വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾക്കു ശിക്ഷണം നൽകുമ്പോൾ

കുട്ടികൾക്കു ശിക്ഷണം നൽകുമ്പോൾ

കുടുംബസന്തുഷ്ടിയുടെ രഹസ്യം

കുട്ടികൾക്കു ശിക്ഷണം നൽകുമ്പോൾ

ജോൺ: * ഞാൻ എന്തെങ്കിലുമൊരു തെറ്റുചെയ്‌താൽ, എന്നെ ശിക്ഷിക്കുന്നതിനുമുമ്പ്‌ എന്റെ മാതാപിതാക്കൾ ഞാൻ എന്തുകൊണ്ട്‌ അതു ചെയ്‌തു, അതു ചെയ്യാനുണ്ടായ സാഹചര്യം എന്താണ്‌ എന്നൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. എന്റെ കുട്ടികളുടെ കാര്യത്തിലും ഞാൻ അതുതന്നെ ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ എന്റെ ഭാര്യ വളർന്നുവന്ന സാഹചര്യം തികച്ചും വ്യത്യസ്‌തമാണ്‌. അലിസണിന്റെ മാതാപിതാക്കൾ പെട്ടെന്നു പ്രതികരിക്കുന്ന കൂട്ടത്തിലായിരുന്നു. മക്കളെ ശിക്ഷിക്കുന്നതിനുമുമ്പ്‌ എന്തുകൊണ്ടാണ്‌ കുട്ടികൾ അങ്ങനെയൊരു തെറ്റു ചെയ്‌തത്‌ എന്നു മനസ്സിലാക്കാനുള്ള ക്ഷമയൊന്നും അവർ കാണിച്ചിരുന്നില്ലെന്നു തോന്നുന്നു. അലിസണും ഒട്ടും മയമില്ലാതെയാണ്‌ കുട്ടികളെ ശിക്ഷിക്കുന്നതെന്ന്‌ ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്‌.

കാരൾ: എനിക്ക്‌ അഞ്ചുവയസ്സുള്ളപ്പോൾ ഡാഡി ഞങ്ങളെ ഉപേക്ഷിച്ചുപോയി. എന്റെയും അനിയത്തിമാരുടെയും കാര്യത്തിൽ അദ്ദേഹത്തിനു യാതൊരു ചിന്തയുമില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ്‌ ഞങ്ങൾ നാലു പെൺമക്കളെയും അമ്മ വളർത്തിയത്‌. അനിയത്തിമാരെ നോക്കേണ്ട ഉത്തരവാദിത്വം കുറെയൊക്കെ എന്റെ ചുമലിലായി. കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു അമ്മയുടെ റോൾ എനിക്ക്‌ ഏറ്റെടുക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഞാൻ ഒരു ഗൗരവക്കാരിയാണ്‌. എന്റെ കുട്ടികൾ എന്തെങ്കിലും തെറ്റുചെയ്‌താൽ ഞാൻ അതിനെക്കുറിച്ചുതന്നെ ഓർത്തുകൊണ്ടിരിക്കും. എന്തുകൊണ്ട്‌ അങ്ങനെ സംഭവിച്ചു, അതു ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്‌ എന്താണ്‌ എന്നൊക്കെ അറിഞ്ഞാലേ എനിക്കു സമാധാനമാകൂ. എന്നാൽ എന്റെ ഭർത്താവ്‌ അങ്ങനെയല്ല. മാർക്കിന്റെ അച്ഛൻ ഭാര്യയെയും മക്കളെയും വളരെ സ്‌നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു; അതേസമയം വലിയ കണിശക്കാരനുമായിരുന്നു. കുട്ടികൾ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ മാർക്ക്‌ പെട്ടെന്നുതന്നെ അതിനൊരു പരിഹാരം കാണും. സാഹചര്യം വിലയിരുത്തിയശേഷം ഉടനെ വേണ്ടതു ചെയ്യും. പിന്നെ അതിനെക്കുറിച്ചു ചിന്തിച്ചിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല.

