരുമ​യോ​ടെ​യും ഞങ്ങൾ അവിടെ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സന്തോ​ഷ​ത്തിന്‌ അധികം ആയുസ്സു​ണ്ടാ​യി​രു​ന്നില്ല. ഒരു കൊടു​ങ്കാറ്റ്‌ ഞങ്ങളുടെ ഫാം നശിപ്പി​ച്ചു. അങ്ങനെ ഞങ്ങൾക്കു മറ്റൊരു പട്ടണത്തി​ലേക്കു മാറേ​ണ്ടി​വന്നു.

 അച്ഛൻ സാമ്പത്തി​ക​മാ​യി മെച്ച​പ്പെ​ടാൻ തുടങ്ങി. അതേ സമയം ഒരു കുടി​യ​നു​മാ​യി. അച്ഛന്റെ വിവാ​ഹ​ജീ​വി​ത​ത്തെ​യും മക്കളായ ഞങ്ങളെ​യും അതു ബാധിച്ചു. ഞങ്ങൾ അച്ഛന്റെ സിഗ​രെറ്റ്‌ കട്ടെടുത്ത്‌ വലിക്കാൻ തുടങ്ങി. വെറും ആറു വയസ്സു​ള്ള​പ്പോൾ ഞാൻ ആദ്യമാ​യി മദ്യപി​ച്ചു. അധികം വൈകാ​തെ അച്ഛനും അമ്മയും വേർപി​രിഞ്ഞ്‌ താമസി​ക്കാൻ തുടങ്ങി. എന്റെ ദുശ്ശീ​ലങ്ങൾ കൂടി​ക്കൂ​ടി വന്നു.

 മറ്റൊ​രാ​ളോ​ടൊ​പ്പം ജീവി​ക്കാൻ അമ്മ പോയ​പ്പോൾ ഞങ്ങളെ​യും കൂട്ടി. അയാൾ അമ്മയ്‌ക്കു ചെലവി​നൊ​ന്നും കൊടു​ക്കാ​റില്ല, അമ്മയൊ​രാൾ പണിക്കു പോകു​ന്ന​തു​കൊ​ണ്ടു മാത്രം ഞങ്ങൾക്ക്‌ ജീവി​ക്കാ​നും പറ്റുമാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഞാനും കൂടപ്പി​റ​പ്പു​ക​ളും ഞങ്ങളെ​ക്കൊ​ണ്ടു പറ്റുന്ന പണിക​ളൊ​ക്കെ ചെയ്‌തു. അത്യാ​വ​ശ്യം കഴിഞ്ഞു​കൂ​ടാ​നു​ള്ളതു ഞങ്ങൾ ഒപ്പിച്ചു. ഞാൻ ഷൂ പോളിഷ്‌ ചെയ്യും, ബ്രെഡ്‌, പേപ്പർ, ച്യൂയിങ്‌ ഗം ഇതൊക്കെ വിൽക്കാ​നും പോകു​മാ​യി​രു​ന്നു. ഭക്ഷണത്തി​നു​വേണ്ടി പണക്കാ​രു​ടെ വെയ്‌സ്റ്റ്‌ കൊട്ട​യും നോക്കി ഞാൻ നഗരത്തിൽ അലയു​ക​യും ചെയ്‌തു.

 എനിക്കു പത്തു വയസ്സു​ള്ള​പ്പോൾ, നഗരത്തി​ലെ മാലി​ന്യ​ങ്ങൾ നിക്ഷേ​പി​ക്കു​ന്നി​ടത്ത്‌ ജോലി ചെയ്യാൻ ഒരാൾ എന്നെ വിളിച്ചു. ഞാൻ പഠനവും നിറുത്തി വീടും വിട്ട്‌ അയാ​ളോ​ടൊ​പ്പം പോയി. അയാൾ ദിവസ​ക്കൂ​ലി​യാ​യി ഒരു ഡോള​റി​നു താഴെ​യാ​ണു തന്നിരു​ന്നത്‌. വെയ്‌സ്റ്റ്‌ കൊട്ട​യിൽനിന്ന്‌ എടുത്ത ഭക്ഷണവും അയാൾ എനിക്കു തരുമാ​യി​രു​ന്നു. പാഴ്‌വ​സ്‌തു​ക്കൾകൊണ്ട്‌ ഞാൻതന്നെ ഉണ്ടാക്കിയ ഒരു കുടി​ലി​ലാ​യി​രു​ന്നു എന്റെ താമസം. ചുറ്റു​മു​ള്ളവർ അസഭ്യം പറയു​ന്ന​വ​രും ലൈം​ഗി​ക​മാ​യി അധഃപ​തി​ച്ച​വ​രും ആയിരു​ന്നു. പലരും മദ്യത്തി​നും മയക്കു​മ​രു​ന്നി​നും അടിമ​ക​ളാ​യി​രു​ന്നു. എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും മോശം​കാ​ല​മാ​യി​രു​ന്നു അത്‌. എല്ലാ ദിവസ​വും രാത്രി ഞാൻ പേടിച്ച്‌ കരയു​മാ​യി​രു​ന്നു. ദാരി​ദ്ര്യ​വും വിദ്യാ​ഭ്യാ​സ​ക്കു​റ​വും കാരണം എനിക്കു വല്ലാത്ത നാണ​ക്കേടു തോന്നി. മെക്‌സി​ക്കോ​യി​ലെ മറ്റൊരു സംസ്ഥാ​ന​ത്തേക്കു പോകു​ന്ന​തു​വരെ, ഏകദേശം മൂന്നു വർഷം, ആ മാലി​ന്യ​ങ്ങൾക്കി​ട​യി​ലാ​യി​രു​ന്നു എന്റെ താമസം. ഞാൻ പൂക്കളും പഞ്ഞിയും പറിക്കും, കരിമ്പു ശേഖരി​ക്കും, ഉരുള​ക്കി​ഴങ്ങ്‌ പെറു​ക്കും; അങ്ങനെ പറമ്പിലെ ചില പണിക​ളും ചെയ്യു​മാ​യി​രു​ന്നു.

