വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“ഉത്തരങ്ങ​ളെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌”

“ഉത്തരങ്ങ​ളെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌”
  • ജനനം: 1976

  • രാജ്യം: ഹോണ്ടു​റാസ്‌

  • ചരിത്രം: പാസ്റ്റർ

മുൻകാലജീവിതം

 ഹോണ്ടു​റാ​സി​ലെ ലാ തൈബ​യി​ലെ ഒരു ദരിദ്ര കുടും​ബ​ത്തി​ലാ​ണു ഞാൻ ജനിച്ചത്‌. വീട്ടിലെ ഏറ്റവും ഇളയയാൾ ഞാനാണ്‌. എനിക്കു നാലു ചേച്ചി​മാ​രാണ്‌. എനിക്കു മാത്രം കേൾവി​ശ​ക്തി​യു​ണ്ടാ​യി​രു​ന്നില്ല. വളരെ കുഴപ്പ​ക്കാ​രായ അയൽവാ​സി​ക​ളാ​യി​രു​ന്നു ഞങ്ങൾക്കു ചുറ്റും. എനിക്കു നാലു വയസ്സു​ള്ള​പ്പോൾ എന്റെ അച്ഛൻ ജോലി​സ്ഥ​ല​ത്തു​ണ്ടായ ഒരു അപകട​ത്തിൽ മരിച്ചു. അതോടെ കാര്യ​ങ്ങ​ളൊ​ക്കെ കൂടുതൽ ബുദ്ധി​മു​ട്ടി​ലാ​യി.

 എന്നെയും പെങ്ങന്മാ​രെ​യും നോക്കാൻ അമ്മ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ച്ചു. എന്നാൽ ചില​പ്പോൾ എനിക്ക്‌ ഉടുപ്പ്‌ വാങ്ങി​ത്ത​രാൻ അമ്മയുടെ കയ്യിൽ കാശ്‌ തികയില്ല. മഴപെ​യ്‌തു​ക​ഴി​ഞ്ഞാൽ തണുപ്പ്‌ മാറ്റാ​നുള്ള ഉടുപ്പു​ക​ളൊ​ന്നും ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നില്ല.

 ഞാൻ വളർന്നു​വ​ന്ന​പ്പോൾ ഹോണ്ടു​റാസ്‌ ആംഗ്യ​ഭാഷ (LESHO) പഠിച്ചു. അതു ബധിര​രായ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ എന്നെ സഹായി​ച്ചു. എന്നാൽ എന്റെ അമ്മയ്‌ക്കും സഹോ​ദ​രി​മാർക്കും ആ ആംഗ്യ​ഭാഷ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർ അവരുടെ രീതി​യിൽ ആംഗ്യങ്ങൾ കാണി​ച്ചു​കൊ​ണ്ടാണ്‌ എന്നോടു സംസാ​രി​ച്ചി​രു​ന്നത്‌. അമ്മയ്‌ക്ക്‌ എന്നെ വലിയ ഇഷ്ടമാ​യി​രു​ന്നു. ഞാൻ കുഴപ്പ​ങ്ങ​ളിൽ ഒന്നും ചാടാതെ അമ്മ എന്നെ പ്രത്യേ​കം ശ്രദ്ധിച്ചു. അറിയാ​വുന്ന ആംഗ്യങ്ങൾ കാണി​ച്ചു​കൊണ്ട്‌ പുകവ​ലി​ക്കു​ക​യോ മദ്യപി​ക്കു​ക​യോ ചെയ്യരു​തെന്ന മുന്നറി​യിപ്പ്‌ അമ്മ എനിക്കു നൽകി​യി​രു​ന്നു. അതു​കൊണ്ട്‌ അതു​പോ​ലുള്ള മോശം ശീലങ്ങ​ളിൽപ്പെ​ടാ​തെ എനിക്കു രക്ഷപ്പെ​ടാൻ കഴിഞ്ഞു. അക്കാര്യ​ത്തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌.

 ചെറു​താ​യി​രി​ക്കു​മ്പോൾ അമ്മ എന്നെ അടുത്തുള്ള കത്തോ​ലിക്ക പള്ളിയിൽ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. പക്ഷേ അവിടെ നടക്കു​ന്ന​തൊ​ന്നും എനിക്കു മനസ്സി​ലാ​യില്ല. കാരണം അതൊ​ന്നും ആംഗ്യ​ഭാ​ഷ​യിൽ എനിക്കു വിശദീ​ക​രി​ച്ചു​ത​രാൻ അവിടെ ആരും ഉണ്ടായി​രു​ന്നില്ല. പത്തു വയസ്സാ​യ​പ്പോ​ഴെ​ക്കും പള്ളിയിൽ പോകു​ന്നതു മടുപ്പാ​യ​തു​കൊണ്ട്‌ ഞാൻ ആ പോക്ക്‌ നിറുത്തി. എങ്കിലും ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയ​ണ​മെന്ന്‌ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു.

 1999-ൽ എനിക്കു 23 വയസ്സു​ള്ള​പ്പോൾ ഐക്യ​നാ​ടു​ക​ളിൽനി​ന്നു​ളള ഇവാഞ്ച​ലി​ക്കൽ സഭാം​ഗ​മായ ഒരു സ്‌ത്രീ​യെ പരിച​യ​പ്പെട്ടു. അവർ എനിക്കു ബൈബി​ളിൽനി​ന്നുള്ള കാര്യങ്ങൾ പറഞ്ഞു​തന്നു. കൂടാതെ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യും പഠിപ്പി​ച്ചു. ബൈബി​ളി​നെ​ക്കു​റിച്ച്‌ ഞാൻ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു. അങ്ങനെ എനിക്ക്‌ ഒരു പാസ്റ്റർ ആകണ​മെന്ന്‌ ആഗ്രഹം തോന്നി. അതിനാ​യി ബധിരർക്കു പരിശീ​ലനം നൽകുന്ന പോർട്ടോ റീക്കോ​യി​ലുള്ള ഒരു ക്രിസ്‌ത്യൻ പരിശീ​ലന കേന്ദ്ര​ത്തി​ലേക്കു ഞാൻ പോയി. ഒടുവിൽ 2002-ൽ ഞാൻ ലാ തൈബ​യിൽ മടങ്ങി​യെത്തി ബധിരർക്കു​വേ​ണ്ടി​യുള്ള ഒരു പള്ളി സ്ഥാപിച്ചു. അതു തുടങ്ങാൻ എന്റെ സുഹൃ​ത്തു​ക്ക​ളാ​ണു എന്നെ സഹായി​ച്ചത്‌. ആ സുഹൃ​ത്തു​ക്ക​ളിൽ ഒരാളായ പെട്രി​ഷ്യ​യെ പിന്നീടു ഞാൻ വിവാഹം ചെയ്‌തു.

 ഞങ്ങളുടെ പള്ളിയി​ലെ പാസ്റ്ററായ ഞാൻ ഹോണ്ടു​റാസ്‌ ആംഗ്യ​ഭാ​ഷ​യിൽ പ്രസം​ഗങ്ങൾ നടത്തി. ബധിരർക്കു മനസ്സി​ലാ​കു​ന്ന​തി​നു​വേണ്ടി അവരെ ബൈബിൾ കഥകളു​ടെ ചിത്രങ്ങൾ കാണി​ക്കു​ക​യും, അതിലെ കഥകൾ അവതരി​പ്പി​ച്ചു കാണി​ക്കു​ക​യും ചെയ്‌തി​രു​ന്നു. കൂടാതെ അടുത്ത പട്ടണങ്ങ​ളി​ലുള്ള ബധിര​രാ​യ​വരെ സന്ദർശി​ക്കു​ക​യും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവരുടെ പ്രശ്‌ന​ങ്ങ​ളിൽ അവരെ സഹായി​ക്കു​ക​യും ചെയ്‌തു. ഞാൻ ഐക്യ​നാ​ടു​ക​ളി​ലും സാംബി​യ​യി​ലും മിഷനറി യാത്രകൾ പോലും നടത്തി​യി​ട്ടുണ്ട്‌. പക്ഷേ, സത്യത്തിൽ എനിക്കു ബൈബി​ളി​നെ​ക്കു​റിച്ച്‌ അങ്ങനെ ഒരുപാ​ടൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. എനിക്കു പറഞ്ഞു​ത​ന്നി​ട്ടുള്ള കാര്യ​ങ്ങ​ളും ചിത്ര​ങ്ങ​ളിൽനിന്ന്‌ ഞാൻ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളും ആണ്‌ ഞാൻ മറ്റുള്ള​വ​രോ​ടു പറഞ്ഞി​രു​ന്നത്‌. വാസ്‌ത​വ​ത്തിൽ ഉത്തരങ്ങ​ളെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌.

