വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ആമുഖം

പരിശു​ദ്ധ​ബൈ​ബിൾ—ദൈവ​ത്തി​നു നമ്മളോ​ടു പറയാ​നു​ള്ളത്‌ എഴുതി​ത്ത​ന്നി​രി​ക്കുന്ന ഗ്രന്ഥം! ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വി​നെ അറിയാൻ നമ്മൾ അതു പഠിക്കണം. (യോഹ​ന്നാൻ 17:3; 2 തിമൊ​ഥെ​യൊസ്‌ 3:16) ദൈവ​മായ യഹോവ മനുഷ്യ​രെ​യും ഭൂഗൃ​ഹ​ത്തെ​യും കുറി​ച്ചുള്ള ഉദ്ദേശ്യം ബൈബി​ളി​ന്റെ താളു​ക​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—ഉൽപത്തി 3:15; വെളി​പാട്‌ 21:3, 4.

ആളുക​ളു​ടെ ജീവി​തത്തെ ഇത്രയ​ധി​കം സ്വാധീ​നി​ച്ചി​ട്ടുള്ള മറ്റൊരു പുസ്‌ത​ക​വു​മില്ല. യഹോ​വ​യു​ടെ ഗുണങ്ങ​ളായ സ്‌നേഹം, കരുണ, അനുകമ്പ എന്നിവ ജീവി​ത​ത്തിൽ പകർത്താൻ ബൈബിൾ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. ബൈബിൾ പ്രത്യാശ പകരുന്നു; അതിക​ഠി​ന​മായ ദുരി​ത​ങ്ങ​ളിൽപ്പോ​ലും പിടി​ച്ചു​നിൽക്കാൻ ആളുകളെ സഹായി​ക്കു​ന്നു. പരിപൂർണ​മായ ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ല​ല്ലാത്ത ഈ ലോക​ത്തി​ലെ ഘടകങ്ങൾ ബൈബിൾ തുറന്നു​കാ​ട്ടു​ന്നു.—സങ്കീർത്തനം 119:105; എബ്രായർ 4:12; 1 യോഹ​ന്നാൻ 2:15-17.

എബ്രായ, അരമായ, ഗ്രീക്ക്‌ എന്നീ ഭാഷക​ളി​ലാ​ണു ബൈബിൾ ആദ്യം രചിച്ചത്‌. ഇപ്പോൾ അതു പൂർണ​മാ​യോ ഭാഗി​ക​മാ​യോ 3,000-ത്തിലേറെ ഭാഷക​ളിൽ പരിഭാഷ ചെയ്‌തി​രി​ക്കു​ന്നു. ചരി​ത്ര​ത്തിൽ ഏറ്റവും അധികം വിവർത്തനം ചെയ്‌തി​രി​ക്കു​ന്ന​തും വിതരണം ചെയ്‌തി​രി​ക്കു​ന്ന​തും ബൈബി​ളാണ്‌. മറ്റൊരു പുസ്‌ത​ക​വും അതിന്‌ അടു​ത്തെ​ങ്ങും എത്തില്ല. അതിൽ അതിശ​യി​ക്കാൻ ഒന്നുമില്ല. കാരണം ബൈബിൾപ്ര​വ​ചനം ഇതാണ്‌: “ദൈവ​രാ​ജ്യ​ത്തി​ന്റെ (ബൈബി​ളി​ലെ മുഖ്യ​സ​ന്ദേശം ഇതാണ്‌.) ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.

ബൈബി​ളി​ലെ സന്ദേശ​ത്തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റിഞ്ഞ ഞങ്ങളുടെ ലക്ഷ്യം ഇതായി​രു​ന്നു: മൂലപാ​ഠ​ത്തോ​ടു പറ്റിനിൽക്കു​ന്ന​തും അതേസ​മയം, വ്യക്തവും എളുപ്പ​ത്തിൽ വായി​ക്കാ​നാ​കു​ന്ന​തും ആയ ഒരു പരിഭാഷ പുറത്തി​റ​ക്കുക. പിൻപ​റ്റി​യി​രി​ക്കുന്ന ചില പരിഭാ​ഷാ​ത​ത്ത്വ​ങ്ങ​ളും ഈ പതിപ്പി​ന്റെ പ്രത്യേ​ക​ത​ക​ളും, അനുബ​ന്ധ​ത്തി​ലുള്ള “ബൈബിൾപ​രി​ഭാ​ഷ​യിൽ പിൻപ​റ്റിയ തത്ത്വങ്ങൾ,” “ഈ പരിഭാ​ഷ​യു​ടെ പ്രത്യേ​ക​തകൾ,” “ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്‌” എന്നീ ലേഖന​ങ്ങ​ളിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്നു.

ദൈവ​മാ​യ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആരാധി​ക്കു​ക​യും ചെയ്യു​ന്നവർ ദൈവ​വ​ച​ന​ത്തി​ന്റെ കൃത്യ​ത​യു​ള്ള​തും എളുപ്പം മനസ്സി​ലാ​കു​ന്ന​തും ആയ ഒരു പരിഭാഷ ആഗ്രഹി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:4) പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഈ പതിപ്പു കഴിയു​ന്നത്ര ഭാഷക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തുക എന്നതാണു ഞങ്ങളുടെ ഉദ്ദേശ്യം. അതിന്റെ ഭാഗമാ​യി ഇപ്പോൾ ഇതാ മലയാ​ള​ത്തി​ലും! പ്രിയ വായന​ക്കാ​രാ, ‘ദൈവത്തെ അന്വേ​ഷി​ക്കാ​നും കണ്ടെത്താ​നും’ ശ്രമി​ക്കു​മ്പോൾ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഈ പതിപ്പിൽനി​ന്ന്‌ താങ്കൾക്കു പ്രയോ​ജനം ലഭിക്കു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. അതുത​ന്നെ​യാ​ണു ഞങ്ങളുടെ പ്രാർഥ​ന​യും.—പ്രവൃ​ത്തി​കൾ 17:27.

പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി