മത്തായി—ആമുഖം
എഴുതിയത്: മത്തായി
എഴുതിയ സ്ഥലം: ഇസ്രായേൽ
എഴുത്ത് പൂർത്തിയായത്: ഏ. എ.ഡി. 41
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: ബി.സി. 2–എ.ഡി. 33
പ്രധാനപ്പെട്ട വസ്തുതകൾ:
യേശു മരിച്ച് എട്ടു വർഷം കഴിഞ്ഞ് എബ്രായഭാഷയിലാണു മത്തായി ആദ്യം ഈ സുവിശേഷം എഴുതിയതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു; അതു ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹംതന്നെയായിരിക്കാം.
മത്തായിയുടെ സുവിശേഷത്തിൽ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള നൂറോളം പരാമാർശങ്ങളുള്ളതായി കണക്കാക്കുന്നു. ഇതിൽ 40 എണ്ണമെങ്കിലും നേരിട്ടുള്ള ഉദ്ധരണികളാണ്.
സാധ്യതയനുസരിച്ച്, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണം പ്രധാനമായും ജൂതന്മാരെ മനസ്സിൽക്കണ്ട് എഴുതിയതാണ്.
മത്തായി ഒരു നികുതിപിരിവുകാരനായിരുന്നു. അതുകൊണ്ടായിരിക്കാം പണം, മൂല്യം, സംഖ്യകൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദമായി രേഖപ്പെടുത്തിയത്. (17:27; 26:15; 27:3)
ബലിയോടൊപ്പം കരുണയും ആവശ്യമാണെന്നു യേശു പല തവണ ഊന്നിപ്പറഞ്ഞ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. (9:9-13; 12:7; 18:21-35)
സ്വർഗരാജ്യത്തെ അഥവാ ദൈവരാജ്യത്തെ കുറിക്കാനായി ‘രാജ്യം’ എന്ന പദം മത്തായി 50-ലധികം തവണ ഉപയോഗിച്ചിട്ടുണ്ട്.
ആദ്യത്തെ 18 അധ്യായങ്ങളിൽ മത്തായി ദൈവരാജ്യം എന്ന വിഷയത്തിന് ഊന്നൽ കൊടുത്തതുകൊണ്ട്, സംഭവങ്ങൾ നടന്ന ക്രമത്തിലല്ല രേഖപ്പെടുത്തിയത്. എന്നാൽ അവസാനത്തെ 10 അധ്യായങ്ങൾ (19 മുതൽ 28 വരെ) പൊതുവേ കാലാനുക്രമത്തിലാണ് എഴുതിയിരിക്കുന്നത്.
മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന 40 ശതമാനം കാര്യങ്ങളെങ്കിലും മറ്റൊരു സുവിശേഷത്തിലും കാണാത്തവയാണ്. അതിന്റെ ചില ഉദാഹരണങ്ങളാണു പിൻവരുന്ന പത്തു ദൃഷ്ടാന്തങ്ങൾ: വയലിലെ കളകൾ (13:24-30), മറഞ്ഞിരിക്കുന്ന നിധി (13:44), വിലയേറിയ മുത്ത് (13:45, 46), വല (13:47-50), കരുണ കാണിക്കാത്ത അടിമ (18:23-35), പണിക്കാരും ദിനാറെയും (20:1-16), അപ്പനും രണ്ടു മക്കളും (21:28-32), രാജാവിന്റെ മകന്റെ വിവാഹം (22:1-14), പത്തു കന്യകമാർ (25:1-13), താലന്തുകൾ (25:14-30).