വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂതന്മാ​രു​ടെ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വിശദീ​ക​രണം കൃത്യമാണോ?

ജൂതന്മാ​രു​ടെ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വിശദീ​ക​രണം കൃത്യമാണോ?

 ഏതാണ്ട്‌ 2,600 വർഷങ്ങൾക്കു മുമ്പ്‌ ജൂതന്മാ​രെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. അവർ 70 വർഷം പ്രവാ​സി​ക​ളാ​യി അവിടെ ജീവിച്ചു. ബൈബിൾ വായി​ക്കു​മ്പോൾ അവിടെ അവർക്ക്‌ ഉണ്ടാകു​മാ​യി​രുന്ന ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവം മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നതു കാണാം. “നിങ്ങൾ വീടുകൾ പണിത്‌ അവയിൽ താമസി​ക്കൂ! തോട്ടങ്ങൾ നട്ടുണ്ടാ​ക്കി അവിടെ വിളയു​ന്നതു കഴിക്കൂ! നിങ്ങൾ വിവാഹം കഴിച്ച്‌ മക്കളെ ജനിപ്പി​ക്കണം. . . . ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാ​നം നിലനി​റു​ത്താൻ ശ്രദ്ധി​ക്കണം.” (യിരെമ്യ 29:1, 4-7) ജൂതന്മാർ ശരിക്കും ഇതു​പോ​ലുള്ള ചുറ്റു​പ്പാ​ടു​ക​ളി​ലാ​ണോ ജീവി​ച്ചത്‌?

 പുരാ​ത​ന​ബാ​ബി​ലോ​ണി​ലും അതിന്‌ അടുത്തുള്ള പ്രദേ​ശ​ങ്ങ​ളി​ലും നിന്ന്‌ കണ്ടെടു​ക്ക​പ്പെ​ട്ട​താ​യി കരുതുന്ന 100 ലേറെ കളിമൺഫ​ല​കങ്ങൾ ഗവേഷകർ പരി​ശോ​ധി​ച്ചു. ബാബി​ലോ​ണി​ന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ ജൂത​പ്ര​വാ​സി​കൾ അവരുടെ സാംസ്‌കാ​രി​ക​വും മതപര​വും ആയ രീതികൾ പിന്തു​ടർന്നു​പോ​ന്ന​താ​യി ആ ഫലകങ്ങ​ളിൽനിന്ന്‌ കാണാം. ബി.സി. 572-477 വരെയുള്ള കാലഘ​ട്ട​ത്തി​ലെ ഫലകങ്ങ​ളിൽ വാടക​ക്ക​രാ​റു​ക​ളു​ടെ​യും കൂട്ടു​ക​ച്ച​വ​ട​ത്തി​ന്റെ​യും വാഗ്‌ദാ​ന​പ​ത്ര​ത്തി​ന്റെ​യും മറ്റു സാമ്പത്തിക കാര്യ​ങ്ങ​ളു​ടെ​യും രേഖകൾ കാണാം. ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “ഗ്രാമീ​ണ​പ​ശ്ചാ​ത്ത​ല​ത്തിൽ ജീവി​ക്കുന്ന സാധാ​ര​ണ​ക്കാ​രായ ആളുക​ളു​ടെ ജീവിതം അറിയാൻ ഈ രേഖകൾ സഹായി​ക്കും. അവർ നിലമു​ഴു​തു, വീടുകൾ പണിതു, കരമടച്ചു. രാജാ​വി​നു​വേണ്ടി പല സേവന​ങ്ങ​ളും ചെയ്‌തു.”

