ടെൻഷനെ വരുതിയിലാക്കാൻ!
എന്താണ് ടെൻഷൻ?
ഒരു വിഷമകരമായ സാഹചര്യത്തെ നേരിടാനുള്ള ശരീരത്തിന്റെ തയ്യാറെടുപ്പാണ് ടെൻഷൻ അഥവാ സമ്മർദം ആയി നമുക്ക് അനുഭവപ്പെടുന്നത്. ആ സമയത്ത് തലച്ചോർ, ഹോർമോണുകളെ ശരീരം മുഴുവൻ വ്യാപിപ്പിക്കുന്നു. അപ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദം വർധിക്കുകയും ചെയ്യും. ശ്വാസോച്ഛ്വാസത്തിന്റെ വേഗത കൂടുകയോ കുറയുകയോ ചെയ്തേക്കാം. പേശികൾ വലിഞ്ഞുമുറുകും. എന്താണു സംഭവിക്കാൻ പോകുന്നത് എന്നു മുഴുവനായി മനസ്സിലാക്കുന്നതിനു മുമ്പേ നിങ്ങളുടെ ശരീരം പ്രവർത്തനത്തിനു തയ്യാറെടുത്തിട്ടുണ്ടാകും. പിന്നീടു സമ്മർദത്തിന് ഇടയാക്കുന്ന കാര്യങ്ങൾ തീർന്നുകഴിയുമ്പോൾ നിങ്ങളുടെ ശരീരം പൂർവസ്ഥിതിയിലാകും.
‘നല്ല ടെൻഷനും ചീത്ത ടെൻഷനും’
ടെൻഷൻ അഥവാ സമ്മർദം എന്നതു നിങ്ങളുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ്. അപകടകരമായ സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള ഒരു തയ്യാറെടുപ്പാണ് അത്. തലച്ചോറിൽനിന്നാണ് അതിന്റെ തുടക്കം. ചില സന്ദർഭങ്ങളിൽ അത്തരം പ്രതികരണം നല്ലതാണ്. കാരണം അതു നിങ്ങളെ പെട്ടെന്നു പ്രവർത്തിക്കാനും പ്രതികരിക്കാനും പ്രാപ്തരാക്കുന്നു. ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും നല്ല പ്രകടനം കാഴ്ചവെക്കാനും ഒരളവുവരെ അതു നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, പരീക്ഷയിലും ജോലിക്കുള്ള അഭിമുഖത്തിലും മറ്റും നല്ല പ്രകടനം കാഴ്ചവെക്കാനോ ഏതെങ്കിലും കളികളിൽ പങ്കെടുക്കുമ്പോഴോ ഒക്കെ നമുക്ക് അതൊരു മുതൽക്കൂട്ടായേക്കാം.
എന്നാൽ നീണ്ടുനിൽക്കുന്ന, കടുത്ത ടെൻഷൻ നിങ്ങളുടെ ശരീരത്തിനു ദോഷം ചെയ്യും. കൂടെക്കൂടെ തുടർച്ചയായി നിങ്ങൾ “വലിയ സമ്മർദത്തിൽ” ആകുമ്പോൾ ശാരീരികവും വൈകാരികവും മാനസികവും ആയ പ്രയാസങ്ങൾ നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ പെരുമാറ്റത്തിനും മറ്റുള്ളവരോട് ഇടപെടുന്ന രീതിക്കും ഒക്കെ മാറ്റം വന്നേക്കാം. നീണ്ടുനിൽക്കുന്ന ടെൻഷൻ മറക്കാൻ പലരും അമിതമായി കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ചിലർ പുകവലിക്കും മയക്കുമരുന്നിനും മറ്റു ദുശ്ശീലങ്ങൾക്കും അടിമകളായിരിക്കുന്നു. ചിലർക്ക് എല്ലാത്തിനോടും വിരക്തി തോന്നും. മറ്റു ചിലരെ അതു വിഷാദരോഗത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.
എല്ലാവരെയും ഒരേ വിധത്തിലായിരിക്കില്ല ടെൻഷൻ ബാധിക്കുന്നതെങ്കിലും പൊതുവേ അതു പല തരം രോഗങ്ങൾക്കു കാരണമാകാറുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തെയുംതന്നെ അതിനു ബാധിക്കാൻ കഴിയും.