മാതാപിതാക്കൾ വളർന്നുവന്ന സാഹചര്യം, അവർ മക്കൾക്കു ശിക്ഷണം നൽകുന്ന രീതിയെ വളരെയധികം സ്വാധീനിച്ചേക്കാമെന്ന്‌ ജോണിന്റെയും കാരളിന്റെയും വാക്കുകൾ കാണിക്കുന്നു. ഭാര്യയുടെയും ഭർത്താവിന്റെയും കുടുംബപശ്ചാത്തലം വ്യത്യസ്‌തമാണെങ്കിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ അവർക്ക്‌ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്‌. ചിലപ്പോൾ അത്‌ ദാമ്പത്യത്തിൽ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്‌തേക്കാം.

ഭാര്യയോ ഭർത്താവോ ക്ഷീണിച്ചു മടുത്തിരിക്കുന്ന സാഹചര്യത്തിലാണെങ്കിൽ പ്രശ്‌നം കുറെക്കൂടെ വഷളായെന്നുവരാം. കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ ശ്രമകരമായ ദൗത്യമാണെന്ന്‌ ഒരു കുഞ്ഞ്‌ ജനിച്ച്‌ അധികം താമസിയാതെതന്നെ മാതാപിതാക്കൾക്കു മനസ്സിലാകും. തങ്ങളുടെ സമയം മുഴുവൻ അവർക്ക്‌ അതിനായി ഉഴിഞ്ഞുവെക്കേണ്ടിവന്നേക്കാം. ജൊവാൻ, ഡാരൻ ദമ്പതികൾക്കു രണ്ടു പെൺമക്കളാണുള്ളത്‌. മക്കളെക്കുറിച്ച്‌ ജൊവാൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “എനിക്ക്‌ മക്കളെ വലിയ സ്‌നേഹംതന്നെയാണ്‌. പക്ഷേ, അവരെക്കൊണ്ട്‌ വലിയ ബുദ്ധിമുട്ടുമായിരുന്നു. പറയുന്ന സമയത്ത്‌ ഉറങ്ങാൻ കിടക്കില്ലെന്നു മാത്രമല്ല, അസമയത്ത്‌ എഴുന്നേറ്റിരുന്ന്‌ ഓരോന്നു ചെയ്യാനും തുടങ്ങും. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്‌ക്കുകയറിപ്പറയുന്നതായിരുന്നു മറ്റൊരു ദുശ്ശീലം. കണ്ണൊന്നു തെറ്റിയാൽ മതി, ചെരിപ്പും തുണിയും കളിപ്പാട്ടവുമെല്ലാം വലിച്ചുവാരിയിടും. ഇനി, എന്തെങ്കിലും കഴിക്കാൻ എടുത്താലോ, അതു തിരിച്ച്‌ വെക്കേണ്ടിടത്തു വെക്കുന്ന സ്വഭാവവുമില്ലായിരുന്നു അവർക്ക്‌.”

ജാക്കിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ, പ്രസവാനന്തര വിഷാദത്തിന്റെ പിടിയിലായി. അദ്ദേഹം പറയുന്നു: “ജോലികഴിഞ്ഞ്‌ ക്ഷീണിച്ച്‌ അവശനായിട്ടായിരിക്കും പലപ്പോഴും ഞാൻ വീട്ടിലെത്തുക. വന്നുകഴിഞ്ഞാൽ പാതിരാവാകുവോളം കുഞ്ഞിന്റെ ഒപ്പം ഉറക്കമിളച്ചിരിക്കണം. ഈയൊരു സാഹചര്യത്തിൽ മൂത്തകുട്ടിക്ക്‌ ക്രമമായി പരിശീലനവും ശിക്ഷണവും നൽകാൻ ബുദ്ധിമുട്ടായിരുന്നു. ഇളയ കുട്ടിക്കു ഞങ്ങളുടെ ശ്രദ്ധ പോകുന്നതിൽ അവൾക്ക്‌ അസൂയയായിരുന്നു.”

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, കുട്ടിക്കു ശിക്ഷണം നൽകുന്നതിനെച്ചൊല്ലി മാതാപിതാക്കൾക്കിടയിൽ ഉരസലുകൾ ഉണ്ടാകുമ്പോൾ എന്തായിരിക്കും സംഭവിക്കുക? ചെറിയചെറിയ അഭിപ്രായവ്യത്യാസങ്ങൾ വലിയ പൊട്ടിത്തെറികളായി പരിണമിച്ചേക്കാം. ഭിന്നതകൾ പരിഹരിക്കാതിരുന്നാൽ ദമ്പതികൾക്കിടയിൽ പിളർപ്പുണ്ടാകും. ഇതാകട്ടെ, മാതാപിതാക്കളിൽ ഒരാളെ പാട്ടിലാക്കി കാര്യം സാധിക്കാൻ കുട്ടിക്ക്‌ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. കുട്ടികളെ ഫലപ്രദമായി പരിശീലിപ്പിക്കുമ്പോൾതന്നെ ദാമ്പത്യം സുദൃഢമായി സൂക്ഷിക്കാൻ ഏതു ബൈബിൾ തത്ത്വങ്ങൾ സഹായിക്കും?

ഒരുമിച്ചു സമയം ചെലവഴിക്കുക

കുട്ടികൾ ജനിക്കുന്നതിനുമുമ്പേ തുടങ്ങുന്നതാണ്‌ ഭാര്യാഭർത്തൃബന്ധം. മക്കൾ മുതിർന്ന്‌ വീടുവിട്ടശേഷവും നിലനിൽക്കേണ്ട ഒന്നാണത്‌. ആ ബന്ധത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.” (മത്തായി 19:6) അതേസമയം മുതിർന്നുകഴിയുമ്പോൾ കുട്ടികൾ “അപ്പനെയും അമ്മയെയും വിട്ട്‌” സ്വന്തമായി ഒരു ജീവിതം തുടങ്ങാൻ ദൈവം ഉദ്ദേശിക്കുന്നതായും അതേ ഭാഗം വ്യക്തമാക്കുന്നു. (മത്തായി 19:5) കുട്ടികളെ വളർത്തുന്നത്‌ വിവാഹജീവിതത്തിലെ ഒരു ഘട്ടം മാത്രമേ ആകുന്നുള്ളൂ; അല്ലാതെ അതിൽ മാത്രമായി ഒതുങ്ങുന്നതല്ല ദാമ്പത്യം. കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌ മാതാപിതാക്കൾ സമയം മാറ്റിവയ്‌ക്കണം എന്നതു ശരിതന്നെ. എന്നാൽ, കെട്ടുറപ്പുള്ള ദാമ്പത്യം ഉണ്ടെങ്കിൽ മാത്രമേ ഫലപ്രദമായി തങ്ങൾക്കത്‌ നിർവഹിക്കാനാകൂ എന്നുകൂടെ അവർ ഓർക്കണം.

കുട്ടികളെ വളർത്തുന്ന കാലഘട്ടത്തിൽ തങ്ങളുടെ ബന്ധം കരുത്തുറ്റതാക്കി നിറുത്താൻ ഭാര്യാഭർത്താക്കന്മാർക്ക്‌ എങ്ങനെ കഴിയും? സാധ്യമെങ്കിൽ എല്ലാ ദിവസവും, രണ്ടുപേരും മാത്രമായി അൽപ്പസമയം ചെലവഴിക്കാൻ ശ്രമിക്കുക. കുട്ടികൾ അടുത്തില്ലാത്ത ഇത്തരം സന്ദർഭങ്ങൾ പ്രധാനപ്പെട്ട കുടുംബവിഷയങ്ങൾ ചർച്ചചെയ്യാനുള്ള അവസരം നൽകും; മാത്രമല്ല, ഒരുമിച്ചായിരിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാനും നിങ്ങൾക്കു കഴിയും. എന്നാൽ, ഇങ്ങനെ സമയം കണ്ടെത്തുന്നത്‌ അത്ര എളുപ്പമല്ല. മുമ്പു പരാമർശിച്ച അലിസൺ ഇങ്ങനെ പറയുന്നു: “കുറച്ചു സമയം വെറുതെയിരുന്നു സംസാരിക്കാമെന്നു ഞങ്ങൾ വിചാരിക്കുമ്പോഴായിരിക്കും ഇളയകുട്ടി വാശിപിടിക്കുന്നത്‌; അല്ലെങ്കിൽ കളർപെൻസിൽ കാണാനില്ലെന്ന പരാതിയുമായി ആറു വയസ്സുകാരിയായ മൂത്തവൾ വരുന്നത്‌.”

