മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ സഹായിക്കാം?
ബൈബിൾ പറയുന്നത്: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
ഈ ബൈബിൾവാക്യത്തിന്റെ അർഥം:
നമ്മുടെ സുഹൃത്തിന് മാനസികാരോഗ്യ പ്രശ്നമുണ്ടെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാതെ നമ്മൾ നിന്നേക്കാം. എങ്കിലും സഹായം കൊടുത്തുകൊണ്ട് ആ സുഹൃത്തിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു നമുക്കു കാണിക്കാം.
ഇത് എങ്ങനെ സഹായിക്കും?
“കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം.”—യാക്കോബ് 1:19.
ഏറ്റവും നല്ല വഴി അവർ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുന്നതാണ്. അവർ പറയുന്നതിനെല്ലാം പരിഹാരം നിർദേശിക്കണമെന്നു ചിന്തിക്കേണ്ടാ. അവരുടെ ഓരോ വാക്കും നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ആ വേദന മനസ്സിലാക്കുന്നുണ്ടെന്നും അവർക്കു തോന്നണം. അവർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്താനോ വിധിക്കാനോ ഒന്നും ശ്രമിക്കരുത്. ഒന്നും ഉദ്ദേശിച്ചല്ലായിരിക്കാം അവർ പറയുന്നത്. പറയുന്നതിനെക്കുറിച്ച് ഓർത്ത് പിന്നെ ഖേദിക്കുകയും ചെയ്തേക്കാം.—ഇയ്യോബ് 6:2, 3.
“ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക.”—1 തെസ്സലോനിക്യർ 5:14.
ചിലപ്പോൾ സുഹൃത്ത് കടുത്ത ഉത്കണ്ഠയിലായിരിക്കും. അല്ലെങ്കിൽ, തന്നെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിക്കുന്നുണ്ടാകും. ആ സമയത്ത് കൃത്യമായി എന്താണ് പറയേണ്ടതെന്ന് അറിയില്ലെങ്കിലും അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുത്തുകൊണ്ട് ആശ്വസിപ്പിക്കാൻ കഴിയും.
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാഷിതങ്ങൾ 17:17.
വേണ്ട സഹായം ചെയ്തുകൊടുക്കുക. നമ്മൾ വിചാരിക്കുന്നതായിരിക്കില്ല അവരുടെ ആവശ്യങ്ങൾ. അതുകൊണ്ട് അവരോടുതന്നെ ചോദിക്കുക. എന്നാൽ, എന്താണ് വേണ്ടതെന്ന് അവർക്കു പറയാനാകുന്നില്ലെങ്കിലോ? അപ്പോൾ ഒരുമിച്ച് നടക്കാൻ പോകാമെന്നോ മറ്റോ അവരോട് പറയാം. അല്ലെങ്കിൽ സാധനങ്ങൾ ഗലാത്യർ 6:2.
വാങ്ങാനോ വീടു വൃത്തിയാക്കാനോ സഹായിക്കാം.—“ക്ഷമ കാണിക്കുക.”—1 തെസ്സലോനിക്യർ 5:14.
എപ്പോഴും നിങ്ങളുടെ സുഹൃത്ത് സംസാരിക്കാൻ മനസ്സു കാണിക്കണമെന്നില്ല. എങ്കിലും, സംസാരിക്കാൻ തോന്നുന്നത് എപ്പോഴാണെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ഉറപ്പുകൊടുക്കുക. അസുഖം കാരണം അവർ നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറയാനോ ചെയ്യാനോ സാധ്യതയുണ്ടെന്ന് ഓർക്കുക. ചിലപ്പോൾ ഒന്നിച്ച് ചെയ്യാൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അവർ വേണ്ടെന്നുവെച്ചേക്കാം, അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യപ്പെട്ടേക്കാം. അതുകൊണ്ട് ക്ഷമയോടെ മനസ്സിലാക്കി പ്രവർത്തിക്കുക.—സുഭാഷിതങ്ങൾ 18:24.
നിങ്ങളുടെ പിന്തുണ വലിയൊരു സഹായമായിരിക്കും
“എപ്പോഴും കൂടെ നിൽക്കുന്ന അവളുടെ ഒരു സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിക്കും. അവളുടെ പ്രശ്നങ്ങൾക്ക് എന്റെ കൈയിൽ പരിഹാരം ഒന്നുമില്ലെങ്കിലും അവൾക്ക് എപ്പോൾ സംസാരിക്കണമെന്നു തോന്നിയാലും ഞാൻ അതു ശ്രദ്ധിക്കും. ചിലപ്പോൾ അത്രയും മതി അവൾക്ക്!”—ഫേറ, a ഫേറയുടെ കൂട്ടുകാരിക്ക് കടുത്ത വിഷാദരോഗവും ഉത്കണ്ഠയും കാരണം ആഹാരത്തോടു വിരക്തിയാണ്.
“എന്നോടു ദയയോടെ ഇടപെടുന്ന നല്ലൊരു കൂട്ടുകാരി എനിക്കുണ്ട്. ഒരു ദിവസം അവൾ എന്നെ ഭക്ഷണത്തിനു വിളിച്ചു. ശാന്തമായ ആ അന്തരീക്ഷത്തിൽ ഇരുന്ന് എന്റെ വിഷമങ്ങളെല്ലാം എനിക്കു തുറന്ന് പറയാനായി. അപ്പോൾ നല്ല ആശ്വാസം തോന്നി.”—ഹാ യൂൺ, കടുത്ത വിഷാദരോഗം അനുഭവിക്കുന്നു.
“ക്ഷമയാണ് ഏറ്റവും ആവശ്യം. എന്നെ വിഷമിപ്പിക്കുന്ന എന്തെങ്കിലും എന്റെ ഭാര്യ ചെയ്താൽ അത് അവളുടെ അസുഖംകൊണ്ടാണ്, ഒന്നും മനഃപൂർവമല്ല എന്ന് ഞാൻ ഓർക്കും. ദേഷ്യപ്പെടാതിരിക്കാനും പരിഗണനയോടെ ഇടപെടാനും അത് എന്നെ സഹായിക്കുന്നു.”—ജേക്കബ്, ഭാര്യ കടുത്ത വിഷാദരോഗം അനുഭവിക്കുന്നു.
“എന്റെ ഭാര്യ വലിയൊരു സഹായമാണ്. എനിക്ക് കടുത്ത ഉത്കണ്ഠ തോന്നുമ്പോൾ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവൾ എന്നെ നിർബന്ധിക്കാറില്ല. അവൾക്കു താത്പര്യമുള്ള കാര്യങ്ങൾപോലും ചില സമയത്ത് എനിക്കുവേണ്ടി വേണ്ടന്നുവെക്കാറുണ്ട്. അവളുടെ ആ നല്ല മനസ്സിനു പകരംവെക്കാൻ മറ്റൊന്നില്ല.”—എൻറിക്കോ, അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നു.
a ചില പേരുകൾക്കു മാറ്റമുണ്ട്.