 ഒരിക്കൽ എന്റെ പള്ളിയി​ലുള്ള ചിലർതന്നെ എന്നെക്കു​റിച്ച്‌ നുണകൾ പറഞ്ഞു​പ​ര​ത്താൻതു​ടങ്ങി. ഞാൻ കുടി​യ​നാ​യി​രു​ന്നെ​ന്നും ഭാര്യയെ വഞ്ചി​ച്ചെ​ന്നും അവർ പറഞ്ഞു. എനിക്ക്‌ വല്ലാത്ത ദേഷ്യ​വും നിരാ​ശ​യും തോന്നി. അധികം വൈകാ​തെ ഞാനും പെട്രി​ഷ്യ​യും ആ പള്ളി വിട്ടു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

 യഹോ​വ​യു​ടെ സാക്ഷികൾ എന്നെയും പെട്രി​ഷ്യ​യെ​യും മിക്ക​പ്പോ​ഴും സന്ദർശി​ക്കാ​റുണ്ട്‌. പക്ഷേ അവർ പറയു​ന്ന​തൊ​ന്നും ഞങ്ങൾ ശ്രദ്ധി​ക്കാ​റി​ല്ലാ​യി​രു​ന്നു. എന്നാൽ ഞങ്ങൾ പള്ളി വിട്ടതു​കൊണ്ട്‌ പെട്രി​ഷ്യ, യഹോ​വ​യു​ടെ സാക്ഷി​ക​ളായ തോമസ്‌, ലിസി ദമ്പതി​മാ​രോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. ആ ദമ്പതി​മാർ ബധിരർ അല്ലാതി​രു​ന്നി​ട്ടും ആംഗ്യ​ഭാ​ഷ​യിൽ സംസാ​രി​ക്കു​ന്നതു കണ്ടപ്പോൾ എനിക്ക്‌ അതിശയം തോന്നി. താമസി​യാ​തെ, ഞാനും പെട്രി​ഷ്യ​യോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.

 അമേരി​ക്കൻ ആംഗ്യ​ഭാഷ വിഡീ​യോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഞങ്ങൾ കുറച്ചു​നാൾ ബൈബിൾ പഠിച്ചു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​കളെ നയിക്കു​ന്നതു മനുഷ്യ​നേ​താ​ക്ക​ന്മാ​രാ​ണന്നു ഞങ്ങളുടെ ചില കൂട്ടു​കാർ പറയു​ന്ന​തു​കേട്ട്‌ ഞങ്ങൾ ബൈബിൾപ​ഠനം നിറുത്തി. വ്യക്തി​കൾക്കല്ല യഹോ​വ​യു​ടെ സാക്ഷികൾ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌ എന്ന്‌ തോമസ്‌ തെളി​യി​ച്ചെ​ങ്കി​ലും ഞാൻ അദ്ദേഹം പറയു​ന്നതു വിശ്വ​സി​ച്ചില്ല.

