ലൂക്കോസ്‌ എഴുതിയത്‌ 8:1-56

8  അധികം വൈകാ​തെ യേശു ഒരു പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ പന്ത്രണ്ടു പേരോടൊപ്പം* യേശു നഗരം​തോ​റും ഗ്രാമം​തോ​റും സഞ്ചരിച്ചു.+  ദുഷ്ടാത്മാക്കളിൽനിന്നും* രോഗ​ങ്ങ​ളിൽനി​ന്നും മുക്തരായ ചില സ്‌ത്രീ​ക​ളും യേശുവിനോടൊപ്പമുണ്ടായിരുന്നു. ഏഴു ഭൂതങ്ങൾ വിട്ട്‌ പോയ, മഗ്‌ദ​ല​ക്കാ​രി എന്നു വിളി​ച്ചി​രുന്ന മറിയയും+  സൂസന്ന​യും ഹെരോദിന്റെ കാര്യ​സ്ഥ​നായ കൂസയു​ടെ ഭാര്യ യോഹന്നയും+ ഇക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. മറ്റ്‌ അനേകം സ്‌ത്രീ​ക​ളും യേശു​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അവരെ​ല്ലാം അവരുടെ സ്വത്തു​ക്കൾകൊണ്ട്‌ അവരെ ശുശ്രൂ​ഷി​ച്ചു​പോ​ന്നു.+  യേശു​വി​നോ​ടൊ​പ്പം ഓരോ നഗരത്തി​ലേ​ക്കും യാത്ര ചെയ്‌തി​രു​ന്ന​വ​രെ​ക്കൂ​ടാ​തെ വലി​യൊ​രു ജനക്കൂട്ടം അവിടെ വന്നുകൂ​ടി. അപ്പോൾ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യേശു സംസാ​രി​ച്ചു:+  “ഒരു വിതക്കാ​രൻ വിത്തു വിതയ്‌ക്കാൻ പോയി. വിതയ്‌ക്കു​മ്പോൾ വിത്തു​ക​ളിൽ കുറെ വഴിയ​രി​കെ വീണു. ആളുകൾ അവയിൽ ചവിട്ടി​ന​ടന്നു, ആകാശ​ത്തി​ലെ പക്ഷികൾ അവ തിന്നു​ക​ളഞ്ഞു.+  ചിലതു പാറപ്പു​റത്ത്‌ വീണു. അവ മുള​ച്ചെ​ങ്കി​ലും നനവി​ല്ലാ​ത്ത​തു​കൊണ്ട്‌ ഉണങ്ങി​പ്പോ​യി.+  മറ്റു ചിലതു മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണ്‌ വളർന്നു. എന്നാൽ മുൾച്ചെ​ടി​ക​ളും ഒപ്പം വളർന്ന്‌ അവയെ ഞെരു​ക്കി​ക്ക​ളഞ്ഞു.+  വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച്‌ വളർന്ന്‌ 100 മേനി വിളവ്‌ നൽകി.”+ ഇതു പറഞ്ഞ​ശേഷം യേശു, “കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ”+ എന്നു പറഞ്ഞു.  എന്നാൽ ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താ​ണെന്നു യേശുവിന്റെ ശിഷ്യ​ന്മാർ ചോദി​ച്ചു.+ 10  അപ്പോൾ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷേ മറ്റുള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+ അവർ നോക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയുന്നതിന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല.+ 11  ദൃഷ്ടാന്തത്തിന്റെ അർഥം ഇതാണ്‌: വിത്ത്‌ ദൈവ​വ​ചനം.+ 12  വഴിയ​രി​കെ വീണ വിത്തിന്റെ കാര്യ​മോ: ചിലർ ആ വചനം കേൾക്കു​ന്നെ​ങ്കി​ലും അവർ വിശ്വ​സിച്ച്‌ രക്ഷ നേടാ​തി​രി​ക്കാൻ പിശാച്‌ വന്ന്‌ അവരുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ വചനം എടുത്തു​ക​ള​യു​ന്നു.+ 13  പാറപ്പു​റത്ത്‌ വീണ വിത്തിന്റെ കാര്യം: ചിലർ വചനം കേൾക്കു​മ്പോൾ അതു സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ന്നു. എന്നാൽ അവർക്കു വേരില്ല. അവർ അൽപ്പസ​മ​യ​ത്തേക്കു വിശ്വ​സി​ക്കു​ന്നു. എന്നാൽ പരീക്ഷ​ണ​ങ്ങ​ളു​ടെ സമയത്ത്‌ വീണു​പോ​കു​ന്നു.+ 14  മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണതോ: ചിലർ വചനം കേൾക്കു​ന്നെ​ങ്കി​ലും ഈ ജീവി​ത​ത്തി​ലെ രസങ്ങളും+ ഉത്‌ക​ണ്‌ഠ​ക​ളും സമ്പത്തും+ അവരുടെ ശ്രദ്ധ പതറി​ക്കു​ന്നു. അവർ പാടേ ഞെരു​ങ്ങി​പ്പോ​കു​ന്ന​തു​കൊണ്ട്‌ പാകമായ ഫലം നൽകു​ന്നില്ല.+ 15  നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യ​മോ: ആത്മാർഥ​ത​യുള്ള നല്ലൊരു ഹൃദയത്തോടെ+ ദൈവ​വ​ചനം കേട്ടിട്ട്‌ ഉള്ളിൽ സംഗ്ര​ഹി​ക്കു​ക​യും സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌ അവർ.+ 16  “ആരും വിളക്കു കത്തിച്ച്‌ അതു പാത്രം​കൊണ്ട്‌ മൂടി​വെ​ക്കു​ക​യോ കട്ടിലി​നു കീഴെ വെക്കു​ക​യോ ചെയ്യാ​റി​ല്ല​ല്ലോ. അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലല്ലേ വെക്കുക?+ 17  മറച്ചു​വെ​ച്ചി​രി​ക്കു​ന്ന​തൊ​ന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. ഒളിപ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തൊ​ന്നും പരസ്യ​മാ​കാ​തെ​യും വെളി​ച്ച​ത്തു​വ​രാ​തെ​യും ഇരിക്കില്ല.+ 18  അതു​കൊണ്ട്‌ നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ കൊടു​ക്കുക. ഉള്ളവനു കൂടുതൽ കൊടു​ക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന്‌ തനിക്കു​ണ്ടെന്ന്‌ അയാൾ വിചാ​രി​ക്കു​ന്ന​തും​കൂ​ടെ എടുത്തു​ക​ള​യും.”