വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

മത്തായി 6:34—‘നാളെയെക്കുറിച്ച്‌ ആകുലപ്പെടരുത്‌’

മത്തായി 6:34—‘നാളെയെക്കുറിച്ച്‌ ആകുലപ്പെടരുത്‌’

 “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”—മത്തായി 6:34, പുതിയ ലോക ഭാഷാ​ന്തരം.

 ‘നാളെ​യെ​ക്കു​റിച്ച്‌ ആകുല​പ്പെ​ട​രുത്‌. നാളത്തെ ദിവസം അതിനു​വേണ്ടി കരുതി​ക്കൊ​ള്ളു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അതതു ദിവസ​ത്തേ​ക്കുള്ള ക്ലേശങ്ങൾ മതി.’—മത്തായി 6:34, സത്യ​വേ​ദ​പു​സ്‌തകം, ആധുനിക വിവർത്തനം.

മത്തായി 6:34-ന്റെ അർഥം

 ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ക​യോ ആകുല​പ്പെ​ടു​ക​യോ ചെയ്യേ​ണ്ട​തി​ല്ലെ​ന്നാ​ണു യേശു ഈ വാക്കു​ക​ളി​ലൂ​ടെ തന്റെ ശ്രോ​താ​ക്ക​ളോ​ടു പറഞ്ഞത്‌. പകരം, അവർ അന്നന്നത്തെ പ്രശ്‌നങ്ങൾ മാത്രം കൈകാ​ര്യം ചെയ്യാൻ ശ്രമി​ച്ചാൽ മതിയാ​യി​രു​ന്നു.

 നാളെ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കേണ്ട എന്നോ ഭാവി ആസൂ​ത്രണം ചെയ്യേണ്ട എന്നോ ഒന്നുമല്ല യേശു അർഥമാ​ക്കി​യത്‌. (സുഭാ​ഷി​തങ്ങൾ 21:5) നാളെ എന്തെല്ലാം സംഭവി​ച്ചേ​ക്കാം എന്നോർത്ത്‌ അമിത​മാ​യി തലപു​ക​യ്‌ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌. കാരണം അങ്ങനെ ആകുല​പ്പെ​ടു​ന്നതു നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യും, ചെയ്യാ​നുള്ള കാര്യ​ങ്ങൾപോ​ലും നന്നായി ചെയ്യാൻ പറ്റാതെ വരും. നാളെ സംഭവി​ച്ചേ​ക്കാ​മെന്നു നമ്മൾ ഭയക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ഇന്ന്‌ ആകുല​പ്പെ​ടു​ന്ന​തു​കൊണ്ട്‌ അതു പരിഹ​രി​ക്കാൻ കഴിയു​മോ? നമ്മൾ ഭയക്കുന്ന കാര്യം ശരിക്കും നടക്കണ​മെ​ന്നില്ല, ഇനി നടന്നാൽത്തന്നെ നമ്മൾ വിചാ​രി​ക്കു​ന്നത്ര കുഴപ്പം ഉണ്ടായി​രി​ക്കു​ക​യും ഇല്ല.

മത്തായി 6:34-ന്റെ സന്ദർഭം

 യേശു നടത്തിയ പ്രസി​ദ്ധ​മായ ഗിരി​പ്ര​ഭാ​ഷണം മത്തായി 5-7 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ കാണാം. അവി​ടെ​യാ​ണു യേശു​വി​ന്റെ ഈ വാക്കുകൾ കാണു​ന്നത്‌. ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ ജീവിതം മെച്ച​പ്പെ​ടു​ത്താ​നോ ആയുസ്സ്‌ കൂട്ടാ​നോ കഴിയില്ല എന്നു യേശു വിശദീ​ക​രി​ച്ചു. (മത്തായി 6:27) നമ്മുടെ ജീവി​ത​ത്തിൽ ദൈവത്തെ ഒന്നാമ​തു​വെ​ച്ചാൽ നാളെ​യെ​ക്കു​റിച്ച്‌ ഓർത്ത്‌ അനാവ​ശ്യ​മാ​യി ആകുല​പ്പെ​ടേ​ണ്ടി​വ​രി​ല്ലെ​ന്നും യേശു പറഞ്ഞു. സസ്യങ്ങ​ളെ​യും മൃഗങ്ങ​ളെ​യും പരിപാ​ലി​ക്കുന്ന ദൈവം, തന്നെ ആരാധി​ക്കുന്ന മനുഷ്യ​രെ​യും പരിപാ​ലി​ക്കി​ല്ലേ?—മത്തായി 6:25, 26, 28-33.

മത്തായി ആറാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും ചിത്ര​ങ്ങ​ളും കാണാം.