 കുറച്ച്‌ മാസങ്ങൾക്കു ശേഷം പെട്രി​ഷ്യ വല്ലാത്ത വിഷാ​ദ​ത്തി​ലാ​ണ്ടു​പോ​യി. യഹോ​വ​യു​ടെ സാക്ഷി​കളെ വീണ്ടും തന്റെ അടു​ത്തേക്കു വിടണേ എന്ന്‌ അവൾ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. അധികം വൈകാ​തെ യഹോ​വ​യു​ടെ സാക്ഷി​യായ ഒരു അയൽക്കാ​രി പെട്രി​ഷ്യ​യെ സന്ദർശി​ച്ചു. എന്നിട്ട്‌, പെട്രി​ഷ്യ​യെ വീണ്ടും വന്ന്‌ കാണാൻ ലിസി​യോ​ടു പറയട്ടേ എന്ന്‌ അയൽക്കാ​രി ചോദി​ച്ചു. ലിസി ഒരു നല്ല കൂട്ടു​കാ​രി​യാ​ണെന്നു ഞങ്ങൾക്കു ബോധ്യ​മാ​യി. എല്ലാ ആഴ്‌ച​യും അവർ പെട്രി​ഷ്യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബൈബിൾ പഠിപ്പി​ക്കാ​നും വന്നു. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും എനിക്കു സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അപ്പോ​ഴും ചില സംശയ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

  2012-ൽ ഒരു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി യഹോ​വ​യു​ടെ സാക്ഷികൾ, സത്യംഅത്‌ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? എന്ന ഹോണ്ടു​റാസ്‌ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ ആളുകളെ കാണി​ച്ചി​രു​ന്നു. ലിസി ആ വീഡി​യോ എന്നെയും കാണിച്ചു. അതു കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി​പ്പോ​യി. കാരണം ഞാൻ പഠിപ്പി​ച്ചു​കൊ​ണ്ടി​രുന്ന പല കാര്യ​ങ്ങ​ളും, ഉദാഹ​ര​ണ​ത്തിന്‌, നരകം, ആത്മാവി​ന്റെ അമർത്യത അതു​പോ​ലു​ള്ളവ ഒന്നും ബൈബിൾ പഠിപ്പി​ക്കു​ന്നില്ല എന്നു ഞാൻ മനസ്സി​ലാ​ക്കി.

 അടുത്ത ആഴ്‌ച ഞാൻ തോമ​സി​നോ​ടു സംസാ​രി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളി​ലേക്കു പോയി. ബധിര​രാ​യ​വരെ എനിക്കു ബൈബി​ളി​ലെ സത്യങ്ങൾ പഠിപ്പി​ക്ക​ണ​മെന്നു ഞാൻ തോമ​സി​നോ​ടു പറഞ്ഞു. പക്ഷേ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യിട്ട്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ എനിക്കു താത്‌പ​ര്യം ഇല്ലെന്നും പറഞ്ഞു. ബധിരർക്കു​വേണ്ടി എന്റെ തന്നെ ഒരു പുതിയ സഭ ഉണ്ടാക്കുക എന്നതാ​യി​രു​ന്നു എന്റെ ലക്ഷ്യം. തോമസ്‌ എന്റെ ആ തീക്ഷ്‌ണ​തയെ അഭിന​ന്ദി​ച്ചു. എന്നിട്ട്‌ എഫെസ്യർ 4:5 എനിക്കു കാണി​ച്ചു​തന്നു. ആ വാക്യം സത്യ​ക്രി​സ്‌തീയ സഭയ്‌ക്ക്‌ ഐക്യം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റി​ച്ചാണ്‌ പറയു​ന്നത്‌.