+ 19  യേശു​വി​നെ കാണാൻ അമ്മയും സഹോദരന്മാരും+ വന്നു. എന്നാൽ ജനക്കൂട്ടം കാരണം അവർക്ക്‌ യേശുവിന്റെ അടുത്ത്‌ ചെല്ലാൻ കഴിഞ്ഞില്ല.+ 20  അപ്പോൾ ചിലർ യേശു​വി​നോട്‌, “അങ്ങയെ കാണാൻ അമ്മയും സഹോ​ദ​ര​ന്മാ​രും പുറത്ത്‌ കാത്തു​നിൽക്കു​ന്നു” എന്ന്‌ അറിയി​ച്ചു. 21  യേശു​വോ അവരോട്‌, “ദൈവത്തിന്റെ വചനം കേട്ട്‌ അത്‌ അനുസ​രി​ക്കുന്ന ഇവരാണ്‌ എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും”+ എന്നു പറഞ്ഞു. 22  ഒരു ദിവസം യേശു​വും ശിഷ്യ​ന്മാ​രും ഒരു വള്ളത്തിൽ കയറി. യേശു അവരോട്‌, “നമുക്കു തടാകത്തിന്റെ അക്കരയ്‌ക്കു പോകാം” എന്നു പറഞ്ഞു. അവർ പുറ​പ്പെട്ടു.+ 23  യാത്ര​യ്‌ക്കി​ടെ യേശു ഉറങ്ങി​പ്പോ​യി. അപ്പോൾ ഒരു വലിയ കൊടു​ങ്കാറ്റ്‌ ഉണ്ടായി. വള്ളത്തിൽ വെള്ളം കയറി​ത്തു​ടങ്ങി. വള്ളം മുങ്ങു​മെ​ന്നാ​യി.+ 24  അതു​കൊണ്ട്‌ അവർ ചെന്ന്‌, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ്‌ യേശു​വി​നെ ഉണർത്തി. യേശു എഴു​ന്നേറ്റ്‌ കാറ്റി​നെ​യും ശക്തമായ തിരക​ളെ​യും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമാ​യി.+ 25  പിന്നെ യേശു അവരോട്‌, “നിങ്ങളു​ടെ വിശ്വാ​സ​മൊ​ക്കെ എവി​ടെ​പ്പോ​യി” എന്നു ചോദി​ച്ചു. എന്നാൽ അവർ ആകെ പേടി​ച്ചു​പോ​യി​രു​ന്നു. അതിശ​യ​ത്തോ​ടെ അവർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു: “ശരിക്കും ഇത്‌ ആരാണ്‌? ഇദ്ദേഹം കാറ്റി​നോ​ടും വെള്ള​ത്തോ​ടും പോലും കല്‌പി​ക്കു​ക​യും അവ അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​ല്ലോ?”+ 26  പിന്നീട്‌ അവർ ഗലീല​യ്‌ക്കു മറുക​രെ​യുള്ള ഗരസേന്യരുടെ+ നാട്ടിൽ വള്ളം അടുപ്പി​ച്ചു. 27  യേശു കരയ്‌ക്ക്‌ ഇറങ്ങി​യ​പ്പോൾ നഗരത്തിൽനി​ന്നുള്ള ഭൂതബാ​ധി​ത​നായ ഒരു മനുഷ്യൻ യേശു​വിന്‌ എതിരെ വന്നു. ഏറെക്കാ​ല​മാ​യി അയാൾ വസ്‌ത്രം ധരിച്ചി​രു​ന്നില്ല. വീട്ടിൽ താമസി​ക്കാ​തെ ശവക്കല്ല​റ​കൾക്കി​ട​യി​ലാ​യി​രു​ന്നു അയാളു​ടെ വാസം.+ 28  യേശു​വി​നെ കണ്ടപ്പോൾ അയാൾ അലറി​വി​ളി​ച്ചു​കൊണ്ട്‌ യേശുവിന്റെ മുന്നിൽ വീണു. അയാൾ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്ര​നായ യേശുവേ, അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌? ദയവു​ചെ​യ്‌ത്‌ എന്നെ ഉപദ്ര​വി​ക്ക​രു​തേ.”+ 29  (ആ മനുഷ്യ​നിൽനിന്ന്‌ പുറത്ത്‌ വരാൻ യേശു അശുദ്ധാത്മാവിനോടു* കല്‌പി​ച്ച​താ​യി​രു​ന്നു കാരണം. പല പ്രാവ​ശ്യം ആ അശുദ്ധാ​ത്മാവ്‌ അയാളെ ബാധിച്ചിരുന്നു.*+ എത്ര വട്ടം വിലങ്ങും ചങ്ങലക​ളും ഇട്ട്‌ ബന്ധിച്ച്‌ കാവലിൽ സൂക്ഷി​ച്ചി​ട്ടും അതെല്ലാം തകർത്ത അയാളെ ഭൂതം ഒറ്റപ്പെട്ട സ്ഥലങ്ങളി​ലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു.) 30  യേശു അയാ​ളോട്‌, “നിന്റെ പേര്‌ എന്താണ്‌” എന്നു ചോദി​ച്ച​പ്പോൾ, “ലഗ്യോൻ” എന്ന്‌ അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നിരുന്നു. 31  അഗാധ​ത്തി​ലേക്കു പോകാൻ തങ്ങളോ​ടു കല്‌പി​ക്ക​രു​തെന്ന്‌ അവ യേശു​വി​നോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 32  അവിടെ മലയിൽ വലി​യൊ​രു പന്നിക്കൂട്ടം+ മേയു​ന്നു​ണ്ടാ​യി​രു​ന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവ​ദി​ക്ക​ണ​മെന്ന്‌ അവ യേശു​വി​നോ​ടു കേണ​പേ​ക്ഷി​ച്ചു. യേശു അനുവാ​ദം കൊടു​ത്തു.+ 33  ആ മനുഷ്യ​നിൽനിന്ന്‌ പുറത്ത്‌ വന്ന ഭൂതങ്ങൾ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ തടാക​ത്തി​ലേക്കു ചാടി. അവയെ​ല്ലാം മുങ്ങി​ച്ചത്തു. 34  അവയെ മേയ്‌ച്ചി​രു​ന്നവർ ഇതു കണ്ടിട്ട്‌ ഓടി​ച്ചെന്ന്‌ നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ച്ചു. 35  സംഭവി​ച്ചത്‌ എന്താ​ണെന്ന്‌ അറിയാൻ ആളുകൾ വന്നു. അവർ യേശുവിന്റെ അടുത്ത്‌ എത്തിയ​പ്പോൾ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ വസ്‌ത്രം ധരിച്ച്‌ സുബോ​ധ​ത്തോ​ടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു+ കണ്ടു. അവർക്ക്‌ ആകെ പേടി​യാ​യി. 36  സംഭവം നേരിൽ കണ്ടവർ, ഭൂതബാ​ധി​ത​നായ മനുഷ്യൻ സുഖം പ്രാപിച്ചത്‌* എങ്ങനെ​യെന്ന്‌ അവർക്കു വിവരി​ച്ചു​കൊ​ടു​ത്തു. 37  ഗരസേ​ന്യ​ദേ​ശത്തെ കുറെ ആളുകൾ ചെന്ന്‌ യേശു​വി​നോട്‌ അവരുടെ നാട്ടിൽനിന്ന്‌ പോക​ണ​മെന്നു പറഞ്ഞു. കാരണം അവർ ആകെ പേടി​ച്ചു​പോ​യി​രു​ന്നു. അപ്പോൾ യേശു അവി​ടെ​നിന്ന്‌ പോകാൻവേണ്ടി വള്ളത്തിൽ കയറി. 