ഇതുപോലെ മാലി​ന്യ​ങ്ങൾ ഇടുന്ന ഒരിട​ത്താ​ണു മൂന്നു വർഷം ഞാൻ ജീവി​ച്ചത്‌

 നാലു വർഷത്തി​നു ശേഷം ഞാൻ സിയോ​ഡാഡ്‌ ഓബ്രി​ഗോ​ണി​ലേക്കു മടങ്ങി. മന്ത്രവാ​ദ​വും നാട്ടു​വൈ​ദ്യ​വും ചെയ്‌തി​രുന്ന ഒരു അമ്മായി​യു​ടെ അടുത്ത്‌, താമസി​ക്കാൻ എനിക്ക്‌ ഒരു മുറി കിട്ടി. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ ഞാൻ പേടി​സ്വ​പ്‌നങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ വിഷമം കൂടി​ക്കൂ​ടി ആത്മഹത്യ ചെയ്‌താ​ലോ എന്നു​പോ​ലും ചിന്തി​ച്ചു​പോ​യി. ഒരു ദിവസം രാത്രി ഞാൻ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “കർത്താവേ, അങ്ങ്‌ ശരിക്കു​മു​ണ്ടെ​ങ്കിൽ എനിക്ക്‌ അങ്ങയെ അറിയണം. പിന്നെ ഞാൻ എന്നും അങ്ങയെ സേവി​ച്ചു​കൊ​ള്ളാം. ഒരു സത്യമ​ത​മു​ണ്ടെ​ങ്കിൽ അത്‌ എനിക്ക്‌ അറിയണം.”

ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം

 എനിക്ക്‌ ആത്മീയ​വി​ഷ​യ​ങ്ങ​ളോ​ടു പണ്ടേ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ചെറു​താ​യി​രു​ന്ന​പ്പോൾ പല വിഭാ​ഗ​ക്കാ​രു​ടെ പള്ളിക​ളി​ലും ഞാൻ പോയി​ട്ടുണ്ട്‌, പക്ഷേ നിരാ​ശ​യാ​ണു​ണ്ടാ​യത്‌. അവി​ടെ​യൊ​ന്നും ബൈബി​ളി​നെ​ക്കു​റിച്ച്‌ അധികം സംസാ​രി​ച്ചി​രു​ന്നില്ല, ദൈവ​ത്തോട്‌ അടുക്കാൻ അവയൊ​ന്നും എന്നെ സഹായി​ച്ച​തു​മില്ല. അവയിൽ ചിലത്‌ പണത്തി​നാ​യി​രു​ന്നു കൂടുതൽ ശ്രദ്ധ കൊടു​ത്തത്‌. മറ്റു വിഭാ​ഗ​ങ്ങ​ളി​ലെ അംഗങ്ങൾ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വ​രും ആയിരു​ന്നു.

 എനിക്കു 19 വയസ്സു​ള്ള​പ്പോൾ, വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ കാണി​ച്ചു​കൊ​ടു​ത്തെന്ന്‌ എന്റെ ഒരു അളിയൻ എന്നോടു പറഞ്ഞു. എന്നിട്ട്‌ പുറപ്പാട്‌ 20:4, 5 വായിച്ചു. വിഗ്ര​ഹങ്ങൾ ഉണ്ടാക്ക​രുത്‌ എന്നാണ്‌ അവിടെ പറയു​ന്നത്‌. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌. കാരണം നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവമാണ്‌.” എന്നിട്ട്‌ അളിയൻ ചോദി​ച്ചു: “അത്ഭുതങ്ങൾ ചെയ്യാൻ ദൈവം വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ, ആരാധ​ന​യിൽ നമ്മൾ അത്‌ ഉപയോ​ഗി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, പിന്നെ എന്തിനാണ്‌ ദൈവം അത്‌ വിലക്കു​ന്നത്‌?” അത്‌ എന്നെ ചിന്തി​പ്പി​ച്ചു. അതു കഴിഞ്ഞ്‌ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ പല തവണ ഞങ്ങൾ സംസാ​രി​ച്ചു. ആ സംഭാ​ഷ​ണങ്ങൾ എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു. സമയം പറന്നു​പോ​യ​തു​പോ​ലെ തോന്നി.

