വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അലീസ

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—തുർക്കി

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—തുർക്കി

‘ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത’ കഴിയു​ന്നി​ട​ത്തോ​ളം ആളുകളെ അറിയി​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ശരിക്കും കഠിനാ​ധ്വാ​നം ചെയ്‌തു. (മത്താ. 24:14) അതിനു​വേണ്ടി ചിലർ വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​പോ​ലും പോയി. ഉദാഹ​ര​ണ​ത്തിന്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്‍റെ മിഷന​റി​യാ​ത്ര​ക​ളിൽ ഇന്നത്തെ തുർക്കി സ്ഥിതി ചെയ്യുന്ന പ്രദേ​ശത്ത്‌ പോകു​ക​യും അവിടെ വ്യാപ​ക​മാ​യി സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്‌തു. * 2,000-ത്തോളം വർഷങ്ങൾക്കു ശേഷം 2014-‍ാ‍ം ആണ്ടിൽ തുർക്കി ഒരിക്കൽക്കൂ​ടി ഒരു പ്രത്യേക പ്രചാരണ പരിപാ​ടി​യു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീർന്നു. എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു ആ പ്രചാരണ പരിപാ​ടി? ആരാണ്‌ അതിൽ പങ്കുപ​റ്റി​യത്‌?

“എന്താണ്‌ ഇവിടെ നടക്കു​ന്നത്‌?”

തുർക്കി​യിൽ 2,800-ലധികം പ്രചാ​ര​ക​രുണ്ട്. എന്നാൽ അവിടത്തെ ജനസംഖ്യ ഏകദേശം 7 കോടി 90 ലക്ഷം വരും. അനുപാ​തം നോക്കി​യാൽ ഒരു പ്രചാ​രകൻ ഏകദേശം 28,000 പേരോ​ടു സാക്ഷീ​ക​രി​ക്കണം. അതു​കൊ​ണ്ടു​തന്നെ ആ രാജ്യത്തെ കുറച്ച് ആളുക​ളോ​ടു മാത്രമേ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പ്രചാ​ര​കർക്കു കഴിഞ്ഞി​ട്ടു​ള്ളൂ. ചുരു​ങ്ങിയ സമയം​കൊണ്ട് കഴിയു​ന്നി​ട​ത്തോ​ളം ആളുകളെ സത്യം അറിയി​ക്കുക എന്നതാ​യി​രു​ന്നു ഈ പ്രത്യേക പ്രചാരണ പരിപാ​ടി​യു​ടെ ഉദ്ദേശ്യം. ടർക്കിഷ്‌ ഭാഷ സംസാ​രി​ക്കുന്ന ഏതാണ്ട് 550 പേർ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന് തുർക്കി​യി​ലേക്കു വരുക​യും അവിടത്തെ പ്രചാ​ര​ക​രോ​ടൊ​പ്പം ഈ പ്രത്യേ​ക​വേ​ല​യിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. എന്തായി​രു​ന്നു അതിന്‍റെ പ്രയോ​ജ​നങ്ങൾ?

വ്യാപ​ക​മാ​യി സാക്ഷ്യം കൊടു​ത്തു. ഇസ്‌താം​ബൂ​ളി​ലുള്ള ഒരു സഭ ഇങ്ങനെ എഴുതി: “ഞങ്ങളെ കണ്ട് ആളുകൾ ചോദി​ച്ചു: ‘ഇവിടെ പ്രത്യേക കൺ​വെൻ​ഷൻ വല്ലതും നടക്കു​ന്നു​ണ്ടോ? നോക്കു​ന്നി​ട​ത്തെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണ​ല്ലോ.’” ഇസ്‌മീർ എന്ന പട്ടണത്തി​ലെ സഭ ഇങ്ങനെ എഴുതി: “ഒരു ടാക്‌സി സ്റ്റാന്‍റിൽ ജോലി ചെയ്‌തി​രു​ന്ന​യാൾ ഒരു മൂപ്പൻ സഹോ​ദ​ര​നോ​ടു ചോദി​ച്ചു: ‘എന്താണ്‌ ഇവിടെ നടക്കു​ന്നത്‌? നിങ്ങൾ എന്താ, പ്രവർത്തനം കൂട്ടി​യോ?’” അതെ, പ്രചാരണ പരിപാ​ടി ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പറ്റി.

സ്റ്റീഫൻ

വിദേ​ശ​ത്തു​നിന്ന് വന്ന സഹോ​ദ​ര​ങ്ങ​ളും ഇതു നന്നായി ആസ്വദി​ച്ചു. ഡെന്മാർക്കിൽനിന്ന് വന്ന സ്റ്റീഫൻ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യെ​ക്കു​റിച്ച് മുമ്പ് ഒരിക്ക​ലും കേട്ടി​ട്ടി​ല്ലാത്ത ആരെ​യെ​ങ്കി​ലു​മൊ​ക്കെ ഞാൻ എന്നും കണ്ടുമു​ട്ടി​യി​രു​ന്നു. അവരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എനിക്കാ​യി. എന്‍റെ പ്രവർത്ത​ന​ത്തി​ലൂ​ടെ യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​കു​ന്നു​ണ്ടെന്ന് എനിക്കു ശരിക്കും തോന്നി.” ഫ്രാൻസിൽനിന്ന് വന്ന ഴാൻ ഡേവിഡ്‌ ഇങ്ങനെ പറഞ്ഞു: “ഒരു തെരു​വിൽത്തന്നെ ഞങ്ങൾ മണിക്കൂ​റു​ക​ളോ​ളം സാക്ഷീ​ക​രി​ച്ചു. എന്തു രസമാ​യി​രു​ന്നെ​ന്നോ! മിക്കവർക്കും യഹോ​വ​യു​ടെ സാക്ഷി​കളെ അറിയി​ല്ലാ​യി​രു​ന്നു. ഏതാണ്ട് എല്ലാ വീടു​ക​ളി​ലും ഞങ്ങൾക്കു സംസാ​രി​ക്കാൻ കഴിഞ്ഞു. നമ്മുടെ ഏതെങ്കി​ലു​മൊ​രു വീഡി​യോ കാണി​ക്കാ​നും പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കാ​നും ഞങ്ങൾക്കു സാധിച്ചു.”

ഴാൻ ഡേവിഡ്‌ (നടുക്ക്)

വെറും രണ്ട് ആഴ്‌ച​കൊണ്ട് ഏകദേശം 60,000 പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആളുകൾക്കു നൽകാൻ ആ 550 പേർക്കു കഴിഞ്ഞു. തീർച്ച​യാ​യും പ്രചാരണ പരിപാ​ടി ഒരു വൻസാ​ക്ഷ്യ​മാ​യി​രു​ന്നു.

ശുശ്രൂ​ഷ​യി​ലു​ള്ള ഉത്സാഹം വർധിച്ചു. ഈ പ്രത്യേക പരിപാ​ടി അന്നാട്ടു​കാ​രായ പല സഹോ​ദ​ര​ങ്ങൾക്കും ഉത്തേജനം പകർന്നു. പലരും മുഴു​സ​മ​യ​സേ​വ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ക്കാൻ തുടങ്ങി. പ്രചാരണ പരിപാ​ടി​ക്കു ശേഷമുള്ള 12 മാസം​കൊണ്ട് തുർക്കി​യി​ലെ സാധാരണ മുൻനി​ര​സേ​വ​ക​രു​ടെ എണ്ണം 24 ശതമാ​ന​മാ​ണു വർധി​ച്ചത്‌.

ഷീരൻ

ഈ പ്രത്യേക പ്രചാരണ പരിപാ​ടി​യിൽനിന്ന് പ്രചോ​ദനം ഉൾക്കൊ​ണ്ടാ​ണു വിദേ​ശ​ത്തു​നി​ന്നുള്ള സഹോ​ദ​രങ്ങൾ സ്വന്തം നാട്ടി​ലേക്കു തിരി​ച്ചു​പോ​യത്‌. ജർമനി​യിൽനിന്ന് വന്ന ഷീരൻ എന്ന സഹോ​ദരി ഇങ്ങനെ എഴുതി: “തുർക്കി​യി​ലെ സഹോ​ദ​രങ്ങൾ എത്ര എളുപ്പ​ത്തി​ലാണ്‌ അനൗപ​ചാ​രി​ക​സാ​ക്ഷീ​ക​രണം നടത്തു​ന്ന​തെ​ന്നോ! പക്ഷേ ആ രീതി എനിക്കു ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ ഈ പ്രത്യേക പ്രചാരണ പരിപാ​ടി​യിൽ പങ്കെടു​ത്ത​തും അവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല മാതൃക കണ്ടതും പലവട്ടം പ്രാർഥി​ച്ച​തും എന്നെ സഹായി​ച്ചു. മുമ്പ് എന്നെ​ക്കൊണ്ട് പറ്റാതി​രു​ന്നത്‌ ഇപ്പോൾ എനിക്കു സാധി​ക്കു​ന്നുണ്ട്. റെയിൽവേ​സ്റ്റേ​ഷ​നിൽപ്പോ​ലും സാക്ഷീ​ക​രി​ക്കാ​നും ലഘു​ലേ​ഖകൾ കൊടു​ക്കാ​നും എനിക്കു കഴിഞ്ഞു. എനിക്കു പഴയതു​പോ​ലെ മടിയും ലജ്ജയും തോന്നാ​റില്ല.”

ജോഹാനസ്‌

ജർമനി​യിൽനിന്ന് വന്ന ജോഹാ​നസ്‌ പറയുന്നു: “എന്‍റെ ശുശ്രൂ​ഷ​യിൽ ഉപകാ​ര​പ്പെ​ടുന്ന കുറെ കാര്യങ്ങൾ ഞാൻ പഠിച്ചു. കഴിയു​ന്നി​ട​ത്തോ​ളം ആളുകളെ സത്യം അറിയി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​ണു തുർക്കി​യി​ലെ സഹോ​ദ​രങ്ങൾ. കിട്ടുന്ന അവസര​ങ്ങ​ളി​ലെ​ല്ലാം അവർ സാക്ഷീ​ക​രി​ക്കാ​റുണ്ട്. ജർമനി​യി​ലേക്കു മടങ്ങി​യാ​ലും അതുതന്നെ ചെയ്യു​മെന്ന് അന്നു ഞാൻ തീരു​മാ​നി​ച്ചു. ഇപ്പോൾ മുമ്പ​ത്തേ​തി​നെ​ക്കാൾ കൂടുതൽ ആളുക​ളോ​ടു ഞാൻ സംസാ​രി​ക്കാ​റുണ്ട്.”

സേനപ്‌

“ഈ പ്രചാരണ പരിപാ​ടി എന്‍റെ ശുശ്രൂ​ഷയെ കാര്യ​മാ​യി സ്വാധീ​നി​ച്ചു. എന്‍റെ ധൈര്യം കൂടി. മുമ്പ​ത്തേ​തി​ലും യഹോ​വ​യിൽ ആശ്രയി​ക്കാ​നും അത്‌ എന്നെ സഹായി​ച്ചു” എന്ന് ഫ്രാൻസിൽനി​ന്നുള്ള സേനപ്‌ പറയുന്നു.

പ്രചാ​ര​കർ തമ്മിൽ കൂടുതൽ അടുത്തു. വ്യത്യ​സ്‌ത​രാ​ജ്യ​ങ്ങ​ളിൽനിന്ന് വന്ന സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും ഐക്യ​വും ഒരു മായാത്ത മുദ്ര പതിപ്പി​ച്ചു. മുമ്പ് പരാമർശിച്ച ഴാൻ ഡേവിഡ്‌ ഇങ്ങനെ പറയുന്നു: “സഹോ​ദ​ര​ങ്ങ​ളു​ടെ ആതിഥ്യം ഞങ്ങൾ ശരിക്കും ‘രുചി​ച്ച​റി​ഞ്ഞു.’ ഞങ്ങൾ നല്ല കൂട്ടു​കാ​രാ​യി. കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാണ്‌ അവർ ഞങ്ങളെ കണ്ടത്‌. അവർ ഞങ്ങൾക്കാ​യി വാതി​ലു​കൾ തുറന്നി​ട്ടു. നമ്മൾ ഒരു അന്തർദേ​ശീ​യ​സ​ഹോ​ദ​ര​സ​മൂ​ഹ​ത്തി​ന്‍റെ ഭാഗമാ​ണെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. പലവട്ടം ഞാൻ അതു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വായി​ച്ചി​ട്ടു​മുണ്ട്. പക്ഷേ ഇപ്പോ​ഴാ​ണു ഞാൻ അത്‌ അനുഭ​വി​ച്ച​റി​ഞ്ഞത്‌. യഹോ​വ​യു​ടെ ജനത്തിലെ അംഗമാ​യി​രി​ക്കു​ന്ന​തിൽ ഇപ്പോൾ ഞാൻ കൂടുതൽ അഭിമാ​നി​ക്കു​ന്നു. ഈ മഹത്തായ പദവി തന്നതിനു ഞാൻ യഹോ​വ​യ്‌ക്കു നന്ദി പറയു​ക​യാണ്‌.”

ക്ലെയർ (നടുക്ക്)

“ജർമനി, ഡെന്മാർക്ക്, തുർക്കി, ഫ്രാൻസ്‌ എന്നിങ്ങനെ പല രാജ്യ​ങ്ങ​ളിൽനി​ന്നാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങളെ​ല്ലാം ഒറ്റ കുടും​ബ​മാ​യി​രു​ന്നു. ഒരു വലിയ റബ്ബർകൊണ്ട് ദൈവം ദേശീ​യാ​തിർത്തി​കൾ മായ്‌ച്ചു​ക​ള​ഞ്ഞ​തു​പോ​ലെ തോന്നി.” ഫ്രാൻസിൽനി​ന്നുള്ള ക്ലെയറി​ന്‍റെ വാക്കു​ക​ളാണ്‌ ഇത്‌.

സ്റ്റെഫാനി (നടുക്ക്)

ഫ്രാൻസിൽനി​ന്നു​ത​ന്നെ​യുള്ള സ്റ്റെഫാനി ഇങ്ങനെ പറയുന്നു: “സംസ്‌കാ​ര​മോ ഭാഷയോ ഒന്നുമല്ല, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​ണു നമ്മളെ ഒന്നിപ്പി​ച്ചു​നി​റു​ത്തു​ന്നത്‌ എന്ന് ഈ പ്രത്യേക പ്രചാരണ പരിപാ​ടി ഞങ്ങളെ പഠിപ്പി​ച്ചു.”

ദീർഘ​കാ​ല​പ്ര​യോ​ജ​നങ്ങൾ

തുർക്കി​യിൽ ഇനിയും ധാരാളം ചെയ്‌തു​തീർക്കാ​നുണ്ട്. അതിൽ സഹായി​ക്കാ​നാ​യി അവി​ടേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ഈ പ്രചാരണ പരിപാ​ടി​യിൽ പങ്കുപ​റ്റിയ വിദേ​ശി​ക​ളായ പല സഹോ​ദ​ര​ങ്ങ​ളും ചിന്തി​ക്കാൻ തുടങ്ങി. ചിലർ ഇതി​നോ​ടകം അവി​ടേക്കു മാറി​ക്ക​ഴി​ഞ്ഞു. ഇവരുടെ സന്നദ്ധമ​നോ​ഭാ​വത്തെ അഭിന​ന്ദി​ച്ചേ മതിയാ​കൂ.

ഉദാഹ​ര​ണ​ത്തിന്‌, 25 പ്രചാ​ര​ക​രുള്ള ഒറ്റപ്പെട്ട ഒരു ഗ്രൂപ്പി​ന്‍റെ കാര്യ​മെ​ടു​ക്കുക. വർഷങ്ങ​ളാ​യി അവിടെ ഒരു മൂപ്പനേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ഈ ഗ്രൂപ്പി​നെ പിന്തു​ണ​യ്‌ക്കാൻ ജർമനി​യിൽനി​ന്നും നെതർലൻഡ്‌സിൽനി​ന്നും ഉള്ള ആറു സഹോ​ദ​രങ്ങൾ 2015-ൽ അവി​ടേക്കു മാറി​ത്താ​മ​സി​ച്ച​പ്പോൾ അവി​ടെ​യുള്ള പ്രചാ​ര​കർക്ക് എത്ര സന്തോ​ഷ​മാ​യി​ക്കാ​ണും!

മുൻനി​ര​യിൽ സേവി​ക്കു​ന്നു

തുർക്കി​യി​ലെ ആവശ്യം കണക്കി​ലെ​ടുത്ത്‌ അവി​ടേക്കു മാറി​ത്താ​മ​സിച്ച സഹോ​ദ​രങ്ങൾ അവിടത്തെ ജീവി​ത​ത്തെ​ക്കു​റിച്ച് എന്തു പറയുന്നു? അവർക്കു ചില ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ തോന്നാ​റുണ്ട് എന്നതു ശരിയാണ്‌. എന്നാൽ ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു ധാരാളം പ്രതി​ഫ​ല​ങ്ങ​ളുണ്ട്. ചിലരു​ടെ അഭി​പ്രാ​യങ്ങൾ നോക്കാം:

ഫെഡറികോ

സ്‌പെ​യി​നിൽനി​ന്നുള്ള, 40 കഴിഞ്ഞ, വിവാ​ഹി​ത​നായ ഒരു സഹോ​ദ​ര​നാ​ണു ഫെഡറി​കോ. അദ്ദേഹം പറയുന്നു: “നമ്മുടെ ശ്രദ്ധ കവർന്നെ​ടു​ക്കുന്ന അധികം സാധന​സാ​മ​ഗ്രി​ക​ളൊ​ന്നും ഇല്ലാത്ത​തു​കൊണ്ട് എനിക്കു സ്വാത​ന്ത്ര്യം തോന്നു​ന്നു. ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും എനിക്കു കഴിയു​ന്നു.” ഈ സേവനം ഏറ്റെടു​ക്കാൻ അദ്ദേഹം മറ്റുള്ള​വ​രോ​ടു ശുപാർശ ചെയ്യു​മോ? അദ്ദേഹം പറയുന്നു: “തീർച്ച​യാ​യും! യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ഒരു വിദേ​ശ​രാ​ജ്യ​ത്തേക്കു മാറി​ത്താ​മ​സി​ക്കു​മ്പോൾ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ കരുതൽ നിങ്ങൾ ശരിക്കും അനുഭ​വി​ച്ച​റി​യും, ഇതുവരെ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാത്ത രീതി​യിൽ.”

റൂഡി

“മുൻനി​ര​യിൽ സേവി​ക്കു​ന്ന​തും സത്യ​ത്തെ​ക്കു​റിച്ച് മുമ്പ് കേട്ടി​ട്ടി​ല്ലാത്ത അനവധി ആളുക​ളോട്‌ അത്‌ അറിയി​ക്കു​ന്ന​തും എത്രമാ​ത്രം സംതൃ​പ്‌തി തരു​ന്നെ​ന്നോ! സത്യം സ്വീക​രി​ക്കുന്ന ആളുക​ളു​ടെ സന്തോഷം കാണു​മ്പോൾ ഞങ്ങളുടെ ഹൃദയം നിറയു​ന്നു.” 60-നോട്‌ അടുത്ത്‌ പ്രായ​മുള്ള, നെതർലൻഡ്‌സിൽനിന്ന് വന്ന, വിവാ​ഹി​ത​നായ റൂഡി സഹോ​ദ​രന്‍റെ വാക്കു​ക​ളാണ്‌ ഇത്‌.

സാഷാ

ജർമനി​യിൽനിന്ന് വന്ന, 40-ലേറെ പ്രായ​മുള്ള, വിവാ​ഹി​ത​നായ ഒരു സഹോ​ദ​ര​നാ​ണു സാഷാ. അദ്ദേഹം പറയുന്നു: “ഓരോ തവണ ശുശ്രൂ​ഷ​യ്‌ക്കു പോകു​മ്പോ​ഴും സത്യ​ത്തെ​ക്കു​റിച്ച് ആദ്യമാ​യി കേൾക്കുന്ന ആരെ​യെ​ങ്കി​ലു​മൊ​ക്കെ ഞാൻ കണ്ടുമു​ട്ടാ​റുണ്ട്. യഹോ​വ​യെ​ക്കു​റിച്ച് അറിയാൻ അവർക്ക് അവസരം കൊടു​ക്കു​മ്പോൾ എനിക്കു വളരെ​യ​ധി​കം സംതൃ​പ്‌തി തോന്നു​ന്നു.”