38  പക്ഷേ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ തന്നെയും കൂടെ കൊണ്ടു​പോ​ക​ണ​മെന്നു യേശു​വി​നോ​ടു യാചി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞ്‌ അയാളെ തിരി​ച്ച​യച്ചു:+ 39  “നീ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളൂ! എന്നിട്ട്‌ ദൈവം നിനക്കു ചെയ്‌തു​ത​ന്ന​തൊ​ക്കെ മറ്റുള്ള​വരെ അറിയി​ക്കുക.” അങ്ങനെ, അയാൾ പോയി യേശു അയാൾക്കു ചെയ്‌തു​കൊ​ടുത്ത കാര്യങ്ങൾ നഗരത്തി​ലെ​ങ്ങും പ്രസി​ദ്ധ​മാ​ക്കി. 40  യേശു തിരി​ച്ചെ​ത്തി​യ​പ്പോൾ ജനക്കൂട്ടം യേശു​വി​നെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. എല്ലാവ​രും യേശു​വി​നെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.+ 41  അപ്പോൾ യായീ​റൊസ്‌ എന്നൊ​രാൾ അവിടെ വന്നു. സിനഗോഗിന്റെ അധ്യക്ഷ​ന്മാ​രിൽ ഒരാളാ​യി​രുന്ന അയാൾ യേശുവിന്റെ കാൽക്കൽ വീണ്‌ അയാളു​ടെ വീട്ടിൽ ചെല്ലണ​മെന്ന്‌ അപേക്ഷി​ച്ചു.+ 42  യായീറൊസിന്റെ ഒരേ ഒരു മകൾ അത്യാ​സ​ന്ന​നി​ല​യി​ലാ​യി​രു​ന്നു. അവൾക്ക്‌ ഏകദേശം 12 വയസ്സു​ണ്ടാ​യി​രു​ന്നു. യേശു പോകു​മ്പോൾ ജനക്കൂട്ടം യേശു​വി​നെ തിക്കി​ക്കൊ​ണ്ടി​രു​ന്നു. 43  രക്തസ്രാവം+ കാരണം 12 വർഷമാ​യി കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആർക്കും ആ സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്താൻ കഴിഞ്ഞി​രു​ന്നില്ല.+ 44  ആ സ്‌ത്രീ യേശുവിന്റെ പുറകി​ലൂ​ടെ ചെന്ന്‌ പുറങ്കുപ്പായത്തിന്റെ അറ്റത്ത്‌* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാ​വം നിലച്ചു. 45  അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദി​ച്ചു. എല്ലാവ​രും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോസ്‌ യേശു​വി​നോട്‌, “ഗുരുവേ, എത്രയോ ആളുക​ളാണ്‌ അങ്ങയെ തിക്കു​ന്നത്‌”+ എന്നു പറഞ്ഞു. 46  എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന്‌ ശക്തി+ പുറ​പ്പെ​ട്ടതു ഞാൻ അറിഞ്ഞു.” 47  ഇനി​യൊ​ന്നും മറച്ചു​വെ​ച്ചി​ട്ടു കാര്യ​മി​ല്ലെന്നു മനസ്സി​ലാ​ക്കിയ സ്‌ത്രീ വിറച്ചു​കൊണ്ട്‌ ചെന്ന്‌ യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട്‌ യേശു​വി​നെ തൊട്ടത്‌ എന്തിനാ​ണെ​ന്നും ഉടൻതന്നെ രോഗം മാറി​യത്‌ എങ്ങനെ​യെ​ന്നും എല്ലാവ​രും കേൾക്കെ വെളി​പ്പെ​ടു​ത്തി. 48  എന്നാൽ യേശു ആ സ്‌ത്രീ​യോ​ടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌.* സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.”+ 49  യേശു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ സിന​ഗോ​ഗി​ലെ അധ്യക്ഷന്റെ വീട്ടിൽനിന്ന്‌ ഒരാൾ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചു​പോ​യി. ഇനി, ഗുരു​വി​നെ ബുദ്ധി​മു​ട്ടി​ക്കേണ്ടാ.”+ 50  ഇതു കേട്ട്‌ യേശു യായീ​റൊ​സി​നോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെ​ടും.”+ 51  വീട്ടിൽ എത്തിയ​പ്പോൾ തന്റെകൂടെ അകത്തേക്കു കയറാൻ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും യാക്കോ​ബി​നെ​യും പെൺകു​ട്ടി​യു​ടെ മാതാ​പി​താ​ക്ക​ളെ​യും അല്ലാതെ മറ്റാ​രെ​യും യേശു അനുവ​ദി​ച്ചില്ല. 52  ആളുക​ളെ​ല്ലാം അവളെ​ച്ചൊ​ല്ലി വിലപി​ക്കു​ക​യും നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.”+ 53  ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി. കാരണം, അവൾ മരിച്ചു​പോ​യെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. 54  യേശു അവളുടെ കൈപി​ടിച്ച്‌, “കുഞ്ഞേ, എഴു​ന്നേൽക്കൂ!”*+ എന്നു പറഞ്ഞു. 55  അപ്പോൾ അവൾക്കു ജീവൻ തിരി​ച്ചു​കി​ട്ടി.+ ഉടനെ അവൾ എഴുന്നേറ്റു.+ അവൾക്ക്‌ എന്തെങ്കി​ലും കഴിക്കാൻ കൊടു​ക്കാൻ യേശു പറഞ്ഞു. 56  അവളുടെ മാതാ​പി​താ​ക്കൾക്കു സന്തോഷം അടക്കാ​നാ​യില്ല. എന്നാൽ, സംഭവി​ച്ചത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കല്‌പി​ച്ചു.+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
ഭൂതങ്ങളെ കുറി​ക്കു​ന്നു.
ഭൂതത്തെ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “കുറെ കാലമാ​യി അയാൾ അശുദ്ധാത്മാവിന്റെ പിടി​യി​ലാ​യി​രു​ന്നു.”
അഥവാ “രക്ഷപ്പെ​ട്ടത്‌.”
അഥവാ “തൊങ്ങ​ലിൽ.”
അഥവാ “രക്ഷിച്ചത്‌.”
അഥവാ “ഉണരൂ!”

പഠനക്കുറിപ്പുകൾ

പ്രസം​ഗി​ക്കു​ക: ഗ്രീക്കു​പ​ദ​ത്തി​ന്റെ പ്രധാ​നാർഥം “പരസ്യ​മാ​യി ഒരു കാര്യം അറിയി​ച്ചു​കൊണ്ട്‌ അതു ഘോഷി​ക്കുക” എന്നാണ്‌. സന്ദേശം അറിയി​ക്കുന്ന രീതി​ക്കാണ്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌. ഒരു കൂട്ടത്തെ അഭിസം​ബോ​ധന ചെയ്‌ത്‌ നടത്തുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കാൾ ഒരു കാര്യം എല്ലാവ​രോ​ടും പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തി​നെ​യാണ്‌ ഇതു പൊതു​വേ അർഥമാ​ക്കു​ന്നത്‌.

മഗ്‌ദ​ല​ക്കാ​രി എന്നു വിളി​ച്ചി​രുന്ന മറിയ: മഗ്‌ദ​ല​ക്കാ​രി മറിയ എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന ഈ സ്‌ത്രീ​യെ​ക്കു​റിച്ച്‌ ആദ്യമാ​യി പരാമർശി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ പ്രസം​ഗ​പ​ര്യ​ട​ന​ത്തി​ന്റെ രണ്ടാം വർഷ​ത്തെ​ക്കു​റിച്ച്‌ പറയുന്ന ഈ ഭാഗത്താണ്‌. മറ്റു മറിയ​മാ​രിൽനിന്ന്‌ ഈ മറിയയെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന മഗ്‌ദ​ല​ക്കാ​രി എന്ന വിശേ​ഷണം മഗ്‌ദല എന്ന സ്ഥലപ്പേ​രിൽനിന്ന്‌ വന്നതാ​കാം. ഗലീലക്കടലിന്റെ പടിഞ്ഞാ​റേ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി​ചെ​യ്യുന്ന ഈ പട്ടണത്തിന്റെ സ്ഥാനം കഫർന്നഹൂമിനും തിബെ​ര്യാ​സി​നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ അവയുടെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. ഇത്‌ ഈ മറിയ ജനിച്ചു​വ​ളർന്ന സ്ഥലമോ അപ്പോൾ താമസി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലമോ ആയിരി​ക്കാം എന്നു കരുത​പ്പെ​ടു​ന്നു. മഗ്‌ദ​ല​ക്കാ​രി മറിയ​യെ​ക്കു​റി​ച്ചുള്ള ഏറ്റവും ശ്രദ്ധേ​യ​മായ പരാമർശം കാണു​ന്നതു യേശു​വി​ന്റെ മരണ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറിച്ച്‌ വിവരി​ക്കുന്ന ഭാഗത്താണ്‌.​—മത്ത 27:55, 56, 61; മർ 15:40; ലൂക്ക 24:10; യോഹ 19:25.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡയകൊ​നെ​യോ എന്ന ഗ്രീക്കു​ക്രി​യ​യോ​ടു ബന്ധമുള്ള ഒരു ഗ്രീക്കു​നാ​മ​മാ​ണു ഡയാ​ക്കൊ​നൊസ്‌ (ശുശ്രൂ​ഷകൻ; സേവകൻ). മടുത്ത്‌ പിന്മാ​റാ​തെ മറ്റുള്ള​വർക്കു​വേണ്ടി താഴ്‌മ​യോ​ടെ സേവനം ചെയ്യു​ന്ന​വ​രെ​യാ​ണു ഡയാ​ക്കൊ​നൊസ്‌ എന്ന പദം കുറി​ക്കു​ന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഉൾപ്പെ​ടെ​യുള്ള ക്രിസ്‌തുവിന്റെ ശുശ്രൂ​ഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂ​ഷാ​ദാ​സ​ന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവ​രെ​യും വീട്ടു​ജോ​ലി​ക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാ​രി​കൾ (റോമ 13:4) എന്നിവ​രെ​യും കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

കൂസ: ഹെരോദ്‌ അന്തിപ്പാ​സി​ന്റെ കാര്യസ്ഥൻ. സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെരോ​ദി​ന്റെ വീട്ടു​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തി​യി​രു​ന്ന​യാൾ.