കുട്ടികൾ ഇന്ന സമയത്ത്‌ ഉറങ്ങാൻ കിടക്കണം എന്ന നിബന്ധന വെച്ചുകൊണ്ടാണ്‌ ജൊവാനും ഡാരനും തങ്ങൾക്കായി അൽപ്പസമയം കണ്ടെത്തിയത്‌. “കുട്ടികൾക്കു കിടക്കാൻ ഞങ്ങൾ ഒരു സമയം നിശ്ചയിച്ചു. ടെൻഷനൊന്നും ഇല്ലാതെ കുറച്ചു സമയം സംസാരിച്ചിരിക്കാൻ അങ്ങനെ ഞങ്ങൾക്കു കഴിഞ്ഞു,” ജൊവാൻ പറയുന്നു.

കുട്ടികൾക്കു കിടക്കാൻ ഒരു സമയം നിശ്ചയിക്കുകവഴി മാതാപിതാക്കൾക്ക്‌ ഒരുമിച്ചു പങ്കിടാൻ കുറച്ചു സമയം കിട്ടുമെന്നു മാത്രമല്ല, തങ്ങളെക്കുറിച്ച്‌ ‘വേണ്ടതിലധികം ഭാവിക്കാതിരിക്കാൻ’ കുട്ടികൾ പഠിക്കുകയും ചെയ്യും. (റോമർ 12:3) തങ്ങൾ കുടുംബത്തിന്റെ അനിവാര്യ ഘടകമാണെങ്കിലും അതിന്റെ കേന്ദ്രമല്ലെന്ന്‌ അവർക്കു മനസ്സിലാകും. അതായത്‌, കുടുംബത്തിലെ നിയമങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും തങ്ങളുടെ ആവശ്യാനുസരണം അവ മാറ്റാനാകില്ലെന്നും അവർക്കു ബോധ്യമാകും.

ശ്രമിച്ചുനോക്കൂ: കുട്ടികൾക്ക്‌ ഉറങ്ങാൻ കിടക്കുന്നതിന്‌ ഒരു സമയം നിശ്ചയിക്കുകയും അതിൽ അവർ വീഴ്‌ച്ചവരുത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക. കിടക്കാനുള്ള സമയമാകുമ്പോൾ കുട്ടി എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിലോ? വെള്ളം കുടിക്കണമെന്നോ മറ്റോ? ഒരു ആവശ്യമൊക്കെ അനുവദിച്ചുകൊടുക്കാവുന്നതാണ്‌. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ്‌ ഉറങ്ങാതിരിക്കുകയാണെങ്കിൽ അത്‌ അനുവദിച്ചുകൊടുക്കാതിരിക്കുക. ഇനി, ഒരു അഞ്ചുമിനിറ്റു കഴിഞ്ഞ്‌ കിടക്കാം എന്നു കുട്ടി പറയുകയാണെന്നിരിക്കട്ടെ. അത്‌ അനുവദിച്ചുകൊടുക്കാൻ നിങ്ങൾക്കൊട്ട്‌ വിരോധവുമില്ല. എങ്കിലോ? കൃത്യം അഞ്ചുമിനിറ്റാകുമ്പോൾ അടിക്കാൻ പാകത്തിന്‌ അലാറം സെറ്റു ചെയ്യുക. അലാറം അടിച്ചുകഴിഞ്ഞാൽ ഒരു വിട്ടുവീഴ്‌ചയുമില്ലാതെ കുട്ടിയെ ഉറങ്ങാൻ കിടത്തുക. നിങ്ങളുടെ “ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ.”—മത്തായി 5:37.

ശിക്ഷണം നൽകേണ്ടത്‌ ഒറ്റക്കെട്ടായി

“മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്‌” എന്ന്‌ സദൃശവാക്യങ്ങൾ 1:8 പറയുന്നു. അച്ഛനും അമ്മയ്‌ക്കും കുട്ടികളുടെമേൽ അധികാരമുണ്ട്‌ എന്നാണ്‌ ഈ ബൈബിൾ വാക്യം സൂചിപ്പിക്കുന്നത്‌. എന്നിരുന്നാലും, കുട്ടിക്ക്‌ എങ്ങനെ ശിക്ഷണം നൽകണം, കുടുംബത്തിൽ എന്തെല്ലാം നിയമങ്ങൾ വെക്കണം എന്നീ കാര്യങ്ങളിൽ ഒരേ കുടുംബപശ്ചാത്തലമുള്ള ദമ്പതികൾക്കുപോലും അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. മാതാപിതാക്കൾ ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യും?

“അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കുട്ടികളുടെ മുമ്പിൽവെച്ച്‌ അത്‌ ഒരിക്കലും കാണിക്കരുതെന്നാണ്‌ എനിക്കു തോന്നുന്നത്‌,” മുമ്പു പരാമർശിച്ച ജോൺ പറയുന്നു. എന്നാൽ ഇതൊന്നും പറയുന്നതുപോലെ അത്ര എളുപ്പമല്ലെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. “കുട്ടികൾ എളുപ്പത്തിൽ കാര്യങ്ങൾ പിടിച്ചെടുക്കും. ഞങ്ങൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തമ്മിൽ ഒന്നും പറഞ്ഞില്ലെങ്കിൽത്തന്നെ മോൾ അതു മണത്തറിയും,” ജോൺ കൂട്ടിച്ചേർത്തു.

ജോണും അലിസണും ഈയൊരു സാഹചര്യത്തെ നേരിട്ടത്‌ എങ്ങനെയാണ്‌? അലിസൺ പറയുന്നു: “ഭർത്താവ്‌ മോൾക്കു ശിക്ഷണം നൽകുന്ന രീതിയോട്‌ എനിക്കു വിയോജിപ്പുണ്ടെങ്കിൽ അവൾ അടുത്തെങ്ങും ഇല്ലെന്ന്‌ ഉറപ്പുവരുത്തിയിട്ടേ ഞാൻ എന്തെങ്കിലും പറയാറുള്ളൂ. ഞങ്ങളുടെ ഇടയിലെ ഭിന്നത മുതലെടുത്ത്‌ കാര്യം നേടാനാകുമെന്ന്‌ അവൾ വിചാരിക്കരുതല്ലോ. ഞങ്ങളുടെ ഇടയിൽ വിയോജിപ്പുണ്ടെന്ന്‌ അവൾ മനസ്സിലാക്കിയാൽ, കുടുംബത്തിലെ ഓരോ അംഗവും യഹോവയുടെ ക്രമീകരണത്തിനു കീഴ്‌പെടണമെന്നും ഞാൻ അവളുടെ ഡാഡിയുടെ ശിരഃസ്ഥാനത്തിനു മനസ്സോടെ കീഴ്‌പെടുന്നതുപോലെ അവളും മാതാപിതാക്കളായ ഞങ്ങളുടെ അധികാരത്തിന്‌ കീഴടങ്ങിയിരിക്കണമെന്നും അവൾക്കു പറഞ്ഞുകൊടുക്കും.” (1 കൊരിന്ത്യർ 11:3; എഫെസ്യർ 6:1-3) ജോൺ പറയുന്നു: “കുടുംബത്തിൽ സാധാരണഗതിയിൽ ഞാനാണ്‌ മക്കൾക്കു ശിക്ഷണം നൽകുന്നത്‌. എന്നാൽ സംഭവിച്ച കാര്യത്തെക്കുറിച്ച്‌ എന്നെക്കാൾ നന്നായി അറിയാവുന്നത്‌ അലിസണിനാണെങ്കിൽ ശിക്ഷണം നൽകാനുള്ള ചുമതല അവളെ ഏൽപ്പിക്കും. ഞാൻ അവൾക്ക്‌ എല്ലാ പിന്തുണയും നൽകുകയും ചെയ്യും. എന്തെങ്കിലും കാര്യത്തിൽ അവളോടു വിയോജിപ്പുണ്ടെങ്കിൽ അതേക്കുറിച്ചു ഞാൻ അവളോടു പിന്നീട്‌ സംസാരിക്കും.”

കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിയോജിപ്പുകൾ ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കുന്നെങ്കിൽ അതു മക്കൾക്കു നിങ്ങളോടുള്ള ആദരവു നഷ്ടമാകാൻ ഇടയാക്കും. ഇതു സംഭവിക്കാതിരിക്കാൻ എന്തു ചെയ്യാനാകും?

ശ്രമിച്ചുനോക്കൂ: കുട്ടികളോടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഓരോ ആഴ്‌ചയും സമയം മാറ്റിവെക്കുക. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, തുറന്നു സംസാരിക്കുക. ഇണയുടെ കാഴ്‌ചപ്പാടു മനസ്സിലാക്കാൻ ശ്രമിക്കുക. കുട്ടി നിങ്ങളുടേതു മാത്രമല്ല ഇണയുടേതും കൂടിയാണെന്ന വസ്‌തുത അംഗീകരിച്ചുകൊണ്ടു പെരുമാറുക.

മക്കളോടൊപ്പം നിങ്ങളുടെ വിവാഹബന്ധവും വളരട്ടെ

കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ നിസ്സാര സംഗതിയല്ല. ചിലപ്പോഴൊക്കെ, അതു നിങ്ങളുടെ ഊർജം മുഴുവൻ ഊറ്റിയെടുക്കുന്നതായി തോന്നിയേക്കാം. എന്നിരുന്നാലും ഇന്നല്ലെങ്കിൽ നാളെ കുട്ടികൾ അവരുടേതായ ഒരു ജീവിതം ആരംഭിക്കുകയും നിങ്ങൾ ഇരുവരും നിങ്ങളുടേതു മാത്രമായ ലോകത്തിലേക്കു തിരിച്ചെത്തുകയും ചെയ്യും. അപ്പോൾ നിങ്ങൾ തമ്മിലുള്ള ബന്ധം ഏതവസ്ഥയിലായിരിക്കും? അത്‌ കൂടുതൽ ബലപ്പെട്ടിട്ടുണ്ടാകുമോ അതോ ദുർബലമായിട്ടുണ്ടാകുമോ? അതിനുള്ള ഉത്തരം സഭാപ്രസംഗി 4:9, 10-ലെ തത്ത്വം നിങ്ങൾ എത്ര നന്നായി ബാധകമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്‌പിക്കും.”

മാതാപിതാക്കൾ സഹകരിച്ചു പ്രവർത്തിക്കുമ്പോൾ നല്ല ഫലങ്ങൾ ലഭിക്കും. മുമ്പു പരാമർശിച്ച കാരൾ പറയുന്നത്‌ ശ്രദ്ധിക്കുക: “എന്റെ ഭർത്താവിന്‌ ഒത്തിരി നല്ല ഗുണങ്ങളുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു. എന്നാൽ ഞങ്ങൾ ഇരുവരും ചേർന്ന്‌ കുട്ടികളെ വളർത്തിക്കൊണ്ടുവന്നപ്പോഴാണ്‌ അദ്ദേഹത്തിന്‌ മറ്റനേകം ഗുണങ്ങൾക്കൂടെയുണ്ടെന്ന്‌ എനിക്കു മനസ്സിലായത്‌. മക്കളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും കണ്ടപ്പോൾ എനിക്ക്‌ അദ്ദേഹത്തോടുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും വർധിച്ചു.” അലിസണെക്കുറിച്ച്‌ ജോൺ ഇങ്ങനെ പറയുന്നു: “അവൾ സ്‌നേഹനിധിയായ ഒരു അമ്മയായിത്തീരുന്നതു കണ്ടപ്പോൾ എനിക്കവളോടുള്ള സ്‌നേഹവും മതിപ്പും കൂടി.”

ഇണയോടൊപ്പം ആയിരിക്കാൻ സമയം കണ്ടെത്തുകയും കുട്ടികളെ വളർത്തുന്നതിൽ പരസ്‌പരം സഹകരിക്കുകയും ചെയ്‌താൽ കുട്ടികൾ മുതിരുന്നതോടൊപ്പം നിങ്ങളുടെ വിവാഹബന്ധവും ശക്തമാകും. നിങ്ങളുടെ കുട്ടികൾക്ക്‌ അത്‌ എത്ര നല്ല മാതൃകയായിരിക്കും!

[അടിക്കുറിപ്പ്‌]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങളോടുതന്നെ ചോദിക്കുക . . .

▪ ഓരോ ആഴ്‌ചയും ഞാനും എന്റെ ഭാര്യയും/ഭർത്താവും മാത്രമായി എത്ര സമയം ചെലവഴിക്കുന്നുണ്ട്‌?

▪ എന്റെ ഭാര്യ/ഭർത്താവ്‌ കുട്ടികൾക്കു ശിക്ഷണം നൽകുമ്പോൾ ഞാൻ അതിനെ പിന്തുണയ്‌ക്കുന്നുണ്ടോ?