 പിന്നെ, അളിയൻ എന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീറ്റിം​ഗി​നു കൊണ്ടു​പോ​യി. അവിടെ കണ്ടതും കേട്ടതും എല്ലാം എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായി. കുട്ടികൾ വരെ പരിപാ​ടി​ക​ളിൽ പങ്കെടു​ക്കു​ന്നു, സ്റ്റേജിൽ നിന്ന്‌ ഒരു തപ്പലു​മി​ല്ലാ​തെ സംസാ​രി​ക്കു​ന്നു! ‘ഹൊ എന്തൊരു വിദ്യാ​ഭ്യാ​സ​മാണ്‌ ഇവർക്കു കിട്ടു​ന്നത്‌’ എന്നു ഞാൻ ചിന്തി​ച്ചു​പോ​യി. നീട്ടി​വ​ളർത്തിയ മുടി​യും വൃത്തി​യി​ല്ലാത്ത രൂപവും ആയിരു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ എന്നെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്‌തു. മീറ്റിം​ഗി​നു ശേഷം ഒരു കുടും​ബം എന്നെ ഭക്ഷണത്തി​നു​പോ​ലും ക്ഷണിച്ചു!

 സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ച​പ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി: നമ്മുടെ ദൈവ​മായ യഹോവ സാമ്പത്തി​ക​മോ സാമൂ​ഹി​ക​മോ വംശീ​യ​മോ വിദ്യാ​ഭ്യാ​സ​പ​ര​മോ ആയ പശ്ചാത്തലം ഒന്നും നോക്കാ​തെ നമുക്കു വേണ്ടി കരുതുന്ന സ്‌നേ​ഹ​വാ​നായ പിതാ​വാ​ണെന്ന്‌. ദൈവ​ത്തിന്‌ ഒട്ടും പക്ഷപാ​ത​മില്ല. (പ്രവൃ​ത്തി​കൾ 10:34, 35) അങ്ങനെ ഞാൻ ദൈവ​ത്തോട്‌ അടുത്തു. ജീവി​ത​ത്തിൽ എന്തി​ന്റെ​യോ കുറവു​ണ്ടെന്ന തോന്നൽ പയ്യെപ്പയ്യെ ഇല്ലാതാ​യി.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 എന്റെ ജീവിതം അടിമു​ടി മാറാൻ തുടങ്ങി! ഞാൻ പുകവ​ലി​യും മദ്യപാ​ന​വും അസഭ്യം പറച്ചി​ലും ഒക്കെ നിറുത്തി. പേടി​സ്വ​പ്‌നങ്ങൾ ഇല്ലാതാ​യ​തു​പോ​ലെ​തന്നെ, ചെറു​പ്പം​മു​തൽ എനിക്കു​ണ്ടാ​യി​രുന്ന നീരസ​വും എന്നെ വിട്ടു​പോ​കാൻ തുടങ്ങി. പിന്നെ, ചെറു​പ്പ​ത്തി​ലെ കഷ്ടപ്പാ​ടു​ക​ളും അധിക​മൊ​ന്നും പഠിക്കാൻ കഴിയാ​ഞ്ഞ​തും കാരണം എനിക്കു ഭയങ്കര അപകർഷ​താ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ, എനിക്ക്‌ അതൊക്കെ മറിക​ട​ക്കാൻ പറ്റി.

 യഹോ​വ​യെ സ്‌നേ​ഹി​ക്കുന്ന, എനിക്കു നല്ല പിന്തുണ തരുന്ന നല്ലൊരു ഭാര്യ എനിക്കുണ്ട്‌. ഇപ്പോൾ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ സന്ദർശനം നടത്തി​ക്കൊണ്ട്‌, എന്റെ ആത്മീയ​കു​ടും​ബ​ത്തി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്ന സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. ബൈബി​ളി​ലൂ​ടെ ദൈവം നൽകുന്ന ആശ്വാ​സ​ത്തി​നും മികച്ച വിദ്യാ​ഭ്യാ​സ​ത്തി​നും ഒരുപാട്‌ നന്ദി. ഇപ്പോൾ എനിക്ക്‌ എന്നെക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല.

എനിക്കു സഹായം കിട്ടി​യ​തു​പോ​ലെ ഞാനും ഭാര്യ​യും മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു