വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

അറ്റം മേലോട്ട് വളഞ്ഞ ചിറക്‌

അറ്റം മേലോട്ട് വളഞ്ഞ ചിറക്‌

പറന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു വിമാ​ന​ത്തി​ന്‍റെ ചിറകി​ന്‍റെ അറ്റത്ത്‌ കാറ്റു​കൊ​ണ്ടുള്ള ചുഴികൾ രൂപ​പ്പെ​ടാ​റുണ്ട്. ഈ ചുഴികൾ വിമാ​ന​ത്തി​ന്‍റെ ചിറകി​ന്മേൽ സമ്മർദം (drag) ചെലു​ത്തു​ന്നു. അതിനെ അതിജീ​വി​ക്കാൻ വിമാ​ന​ത്തിന്‌ കൂടുതൽ ഇന്ധനം ആവശ്യ​മാ​യി​വ​രു​ന്നു. മാത്രമല്ല ഈ ചുഴികൾ തൊട്ടു​പു​റകെ പറന്നു​യ​രാ​നി​രി​ക്കുന്ന വിമാ​ന​ത്തെ​യും ബാധി​ക്കും. അതു​കൊണ്ട് ഈ ചുഴികൾ ഇല്ലാതാ​യ​തി​നു ശേഷം മാത്രമേ അടുത്ത വിമാ​ന​ത്തിന്‌ പറന്നു​യ​രാ​നാ​കൂ.

ഇത്തരം പ്രശ്‌നങ്ങൾ കുറയ്‌ക്കു​ന്ന​തിന്‌ വൈമാ​നി​ക​വി​ദ​ഗ്‌ധർ ഒരു വഴി കണ്ടെത്തി. എന്താണ്‌ അത്‌? ‘അറ്റം മുകളി​ലേക്കു വളഞ്ഞ ചിറകു​കൾ.’ ഉയരത്തിൽ പറക്കുന്ന പക്ഷിക​ളായ പരുന്ത്, പ്രാപ്പി​ടി​യൻ, കൊക്ക് എന്നിവ​യിൽനിന്ന് പ്രചോ​ദനം ഉൾക്കൊ​ണ്ടാണ്‌ അവർ ഈ വിദ്യ വികസി​പ്പി​ച്ചത്‌.

സവിശേഷത: പറന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഇത്തരം വലിയ പക്ഷിക​ളു​ടെ ചിറകി​ന്‍റെ അറ്റത്തുള്ള തൂവലു​കൾ ഏതാണ്ട് കുത്തനെ ഉയർന്നു​നിൽക്കു​ന്നു. ഈ ബാഹ്യാ​കാ​രം, കുറഞ്ഞ ചിറകു​വി​രി​വിൽ കൂടുതൽ ഉയരത്തിൽ പറക്കാൻ പക്ഷികളെ സഹായി​ക്കു​ന്നു. മാത്രമല്ല ആയാസം കൂടാതെ പറക്കാ​നും സാധി​ക്കു​ന്നു. സമാന​മായ ആകൃതി​യി​ലുള്ള ചിറകു​കൾ വിദഗ്‌ധർ വിമാ​ന​ങ്ങൾക്ക് രൂപ​പ്പെ​ടു​ത്തി. ചിറകു​ക​ളു​ടെ അറ്റം കൃത്യ​മായ ആകൃതി​യി​ലു​ള്ള​താ​യി​രി​ക്കു​ക​യും കാറ്റിന്‍റെ ഗതിക്ക് ഇണങ്ങുന്ന വിധത്തി​ലു​ള്ള​താ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ വിമാ​ന​ത്തി​ന്‍റെ പ്രവർത്ത​ന​ക്ഷമത 10 ശതമാ​ന​മോ അതില​ധി​ക​മോ വർധി​ക്കു​മെന്ന് ആധുനിക പരീക്ഷ​ണങ്ങൾ (wind-tunnel testing) തെളി​യി​ച്ചി​രി​ക്കു​ന്നു. എങ്ങനെ​യാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌? ചിറകു​ക​ളു​ടെ അറ്റത്ത്‌ രൂപ​പ്പെ​ടുന്ന ചുഴി​യു​ടെ വലിപ്പം കുറയ്‌ക്കാൻ വളഞ്ഞ അറ്റം സഹായി​ക്കു​ന്ന​തി​നാൽ ചിറകി​ന്മേ​ലുള്ള സമ്മർദം കുറയു​ന്നു. മാത്രമല്ല, വായു​വു​മാ​യുള്ള ഘർഷണം​കൊ​ണ്ടു​ണ്ടാ​കുന്ന “‘വലിക്കൽ ബല’ത്തിന്‌ (drag) എതിരാ​യി” ഒരു ‘തള്ളൽ ബലം’ (thrust) ഉണ്ടാകാ​നും ചിറകു​ക​ളു​ടെ ഈ സവി​ശേഷത സഹായി​ക്കു​ന്ന​താ​യി ഒരു വിജ്ഞാ​ന​കോ​ശം (Encyclopedia of Flight) പറയുന്നു.

അറ്റം വളഞ്ഞി​രി​ക്കുന്ന ചിറകു​കൾകൊണ്ട് പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്: വിമാനം നിറു​ത്തി​യി​ടു​ന്ന​തിന്‌ കുറഞ്ഞ സ്ഥലസൗ​ക​ര്യം മതിയാ​കും, ദീർഘ​ദൂ​രം പറക്കാ​നും കൂടുതൽ ഭാരം വഹിക്കാ​നും അതിനു കഴിയു​ന്നു. മാത്രമല്ല, ഇന്ധനക്ഷമത വർധി​ക്കു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, 2010-ൽ മാത്രം “ലോക​വ്യാ​പ​ക​മാ​യി 760 കോടി ലിറ്റർ ഇന്ധനം ലാഭി”ച്ചതായും വിമാ​നങ്ങൾ മുഖാ​ന്ത​ര​മുള്ള മലിനീ​ക​ര​ണ​ത്തിൽ വലിയ കുറവു വന്നതാ​യും നാസയു​ടെ വാർത്താ​പ​ത്രിക റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഉയരത്തിൽ പറക്കുന്ന പക്ഷിക​ളു​ടെ ചിറകു​ക​ളു​ടെ അറ്റം വളഞ്ഞി​രി​ക്കു​ന്നത്‌ പരിണാ​മ​ത്തി​ലൂ​ടെ​യോ? അതോ ആരെങ്കി​ലും അത്‌ രൂപക​ല്‌പന ചെയ്‌ത​തോ? ▪ (g15-E 02)