 യഹോ​വ​യു​ടെ സാക്ഷികൾ—വിശ്വാ​സം പ്രവൃത്തിയിൽ ഭാഗം 1: ഇരുളിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌... എന്ന അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ തോമസ്‌ എനിക്കു തന്നു. ബൈബി​ളി​ലെ അടിസ്ഥാന പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചുള്ള സത്യം സൂക്ഷ്‌മ​ത​യോ​ടെ മനസ്സി​ലാ​ക്കാൻ ഒരു കൂട്ടം ആളുകൾ ചെയ്‌ത ശ്രമങ്ങൾ ആ വീഡി​യോ​യിൽ കാണാം. വീഡി​യോ കണ്ടപ്പോൾ തീക്ഷ്‌ണ​രായ ആ വ്യക്തി​ക​ളു​ടെ ഉത്സാഹം എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. അവരെ​പ്പോ​ലെ ഞാനും സത്യം അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ആ വീഡി​യോ കണ്ടപ്പോൾ ഒരു കാര്യം എനിക്കു ബോധ്യ​മാ​യി. സാക്ഷികൾ സത്യം പഠിപ്പി​ക്കു​ന്നു. കാരണം അവരുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം ബൈബിൾ മാത്ര​മാണ്‌. അതു​കൊണ്ട്‌ ഞാൻ വീണ്ടും ബൈബിൾപ​ഠനം തുടങ്ങാൻ തീരു​മാ​നി​ച്ചു. 2014-ൽ ഞാനും പെട്രി​ഷ്യ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. കാരണം വിശു​ദ്ധ​നായ ദൈവ​ത്തെ​പ്പോ​ലെ ആ സഭയും ശുദ്ധമാണ്‌. സഭാം​ഗ​ങ്ങ​ളെ​ല്ലാം സംസാ​ര​ത്തി​ലും മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളി​ലും മാന്യത പുലർത്തു​ന്നു. സമാധാ​ന​പ്രി​യ​രും അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രു​മാണ്‌ അവർ. അവർ ഐക്യ​മു​ള്ള​വ​രാണ്‌. അവരുടെ രാജ്യ​വും ഭാഷയും ഒക്കെ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും ഒരേ ബൈബിൾസ​ത്യ​ങ്ങ​ളാണ്‌ അവർ എല്ലാവ​രും പഠിപ്പി​ക്കു​ന്നത്‌.

 ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിഞ്ഞത്‌ എന്നെ ശരിക്കും സന്തോ​ഷി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഈ മുഴു​ഭൂ​മി​യു​ടെ​യും പ്രപഞ്ച​ത്തി​ന്റെ​യും പരമാ​ധി​കാ​രി ദൈവ​മായ യഹോ​വ​യാ​ണെന്നു ഞാൻ പഠിച്ചു. കേൾവി​ശ​ക്തി​യു​ള​ള​വ​രെ​യും ഇല്ലാത്ത​വ​രെ​യും ദൈവം ഒരു​പോ​ലെ സ്‌നേ​ഹി​ക്കു​ന്നു. ദൈവ​ത്തിന്‌ എന്നോ​ടുള്ള സ്‌നേഹം ഒരു നിധി​യാ​യി​ട്ടാ​ണു ഞാൻ കാണു​ന്നത്‌. ഭൂമി മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​കു​മെ​ന്നും അവിടെ പൂർണാ​രോ​ഗ്യ​ത്തോ​ടെ നിത്യം ജീവി​ക്കാ​നുള്ള അവസരം എല്ലാവർക്കും ഉണ്ടാകു​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. അത്‌ യാഥാർഥ്യ​മാ​കുന്ന ദിവസ​ത്തി​നു​വേണ്ടി ഞാൻ വളരെ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.

 ബധിര​രാ​യ​വ​രോ​ടു ബൈബി​ളി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ എനിക്കും പെട്രി​ഷ്യ​യ്‌ക്കും വളരെ ഇഷ്ടമാണ്‌. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ മുമ്പത്തെ ചില പള്ളി അംഗങ്ങളെ ബൈബിൾ പഠിപ്പി​ക്കു​ന്നു. പാസ്റ്ററാ​യി​രു​ന്ന​പ്പോൾ ഞാൻ പഠിപ്പി​ച്ചി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്കു​തന്നെ പല ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ എനിക്ക്‌ അതില്ല. കാരണം, യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ച​പ്പോൾ എന്റെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം എനിക്കു കിട്ടി.