അവരെ ശുശ്രൂ​ഷി​ച്ചു​പോ​ന്നു: അഥവാ “അവർക്കു വേണ്ടതു നൽകി​പ്പോ​ന്നു.” ഡയകൊ​നെ​യോ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ഒരാൾക്കു വേണ്ട ആഹാര​സാ​ധ​നങ്ങൾ സംഘടി​പ്പി​ച്ചു​നൽകു​ന്ന​തോ അതു പാകം ചെയ്‌ത്‌ കൊടു​ക്കു​ന്ന​തോ വിളമ്പി​ക്കൊ​ടു​ക്കു​ന്ന​തോ പോലുള്ള ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നെ അർഥമാ​ക്കാ​നാ​കും. ഇതേ പദം സമാന​മാ​യൊ​രു അർഥത്തി​ലാണ്‌ ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്‌തു​ത​രുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും, ഒരാൾക്കു വ്യക്തി​പ​ര​മാ​യി ചെയ്‌തു കൊടു​ക്കുന്ന മറ്റു സേവന​ങ്ങ​ളെ​യും ഈ പദത്തിനു കുറി​ക്കാ​നാ​കും. 2-ഉം 3-ഉം വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന സ്‌ത്രീ​കൾ യേശുവിന്റെയും ശിഷ്യ​ന്മാ​രു​ടെ​യും ദൈവ​ദ​ത്ത​നി​യോ​ഗം പൂർത്തി​യാ​ക്കാൻ അവരെ സഹായി​ച്ചത്‌ ഏതു വിധത്തി​ലാ​ണെന്ന്‌ 3-ാം വാക്യം വിശദീ​ക​രി​ക്കു​ന്നു. ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തിയ അവരുടെ ഈ പ്രവൃ​ത്തി​യെ ദൈവം വിലമ​തി​ച്ചു. അതു​കൊ​ണ്ടാണ്‌ അവരുടെ ഉദാര​ത​യെ​യും ദയയെ​യും കുറിച്ച്‌ വരും​ത​ല​മു​റ​ക​ളെ​ല്ലാം വായി​ച്ചു​മ​ന​സ്സി​ലാ​ക്കാൻവേണ്ടി ദൈവം അതു ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യത്‌. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യ​ങ്ങ​ളി​ലും സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഇതേ ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ഇതി​നോ​ടു ബന്ധമുള്ള ഡയാ​ക്കൊ​നൊസ്‌ എന്ന നാമപ​ദ​ത്തെ​ക്കു​റിച്ച്‌ അറിയാൻ, ലൂക്ക 22:26-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗരസേന്യർ: മർ 5:1-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗരസേ​ന്യ​രു​ടെ നാട്‌: ഗലീലക്കടലിന്റെ മറുക​രെ​യുള്ള (കിഴക്കുള്ള) ഒരു പ്രദേശം. ഈ പ്രദേശത്തിന്റെ കൃത്യ​മായ അതിർത്തി​യോ ഇതു ശരിക്കും എവി​ടെ​യാ​യി​രു​ന്നെ​ന്നോ ഇന്നു നിശ്ചയ​മില്ല. ഗലീലക്കടലിന്റെ കിഴക്കേ തീരത്ത്‌, കുത്ത​നെ​യുള്ള മലഞ്ചെ​രി​വു​ക​ളോ​ടു ചേർന്നു​കി​ട​ക്കുന്ന കുർസി​ക്കു ചുറ്റു​മുള്ള പ്രദേ​ശ​മാ​ണു ‘ഗരസേ​ന്യ​രു​ടെ നാട്‌’ എന്നു ചിലർ കരുതു​ന്നു. എന്നാൽ ഗലീല​ക്ക​ട​ലിന്‌ 55 കി.മീ. തെക്കു​കി​ഴ​ക്കാ​യി സ്ഥിതി​ചെ​യ്യുന്ന ജരസ (ജരാഷ്‌) നഗരത്തി​നു ചുറ്റും വ്യാപി​ച്ചു​കി​ട​ക്കുന്ന ഒരു വലിയ ജില്ലയാ​യി​രു​ന്നു ഇതെന്നാ​ണു മറ്റു ചിലരു​ടെ അഭി​പ്രാ​യം. എന്നാൽ മത്ത 8:28-ൽ ഇതിനെ ‘ഗദരേ​ന​രു​ടെ നാട്‌’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (ഈ വാക്യ​ത്തി​ലെ ഗരസേ​ന്യർ എന്നതിന്റെ പഠനക്കു​റി​പ്പും മത്ത 8:28-ന്റെ പഠനക്കു​റി​പ്പും കാണുക.) ഇത്തരത്തിൽ വ്യത്യ​സ്‌ത​മായ പേരുകൾ കാണു​ന്നു​ണ്ടെ​ങ്കി​ലും അവ പൊതു​വിൽ ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മേഖല​യെ​ത്ത​ന്നെ​യാ​ണു കുറി​ക്കു​ന്നത്‌. ഒരുപക്ഷേ ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച്‌ ഭാഗം മറ്റേതിന്റെ അതിർത്തി​ക്കു​ള്ളി​ലേക്കു വ്യാപി​ച്ചു​കി​ട​ന്നി​രി​ക്കാം. മേൽപ്പ​റ​ഞ്ഞ​തിൽനിന്ന്‌ ഈ സംഭവ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ പരസ്‌പ​ര​വി​രു​ദ്ധമല്ല എന്നു മനസ്സി​ലാ​ക്കാം.​—അനു. എ7-ലെ “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.

ഗദരേ​ന​രു​ടെ നാട്‌: ഗലീല​ക്ക​ട​ലി​ന്റെ അക്കരെ​യുള്ള (കിഴക്കുള്ള) ഒരു പ്രദേശം. കടൽത്തീ​രം​മു​തൽ, 10 കി.മീ. അകലെ ഗദരവരെ ഇതു വ്യാപി​ച്ചു​കി​ട​ന്നി​രി​ക്കാം. അതു​കൊ​ണ്ടാ​യി​രി​ക്കാം ഗദരയിൽനിന്ന്‌ കണ്ടെടുത്ത നാണയ​ങ്ങ​ളിൽ മിക്ക​പ്പോ​ഴും കപ്പലിന്റെ ചിത്ര​മു​ള്ളത്‌. എന്നാൽ സംഭവം നടന്ന സ്ഥലത്തെ മർക്കോ​സും ലൂക്കോ​സും ‘ഗരസേ​ന്യ​രു​ടെ നാട്‌ ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (മർ 5:1-ന്റെ പഠനക്കു​റി​പ്പു കാണുക.) ഇതിൽ ഒരു പ്രദേ​ശ​ത്തി​ന്റെ കുറച്ച്‌ ഭാഗം മറ്റേതി​ന്റെ അതിർത്തി​ക്കു​ള്ളി​ലേക്കു വ്യാപി​ച്ചു​കി​ട​ന്നി​രു​ന്ന​താ​കാം ഇതിനു കാരണം.​—അനു. എ7-ലെ, “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.

ഗരസേന്യർ: ഈ സംഭവം വിവരിക്കുന്ന സമാന്തരവിവരണങ്ങളിൽ (മത്ത 8:28-34; മർ 5:1-20; ലൂക്ക 8:26-39) ഈ പേര്‌ ഒരുപോലെയല്ല കാണുന്നത്‌. ഇനി ഒരേ സുവിശേഷവിവരണത്തിന്റെതന്നെ പുരാതന കൈയെഴുത്തുപ്രതികൾ തമ്മിലും ഈ വ്യത്യാസമുണ്ട്‌. ലഭ്യമായിരിക്കുന്ന ഏറ്റവും വിശ്വസനീയമായ കൈയെഴുത്തുപ്രതികളനുസരിച്ച്‌, മത്തായി ഉപയോഗിച്ചതു ‘ഗദരേന്യർ’ എന്ന പദവും മർക്കോസും ലൂക്കോസും ഉപയോഗിച്ചതു ‘ഗരസേന്യർ’ എന്ന പദവും ആണ്‌. എന്നാൽ ഇതേ വാക്യത്തിലെ ഗരസേന്യരുടെ നാട്‌ എന്നതിന്റെ പഠനക്കുറിപ്പു നോക്കിയാൽ ഈ രണ്ടു പദങ്ങളും ഏതാണ്ട്‌ ഒരേ പ്രദേശത്തെയാണു കുറിക്കുന്നതെന്നു മനസ്സിലാക്കാം.