അറ്റ്‌സുകോ

35-നോട​ടുത്ത്‌ പ്രായ​മുള്ള, ജപ്പാൻകാ​രി​യായ അറ്റ്‌സു​കോ സഹോ​ദരി പറയുന്നു: “മുമ്പ്, എനിക്ക് എത്രയും പെട്ടെന്ന് അർമ​ഗെ​ദോൻ വന്നാൽ മതി​യെ​ന്നാ​യി​രു​ന്നു. എന്നാൽ തുർക്കി​യി​ലേക്കു മാറി​ത്താ​മ​സി​ച്ച​തോ​ടെ എന്‍റെ ചിന്ത മാറി. യഹോവ ഇപ്പോ​ഴും ക്ഷമ കാണി​ക്കു​ന്ന​തി​നു ഞാൻ നന്ദി പറയാ​റുണ്ട്. യഹോവ കാര്യങ്ങൾ നയിക്കു​ന്നതു കാണും​തോ​റും യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ എനിക്കു തോന്നു​ന്നു.”

റഷ്യയിൽനി​ന്നു​ള്ള, 30 കഴിഞ്ഞ അലീസ സഹോ​ദരി അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ശുശ്രൂ​ഷ​യു​ടെ ഈ മേഖല​യിൽ യഹോ​വയെ സേവി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​യാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” (സങ്കീ. 34:8) സഹോ​ദരി ഇങ്ങനെ​യും പറയുന്നു: “യഹോവ എന്‍റെ പിതാവ്‌ മാത്രമല്ല അടുത്ത സുഹൃ​ത്തും​കൂ​ടി​യാണ്‌. പുതി​യ​പു​തിയ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ എനിക്ക് യഹോ​വയെ കൂടുതൽ അടുത്ത​റി​യാൻ കഴിയു​ന്നു. സന്തോ​ഷ​ക​ര​മായ എത്ര​യെത്ര നിമി​ഷങ്ങൾ! ആവേശ​ക​ര​മായ എത്ര​യെത്ര അനുഭ​വങ്ങൾ! എന്‍റെ ജീവിതം അനു​ഗ്ര​ഹ​ങ്ങ​ളാൽ നിറഞ്ഞ​താണ്‌.”

“വയലി​ലേക്കു നോക്കുക”

പ്രത്യേക പ്രചാരണ പരിപാ​ടി​യി​ലൂ​ടെ തുർക്കി​യിൽ അനേകം ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ കഴിഞ്ഞു. എങ്കിലും അവിടെ വലി​യൊ​രു പ്രദേശം പ്രവർത്തി​ക്കാൻ ബാക്കി​യുണ്ട്. അവി​ടേക്കു മാറി​ത്താ​മ​സിച്ച സഹോ​ദ​രങ്ങൾ, യഹോ​വ​യെ​ക്കു​റിച്ച് മുമ്പ് ഒരിക്ക​ലും കേട്ടി​ട്ടി​ല്ലാത്ത ആളുകളെ ദിവസ​വും കണ്ടുമു​ട്ടാ​റുണ്ട്. അങ്ങനെ ഒരു പ്രദേ​ശത്ത്‌ പ്രവർത്തി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ ഞങ്ങൾക്കു നിങ്ങ​ളോ​ടു പറയാ​നു​ള്ളത്‌ ഇതാണ്‌: “തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു.” (യോഹ. 4:35) ലോക​ത്തി​ന്‍റെ ഏതെങ്കി​ലും ഒരു ഭാഗത്ത്‌, “കൊയ്‌ത്തി​നു പാകമാ​യി​രി​ക്കുന്ന” വയലു​ക​ളിൽ പ്രവർത്തി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? അങ്ങനെ​യെ​ങ്കിൽ, ആ ലക്ഷ്യത്തി​ലെ​ത്താൻ സഹായി​ക്കുന്ന കാര്യങ്ങൾ ഇപ്പോൾത്തന്നെ ചെയ്‌തു​തു​ട​ങ്ങുക. ഒരു കാര്യം ഉറപ്പാണ്‌: “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ” സന്തോ​ഷ​വാർത്ത എത്തിക്കാൻ നിങ്ങൾ കൂടു​ത​ലാ​യി പ്രവർത്തി​ക്കു​മ്പോൾ സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ നിങ്ങളെ തേടി​യെ​ത്തും, തീർച്ച.—പ്രവൃ. 1:8.