വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ടോ?

ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ടോ?

ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ടോ?

നിങ്ങൾ എത്ര കൂടെക്കൂടെ കണ്ണാടി നോക്കാറുണ്ട്‌? ദിവസേന കണ്ണാടി നോക്കുന്നവരാണ്‌ നമ്മിൽ മിക്കവരും. ഒരുപക്ഷേ ദിവസത്തിൽ പലപ്രാവശ്യം നാം കണ്ണാടി നോക്കിയെന്നിരിക്കും. എന്തിനാണത്‌? നാം കാഴ്‌ചയ്‌ക്ക്‌ എങ്ങനെയിരിക്കുന്നു എന്ന കാര്യത്തിൽ നാമെല്ലാം ചിന്തയുള്ളവരാണ്‌.

ബൈബിൾ വായിക്കുന്നത്‌ ഒരർഥത്തിൽ കണ്ണാടി നോക്കുന്നതുപോലെയാണ്‌. (യാക്കോബ്‌ 1:23-25) നാം യഥാർഥത്തിൽ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന്‌ നമുക്ക്‌ കാണിച്ചുതരാൻ ദൈവവചനത്തിലെ സന്ദേശത്തിനാകും. അത്‌ “ദേഹിയെയും ആത്മാവിനെയും, . . . വേർപെടുത്തുംവരെ തുളച്ചു”ചെല്ലുന്നു. (എബ്രായർ 4:12) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം പുറമെ എങ്ങനെയുള്ളവരാണെന്നും അകമേ എങ്ങനെയുള്ളവരാണെന്നും അത്‌ വേർതിരിച്ച്‌ നമുക്കു കാണിച്ചുതരുന്നു. നമ്മിൽ എന്തുമാറ്റമാണ്‌ വരുത്തേണ്ടത്‌ എന്ന്‌ ഒരു കണ്ണാടിപോലെ അത്‌ നമുക്കു വ്യക്തമാക്കിത്തരുന്നു.

നാം എവിടെയാണ്‌ മാറ്റം വരുത്തേണ്ടത്‌ എന്ന്‌ കാണിച്ചുതരുക മാത്രമല്ല, അതു വരുത്താൻവേണ്ട സഹായവും ബൈബിൾ നമുക്കു നൽകുന്നു. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. (2 തിമൊഥെയൊസ്‌ 3:16, 17) ഇവിടെ പറഞ്ഞിരിക്കുന്ന നാലുപ്രയോജനങ്ങളിൽ മൂന്നെണ്ണവും—ശാസിക്കൽ, കാര്യങ്ങൾ നേരെയാക്കൽ, ശിക്ഷണം നൽകൽ എന്നിവ—നമ്മുടെ മനോഭാവത്തിലും പ്രവൃത്തിയിലും മാറ്റംവരുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വേഷവിധാനത്തിലെയും മറ്റും കുഴപ്പങ്ങൾ പരിഹരിക്കാൻ ഒരു കണ്ണാടിയിൽ നോക്കുന്നത്‌ പ്രധാനമാണെങ്കിൽ, ബൈബിൾ ക്രമമായി വായിക്കേണ്ടത്‌ അതിലുമെത്രയോ പ്രധാനമാണ്‌!

ഇസ്രായേൽ ജനതയെ നയിക്കാൻ യോശുവയെ തെരഞ്ഞെടുത്തപ്പോൾ യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഈ ന്യായപ്രമാണപുസ്‌തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.” (യോശുവ 1:8) അതെ, വിജയംവരിക്കാൻ യോശുവ ദൈവവചനം “രാവും പകലും” അഥവാ ക്രമമായി വായിക്കേണ്ടിയിരുന്നു.

ക്രമമായി ബൈബിൾ വായിക്കുന്നതുകൊണ്ടുള്ള പ്രയോജനം ഒന്നാം സങ്കീർത്തനവും എടുത്തുകാട്ടുന്നു: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:1-3) ഇവിടെ പറഞ്ഞിരിക്കുന്ന ആ മനുഷ്യനെപ്പോലെ ആയിരിക്കാനല്ലേ നാമും ആഗ്രഹിക്കുന്നത്‌?

ദിവസേന ബൈബിൾ വായിക്കുന്നത്‌ പലരും ഒരു ശീലമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ്‌ ദിവസവും ബൈബിൾ വായിക്കുന്നത്‌ എന്നു ചോദിച്ചപ്പോൾ ഒരു ക്രിസ്‌ത്യാനി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ദിവസവും പലപ്രാവശ്യം ഞാൻ പ്രാർഥിക്കുന്നു. ദൈവം എന്റെ പ്രാർഥന കേൾക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ദിവസവും അവന്റെ വചനം വായിച്ചുകൊണ്ട്‌ അവനു പറയാനുള്ളത്‌ ഞാനും കേൾക്കേണ്ടതല്ലേ? ദൈവം നമ്മുടെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ മതിയോ?” അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്‌. ബൈബിൾ വായിക്കുമ്പോൾ യഥാർഥത്തിൽ ദൈവത്തിനു പറയാനുള്ളത്‌ നാം കേൾക്കുകയാണ്‌. അതുവഴി ദൈവത്തിന്റെ ചിന്തകളും വീക്ഷണങ്ങളും നമുക്കു മനസ്സിലാക്കാനാകുന്നു.

പ്രതിബന്ധങ്ങളെ മറികടക്കുക

ബൈബിൾ ആദിയോടന്തം വായിച്ചുതീർക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾ ബൈബിൾ വായന തുടങ്ങിയിട്ടുണ്ടോ? ആകട്ടെ ഇതിനുമുമ്പ്‌ നിങ്ങൾ എപ്പോഴെങ്കിലും മുഴുവൻ ബൈബിളും വായിച്ചുതീർത്തിട്ടുണ്ടോ? ബൈബിളിന്റെ ഉള്ളടക്കം മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മാർഗമാണത്‌. എന്നാൽ പലരും ബൈബിൾ മുഴുവൻ വായിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട്‌ അത്‌ പാതിവഴിയിൽ ഉപേക്ഷിച്ചുകളയുന്നു. നിങ്ങൾക്ക്‌ അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ബൈബിൾ മുഴുവനും വായിച്ചു തീർക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ എന്തുചെയ്യാനാകും? പിൻവരുന്ന നിർദേശങ്ങൾ നിങ്ങൾക്കു പരീക്ഷിച്ചുനോക്കാവുന്നതാണ്‌.

ബൈബിൾ വായന ഒരു ദിനചര്യ ആക്കുക. ദിവസവും ബൈബിൾ വായിക്കാൻ ഏറ്റവും പറ്റിയ ഒരു സമയം തെരഞ്ഞെടുക്കുക. ഏതെങ്കിലും കാരണവശാൽ ആ സമയത്തു വായിക്കാനായില്ലെങ്കിൽ മറ്റേതു സമയത്താണ്‌ വായിക്കാനാകുക എന്ന്‌ നിശ്ചയിക്കുക. അതുവഴി ബൈബിൾ വായിക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ നിങ്ങൾക്കാകും. പുരാതന കാലത്തെ ബെരോവക്കാർ ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചു. “അവർ അത്യുത്സാഹത്തോടെ വചനം കൈക്കൊള്ളുകയും അത്‌ അങ്ങനെതന്നെയോ എന്ന്‌ ഉറപ്പാക്കാൻ ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്‌തുപോന്നു” എന്ന്‌ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 17:11.

വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കുക. ഉദാഹരണത്തിന്‌ ദിവസവും മൂന്നുമുതൽ അഞ്ചുവരെ അധ്യായങ്ങൾ വായിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ ഒരു വർഷംകൊണ്ട്‌ ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാകും. പിൻവരുന്ന പേജുകളിലെ ചാർട്ട്‌ അതിനു നിങ്ങളെ സഹായിക്കും. ഈ ചാർട്ട്‌ ഉപയോഗിച്ചുനോക്കരുതോ? “തീയതി” എന്നതിനു താഴെ, ഓരോ സെറ്റ്‌ അധ്യായങ്ങളും നിങ്ങൾ എപ്പോൾ വായിക്കും എന്ന്‌ കുറിച്ചുവെക്കുക. ഓരോന്നും വായിച്ചുതീർത്തശേഷം അതിനു നേരെ കൊടുത്തിരിക്കുന്ന ചതുരം ടിക്കുചെയ്യുക. നിങ്ങളുടെ വായന എവിടെവരെ എത്തി എന്നു കണ്ടുപിടിക്കാൻ അതു നിങ്ങളെ സഹായിക്കും.

ബൈബിൾ മുഴുവൻ വായിച്ചുതീർത്താലും വായന നിർത്തിക്കളയരുത്‌. തുടർന്നുള്ള വർഷങ്ങളിലും ഇതേ ചാർട്ട്‌ ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ബൈബിൾ വായിച്ചുതീർക്കാനാകും. ഒരുപക്ഷേ ഓരോ തവണയും വെവ്വേറെ ഭാഗത്തുനിന്ന്‌ വായിച്ചുതുടങ്ങാവുന്നതാണ്‌. കുറച്ചുകൂടെ സാവധാനം വായിക്കാനാണ്‌ ഇഷ്ടപ്പെടുന്നതെങ്കിൽ ഓരോ സെറ്റും രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ വായിച്ചുതീർത്താൽ മതിയാകും.

ഓരോ തവണ ബൈബിൾ വായിക്കുമ്പോഴും നിങ്ങളുടെ ജീവിതത്തിൽ ബാധകമാകുന്ന പുതിയപുതിയ കാര്യങ്ങൾ നിങ്ങൾ കണ്ടെത്തും. മുമ്പു വായിച്ചപ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെപോയ ഒന്നായിരിക്കാമത്‌. അത്‌ എന്തുകൊണ്ടാണ്‌? ‘ഈ ലോകത്തിന്റെ രംഗം മാറുന്ന’തോടൊപ്പം നമ്മുടെ ജീവിത സാഹചര്യവും മാറിക്കൊണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 7:31) അതുകൊണ്ട്‌ ദൈവവചനമാകുന്ന കണ്ണാടിയിൽ ദിവസവും നോക്കാൻ ദൃഢനിശ്ചയം ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ദൈവം നിങ്ങളോട്‌ ദിവസവും സംസാരിക്കാൻ നിങ്ങൾ അവനെ അനുവദിക്കുകയായിരിക്കും.—സങ്കീർത്തനം 16:8.