ഭൂതബാ​ധി​ത​നായ ഒരു മനുഷ്യൻ: മത്തായി (8:28) രണ്ടു പേരെ​ക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും മർക്കോ​സും (5:2) ലൂക്കോ​സും ഒരാ​ളെ​ക്കു​റിച്ച്‌ മാത്രമേ പറയു​ന്നു​ള്ളൂ. യേശു ആ വ്യക്തി​യോ​ടു സംസാ​രി​ച്ച​തു​കൊ​ണ്ടും അയാളു​ടെ പ്രശ്‌നം കൂടുതൽ ഗുരു​ത​ര​മാ​യി​രു​ന്ന​തു​കൊ​ണ്ടും ആയിരി​ക്കാം മർക്കോ​സും ലൂക്കോ​സും ഒരാ​ളെ​ക്കു​റിച്ച്‌ മാത്രം പറഞ്ഞി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ മനുഷ്യൻ കൂടുതൽ അക്രമാ​സ​ക്ത​നും മറ്റേ വ്യക്തി​യെ​ക്കാൾ കൂടുതൽ കാലം ഭൂതബാ​ധ​യാൽ വലഞ്ഞി​രു​ന്ന​യാ​ളും ആയിരു​ന്നി​രി​ക്കാം. ഇനി, ഒരുപക്ഷേ അവർ രണ്ടു പേരും സൗഖ്യ​മാ​യെ​ങ്കി​ലും ഇയാൾ മാത്ര​മാ​യി​രി​ക്കാം യേശു​വി​നെ അനുഗ​മി​ക്കാൻ തയ്യാറാ​യത്‌.​—ലൂക്ക 8:37-39.

അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യത്തിൽ ഇടപെടുന്നത്‌?: അഥവാ “എനിക്കും അങ്ങയ്‌ക്കും പൊതുവായിട്ട്‌ എന്താണുള്ളത്‌?” ഈ ചോദ്യത്തിന്റെ പദാനുപദപരിഭാഷ, “എനിക്കും അങ്ങയ്‌ക്കും എന്ത്‌ ” എന്നാണ്‌. ഈ സെമിറ്റിക്ക്‌ ഭാഷാശൈലി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (ന്യായ 11:12, അടിക്കുറിപ്പ്‌; യോശ 22:24; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥംവരുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിലുമുണ്ട്‌. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭമനുസരിച്ച്‌ ഈ ശൈലിയുടെ അർഥത്തിനു കുറച്ചൊക്കെ മാറ്റം വരാം. ഈ വാക്യത്തിൽ (മർ 5:7) ഇത്‌ എതിർപ്പിനെയും വിരോധത്തെയും ആണ്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇതിനെ, “എന്നെ ശല്യപ്പെടുത്തരുത്‌!” എന്നോ “എന്നെ വെറുതേ വിടൂ!” എന്നോ പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു സന്ദർഭങ്ങളിൽ ഈ പദപ്രയോഗം, കാഴ്‌ചപ്പാടിലോ അഭിപ്രായത്തിലോ ഉള്ള വ്യത്യാസത്തെ സൂചിപ്പിക്കാനോ നിർദേശിച്ച ഒരു കാര്യം ചെയ്യാനുള്ള വിസമ്മതത്തെ സൂചിപ്പിക്കാനോ ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ അത്‌ അവശ്യം പുച്ഛമോ അഹങ്കാരമോ എതിർപ്പോ ധ്വനിപ്പിക്കണമെന്നില്ല.​—യോഹ 2:4-ന്റെ പഠനക്കുറിപ്പു കാണുക.

അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌?: മർ 5:7-ന്റെ പഠനക്കു​റി​പ്പു കാണുക.

എന്നെ ഉപദ്ര​വി​ക്ക​രു​തേ: ഇതി​നോ​ടു ബന്ധപ്പെട്ട ഒരു ഗ്രീക്കു​പ​ദ​മാ​ണു മത്ത 18:34-ൽ ‘ജയില​ധി​കാ​രി​കൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘ഉപദ്ര​വി​ക്കുക’ എന്ന പദം, ലൂക്ക 8:31-ൽ കാണുന്ന ‘അഗാധ​ത്തിൽ’ അടയ്‌ക്കു​ന്ന​തി​നെ അഥവാ തളച്ചി​ടു​ന്ന​തി​നെ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.

ലഗ്യോൻ: സാധ്യതയനുസരിച്ച്‌ ഇതു ഭൂതബാധിതനായ ആ മനുഷ്യന്റെ യഥാർഥപേരായിരുന്നില്ല, മറിച്ച്‌ അയാളെ അനേകം ഭൂതങ്ങൾ ബാധിച്ചിരുന്നു എന്നതിന്റെ സൂചനയായിരുന്നിരിക്കാം. ആ ഭൂതങ്ങളുടെ തലവനായിരിക്കാം അയാളെക്കൊണ്ട്‌ തന്റെ പേര്‌ ലഗ്യോൻ എന്നാണെന്നു പറയിച്ചത്‌. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഒരു റോമൻ ലഗ്യോനിൽ പൊതുവേ 6,000-ത്തോളം പടയാളികളുണ്ടായിരുന്നതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ ഭൂതങ്ങളുടെ ഒരു വലിയ കൂട്ടംതന്നെ ആ വ്യക്തിയെ ബാധിച്ചിരുന്നു എന്നു നമുക്ക്‌ അനുമാനിക്കാം.​—മത്ത 26:53-ന്റെ പഠനക്കുറിപ്പു കാണുക.

ഞങ്ങളെ ഉപദ്ര​വി​ക്കാൻ: ഇതി​നോ​ടു ബന്ധപ്പെട്ട ഒരു ഗ്രീക്കു​പ​ദ​മാ​ണു മത്ത 18:34-ൽ ‘ജയില​ധി​കാ​രി​കൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘ഉപദ്ര​വി​ക്കുക’ എന്ന പദം, ലൂക്ക 8:31-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ കാണുന്ന ‘അഗാധ​ത്തിൽ’ അടയ്‌ക്കു​ന്ന​തി​നെ അഥവാ തളച്ചി​ടു​ന്ന​തി​നെ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.

അഗാധം: ഇവിടെ കാണുന്ന അബീ​സോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “അങ്ങേയറ്റം ആഴമുള്ള,” “അടി കാണാത്ത, അതിരി​ല്ലാത്ത” എന്നൊ​ക്കെ​യാണ്‌. ഒരു തടവറ​യെ​യോ തടവി​ലാ​യി​രി​ക്കുന്ന അവസ്ഥ​യെ​യോ ആണ്‌ ഈ പദം കുറി​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം ഒൻപതു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒന്ന്‌ ഈ വാക്യ​ത്തി​ലും മറ്റൊന്ന്‌ റോമ 10:7-ലും ഏഴെണ്ണം വെളി​പാട്‌ പുസ്‌ത​ക​ത്തി​ലും ആണ്‌ കാണു​ന്നത്‌. ഭാവി​യിൽ സാത്താനെ 1,000 വർഷ​ത്തേക്ക്‌ അഗാധ​ത്തിൽ അടയ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ വെളി 20:1-3-ലെ വിവരണം പറയു​ന്നുണ്ട്‌. തങ്ങളെ “അഗാധ​ത്തി​ലേക്ക്‌” അയയ്‌ക്ക​രു​തെന്നു ഭൂതങ്ങ​ളു​ടെ ആ കൂട്ടം യേശു​വി​നോ​ടു പറഞ്ഞ​പ്പോൾ അവരുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ ഭാവി​സം​ഭ​വ​മാ​യി​രി​ക്കാം. ലൂക്ക 8:28-ൽ, തന്നെ ‘ഉപദ്ര​വി​ക്ക​രുത്‌’ എന്നു ഭൂതങ്ങ​ളിൽ ഒരാൾ യേശു​വി​നോ​ടു പറയു​ന്നുണ്ട്‌. ഇനി, മത്ത 8:29-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ, “സമയത്തി​നു മുമ്പേ ഞങ്ങളെ ഉപദ്ര​വി​ക്കാൻ വന്നിരി​ക്കു​ക​യാ​ണോ” എന്നു ഭൂതങ്ങൾ യേശു​വി​നോ​ടു ചോദി​ക്കു​ന്ന​താ​യും രേഖ​പ്പെ​ടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഭൂതങ്ങൾ ഭയന്ന ആ ‘ഉപദ്രവം,’ സാധ്യ​ത​യ​നു​സ​രിച്ച്‌ ‘അഗാധ​ത്തി​ലെ’ ബന്ധനം അഥവാ തടവ്‌ ആണ്‌.​—പദാവ​ലി​യും മത്ത 8:29-ന്റെ പഠനക്കു​റി​പ്പും കാണുക.

ദൈവം നിനക്കു ചെയ്‌തു​ത​ന്ന​തൊ​ക്കെ മറ്റുള്ള​വരെ അറിയി​ക്കുക: തന്റെ അത്ഭുതങ്ങൾ പരസ്യ​മാ​ക്ക​രു​തെന്നു സാധാരണ പറയാ​റുള്ള യേശു (മർ 1:44; 3:12; 7:36; ലൂക്ക 5:14) ഇത്തവണ പക്ഷേ, നടന്ന​തെ​ല്ലാം വീട്ടു​കാ​രോ​ടു പറയാ​നാണ്‌ ഈ മനുഷ്യ​നോട്‌ ആവശ്യ​പ്പെ​ട്ടത്‌. എന്തു​കൊണ്ട്‌? യേശു​വി​നോട്‌ ആ പ്രദേശം വിട്ടു​പോ​കാൻ ആവശ്യ​പ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ യേശു​വിന്‌ അവരെ നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല എന്നതാ​യി​രി​ക്കാം ഒരു കാരണം. ഇനി, പന്നിക്കൂ​ട്ടം ചത്തൊ​ടു​ങ്ങി​യ​തു​മാ​യി ബന്ധപ്പെട്ട്‌ പ്രചരി​ച്ചേ​ക്കാ​വുന്ന കിംവ​ദ​ന്തി​കൾക്കു തടയി​ടാ​നും ആ മനുഷ്യ​ന്റെ സാക്ഷി​മൊ​ഴി ഉപകരി​ക്കു​മാ​യി​രു​ന്നു.

നഗരത്തി​ലെ​ങ്ങും: മർ 5:20-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ കാണു​ന്നതു “ദക്കപ്പൊ​ലി​യിൽ” എന്നാണ്‌. അതു​കൊണ്ട്‌ ഇവിടെ പറഞ്ഞി​രി​ക്കുന്ന നഗരം ദക്കപ്പൊ​ലി പ്രദേ​ശത്തെ ഒരു നഗരമാ​യി​രി​ക്കാ​നാ​ണു സാധ്യത.​—പദാവ​ലി​യിൽ “ദക്കപ്പൊ​ലി” കാണുക.

ഒരേ ഒരു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി മകനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല മകളുടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. നയിനി​ലെ വിധവ​യു​ടെ “ഒരേ ഒരു” മകനെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യേശു ഒരാളു​ടെ “ആകെയു​ള്ളൊ​രു” മകനിൽനിന്ന്‌ ഭൂതത്തെ പുറത്താ​ക്കി​യ​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 7:12; 9:38) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മകളേ: യേശു ഒരു സ്‌ത്രീയെ “മകളേ“ എന്നു നേരിട്ട്‌ വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭം. ആ സ്‌ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറയ്‌ക്കുന്നതു’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്‌. (മർ 5:33; ലൂക്ക 8:47) വാത്സല്യം തുളുമ്പുന്ന ഈ പ്രയോഗം ആ സ്‌ത്രീയോടുള്ള യേശുവിന്റെ ആർദ്രസ്‌നേഹവും കരുതലും എടുത്തുകാട്ടുന്നു. ഈ അഭിസംബോധന ആ സ്‌ത്രീയുടെ പ്രായത്തെക്കുറിച്ചുള്ള സൂചനകളൊന്നും തരുന്നില്ല.