യഹൂദാപട്ടണത്തിൽ നിന്നുള്ള ക്യൂണി​ഫോം ഫലകം

 അൽ-യഹൂദു അല്ലെങ്കിൽ യഹൂദാ​പ​ട്ടണം എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ ജൂതന്മാ​രു​ടെ വലി​യൊ​രു കൂട്ടം താമസി​ച്ചി​രു​ന്ന​താ​യി കണ്ടെടു​ക്ക​പ്പെട്ട പല പ്രധാ​ന​പ്പെട്ട രേഖക​ളിൽനി​ന്നും മനസ്സി​ലാ​ക്കാം. ഒരു ജൂതകു​ടും​ബ​ത്തി​ലെ നാലു തലമു​റ​ക​ളിൽപ്പെ​ട്ട​വ​രു​ടെ പേരുകൾ കളിമൺഫ​ല​ക​ങ്ങ​ളിൽ കൊത്തി​വെ​ച്ചി​രി​ക്കു​ന്നതു കാണാം. അവയിൽ ചിലത്‌ എബ്രാ​യ​ലി​പി​ക​ളി​ലാണ്‌. ഈ കളിമൺഫ​ല​കങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തി​നു മുമ്പ്‌ ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി​രുന്ന ജൂതന്മാ​രെ​ക്കു​റിച്ച്‌ പണ്ഡിത​ന്മാർക്കു വളരെ കുറച്ച്‌ വിവര​ങ്ങളേ അറിയു​മാ​യി​രു​ന്നു​ള്ളൂ. ഇസ്രാ​യേൽ പുരാ​വ​സ്‌തു വകുപ്പി​ന്റെ ഡയറക്ടർബോർഡി​ലെ അംഗമായ ഡോക്ടർ ഫിലിപ്പ്‌ വുക്കേ​സെ​വോ​വിച്ച്‌ പറയുന്നു: “ഒടുവിൽ, ഈ കളിമൺഫ​ല​കങ്ങൾ കിട്ടി​യ​പ്പോ​ഴാ​ണു ബാബി​ലോ​ണിൽ കഴിഞ്ഞ ജൂതന്മാ​രെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാ​നാ​യത്‌. അവരുടെ പേരുകൾ, എവിടെ ജീവിച്ചു, എന്നു ജീവിച്ചു, എന്തു ചെയ്‌തു എന്നൊക്കെ.”

ബാബിലോണിലേക്കു പിടി​ച്ചു​കൊ​ണ്ടു​പോയ ജൂതന്മാർക്ക്‌ അവിടെ കുറെ​യൊ​ക്കെ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു

 ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോയ ജൂതന്മാർക്ക്‌ എവിടെ ജീവി​ക്കണം, എന്തു ചെയ്യണം എന്നീ കാര്യ​ങ്ങ​ളിൽ ഒരളവു​വ​രെ​യുള്ള സ്വാത​ന്ത്ര്യം ലഭിച്ചി​രു​ന്നു. വുക്കേ​സെ​വോ​വിച്ച്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ജൂതന്മാർ“അൽ-യഹൂദു​വിൽ മാത്രമല്ല മറ്റു പന്ത്രണ്ടു നഗരങ്ങ​ളി​ലും” താമസി​ച്ചി​രു​ന്നു എന്നാണ്‌. അവരിൽ ചിലർ പല തൊഴിൽ​വൈ​ദ​ഗ്‌ധ്യ​ങ്ങ​ളും നേടി​യി​രു​ന്നു. അത്‌ പിന്നീട്‌ യരുശ​ലേ​മി​ന്റെ പുനർനിർമാ​ണ​ത്തിന്‌ ഉപകാ​ര​പ്പെട്ടു. (നെഹമ്യ 3:8, 31, 32) ബാബി​ലോ​ണി​ലുള്ള ജൂതന്മാ​രു​ടെ പ്രവാ​സ​കാ​ലം അവസാ​നി​ച്ചി​ട്ടും പല ജൂതന്മാ​രും ബാബി​ലോ​ണിൽത്തന്നെ തുടരാൻ തീരു​മാ​നി​ച്ചെ​ന്നും അൽ-യഹൂദു​വി​ലെ കളിമൺഫ​ല​കങ്ങൾ പറയുന്നു. ഇതെല്ലാം കാണി​ക്കു​ന്നതു ദൈവ​വ​ചനം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ബാബി​ലോ​ണിൽ അവർക്കു താരത​മ്യേ​നേ സമാധാ​ന​പ​ര​മായ അന്തരീ​ക്ഷ​മാണ്‌ ഉണ്ടായി​രു​ന്നത്‌ എന്നാണ്‌.