ജീവൻ: അഥവാ “ആത്മാവ്‌; ജീവശക്തി; ശ്വാസം.” സാധ്യ​ത​യ​നു​സ​രിച്ച്‌, ന്യൂമ എന്ന ഗ്രീക്കു​പദം ഇവിടെ കുറി​ക്കു​ന്നതു ഭൂമി​യി​ലെ ജീവി​ക​ളിൽ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ജീവശ​ക്തി​യെ​യാണ്‌. അതിന്‌ ഇവിടെ, ശ്വാസം എന്ന അർഥം മാത്ര​വും വരാം.​—മത്ത 27:50-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാ​ഷ​യി​ലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസ​ത്തെ​യോ” “ജീവശ​ക്തി​യെ​യോ” കുറി​ക്കാ​നാ​കും. സമാന്ത​ര​വി​വ​ര​ണ​മായ മർ 15:37-ൽ എക്‌പ്‌നി​യോ (അക്ഷ. “ശ്വാസം പുറ​ത്തേ​ക്കു​വി​ടുക.”) എന്ന ഗ്രീക്കു​ക്രിയ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ വാദത്തെ പിന്താ​ങ്ങു​ന്നു. (അവിടെ ആ പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ “അന്ത്യശ്വാ​സം വലിച്ചു” എന്നാണ്‌.) സംഭവി​ക്കേ​ണ്ട​തെ​ല്ലാം പൂർത്തി​യാ​യ​തു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താ​നുള്ള പരി​ശ്രമം യേശു മനഃപൂർവം അവസാ​നി​പ്പി​ച്ചു എന്ന അർഥത്തി​ലാ​കാം മൂലഭാ​ഷ​യിൽ “ഏൽപ്പി​ച്ചു​കൊ​ടു​ത്തു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. (യോഹ 19:30) അതെ, യേശു മനസ്സോ​ടെ ‘മരണത്തോളം തന്റെ ജീവൻ ചൊരി​ഞ്ഞു.’​—യശ 53:12; യോഹ 10:11.

ദൃശ്യാവിഷ്കാരം

വീടു​ക​ളി​ലെ വിളക്കു​തണ്ട്‌
വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

ഇവിടെ കാണി​ച്ചി​രി​ക്കുന്ന വിളക്കു​തണ്ട്‌ (1) എഫെ​സൊ​സിൽനി​ന്നും ഇറ്റലി​യിൽനി​ന്നും കണ്ടെടുത്ത പുരാ​വ​സ്‌തു​ക്കളെ (ഒന്നാം നൂറ്റാ​ണ്ടിൽ ഉപയോ​ഗ​ത്തി​ലി​രു​ന്നത്‌.) ആധാര​മാ​ക്കി ഒരു ചിത്ര​കാ​രൻ വരച്ചതാണ്‌. വീടു​ക​ളിൽ ഉപയോ​ഗി​ച്ചി​രുന്ന ഇത്തരം വിളക്കു​ത​ണ്ടു​കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ സമ്പന്നരു​ടെ ഭവനങ്ങ​ളി​ലാ​ണു കണ്ടിരു​ന്നത്‌. അത്ര സാമ്പത്തി​ക​സ്ഥി​തി ഇല്ലാത്ത​വ​രു​ടെ വീടു​ക​ളിൽ, വിളക്കു ചുവരി​ലെ ഒരു പൊത്തിൽ വെക്കു​ക​യോ (2) മച്ചിൽനിന്ന്‌ തൂക്കി​യി​ടു​ക​യോ മണ്ണു​കൊ​ണ്ടോ തടി​കൊ​ണ്ടോ ഉണ്ടാക്കിയ ഒരു വിളക്കു​ത​ണ്ടിൽ വെക്കു​ക​യോ ആണ്‌ ചെയ്‌തി​രു​ന്നത്‌.

ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം
ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ചില പുരാ​വ​സ്‌തു​ക്കളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്രം വരച്ചി​രി​ക്കു​ന്നത്‌. ഗലീല​ക്ക​ട​ലി​ന്റെ തീരത്തിന്‌ അടുത്ത്‌ ചെളി​യിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശി​ഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോ​ര​പ്പ​ട്ട​ണ​ത്തി​ലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാ​ര​പ്പണി എന്നിവ​യാണ്‌ അതിന്‌ ആധാരം. പായ്‌മ​ര​വും പായും പിടി​പ്പി​ച്ചി​രുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാ​രും ഒരു അമരക്കാ​ര​നും ഉൾപ്പെടെ അഞ്ചു ജോലി​ക്കാർ ഉണ്ടായി​രു​ന്നി​രി​ക്കാം. അമരക്കാ​രനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമു​ണ്ടാ​യി​രുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാ​ഗത്ത്‌ 2.5 മീ (8 അടി) വീതി​യും 1.25 മീ. (4 അടി) ഉയരവും ഉണ്ടായി​രു​ന്നി​രി​ക്കാം. കുറഞ്ഞത്‌ 13 പേരെ​ങ്കി​ലും ഇതിൽ കയറു​മാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു.

ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം
ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ച​യിൽ ഗലീല​ക്ക​ട​ലി​ലെ ജലനി​രപ്പു താഴ്‌ന്ന​പ്പോൾ ചെളി​യിൽ ആണ്ടുകി​ടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളി​ഞ്ഞു​വന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും പുറ​ത്തെ​ടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതി​യും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായി​രു​ന്നു. ഇതു നിർമി​ച്ചതു ബി.സി. ഒന്നാം നൂറ്റാ​ണ്ടി​നും എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​നും ഇടയ്‌ക്കാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇന്ന്‌ അത്‌ ഇസ്രാ​യേ​ലി​ലെ ഒരു മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷം​മുമ്പ്‌ അത്‌ ഉപയോ​ഗ​ത്തി​ലി​രു​ന്ന​പ്പോ​ഴത്തെ രൂപം പുനഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌ ഈ വീഡി​യോ​യിൽ.

ഗലീല​ക്ക​ട​ലി​ന്റെ കിഴക്കുള്ള കിഴു​ക്കാം​തൂ​ക്കായ പ്രദേശം
ഗലീല​ക്ക​ട​ലി​ന്റെ കിഴക്കുള്ള കിഴു​ക്കാം​തൂ​ക്കായ പ്രദേശം

ഗലീല​ക്ക​ട​ലി​ന്റെ കിഴക്കേ തീരത്തു​വെ​ച്ചാണ്‌ യേശു രണ്ടു പുരു​ഷ​ന്മാ​രിൽനിന്ന്‌ ഭൂതങ്ങളെ പുറത്താ​ക്കി അവയെ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയച്ചത്‌.