വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സോഷ്യൽ മീഡി​യ​യിൽ എങ്ങനെ​യും ഒരു ‘സംഭവ​മാ​കാൻ’ തോന്നു​ന്നെ​ങ്കിൽ. . .

സോഷ്യൽ മീഡി​യ​യിൽ എങ്ങനെ​യും ഒരു ‘സംഭവ​മാ​കാൻ’ തോന്നു​ന്നെ​ങ്കിൽ. . .

 ഇലാൻ എന്ന പെൺകു​ട്ടി പറയുന്നു: “എന്റെ സ്‌കൂ​ളി​ലെ കൂട്ടു​കാർക്ക്‌ ഓൺലൈ​നിൽ നൂറു​ക​ണ​ക്കി​നു ഫോ​ളോ​വേഴ്‌സ്‌ ഉണ്ട്‌. അവരൊ​ക്കെ എന്തു ഫെയ്‌മസാ. സത്യം പറഞ്ഞാൽ എനിക്ക്‌ അവരെ​പ്പോ​ലെ​യാ​കാൻ കൊതി തോന്നി​യി​ട്ടുണ്ട്‌.”

 നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ആ ആഗ്രഹ​ത്തി​നു പിന്നാലെ പോകു​ന്ന​തു​കൊ​ണ്ടുള്ള കുഴപ്പങ്ങൾ ഒഴിവാ​ക്കാൻ ഈ ലേഖനം സഹായി​ക്കും.

 എന്തൊ​ക്കെ​യാണ്‌ അപകടങ്ങൾ?

 ബൈബി​ളിൽ സുഭാ​ഷി​തങ്ങൾ 22:1 പറയു​ന്നത്‌ “സത്‌പേര്‌ നേടു​ന്നതു സമ്പത്തി​നെ​ക്കാൾ പ്രധാനം” എന്നാണ്‌. അതു​കൊണ്ട്‌ നല്ലൊരു പേരു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെ​ട​ണ​മെ​ന്നും ഒക്കെ ചിന്തി​ക്കു​ന്നതു തെറ്റല്ല.

 എന്നാൽ മറ്റുള്ളവർ തന്നെ അംഗീ​ക​രി​ക്കണം എന്ന ആഗ്രഹം കൂടി​പ്പോ​യിട്ട്‌ ഓൺലൈ​നിൽ താനൊ​രു തരംഗ​മാ​യി മാറണം എന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചു​പോ​യേ​ക്കാം. അതിൽ എന്തെങ്കി​ലും അപകടം ഉണ്ടോ? ഉണ്ടെന്നു 16-കാരി​യായ ഒനിയ പറയുന്നു:

 “വൈറ​ലാ​കാൻ വേണ്ടി സ്‌കൂ​ളി​ന്റെ സൺഷെയ്‌ഡിൽനി​ന്നു താഴേക്കു ചാടു​ന്ന​തു​പോ​ലുള്ള ഭ്രാന്തു കാണി​ക്കു​ന്ന​വരെ എനിക്ക​റി​യാം.”

 ചിലർ ഒരു ചിന്തയു​മി​ല്ലാ​തെ പല മണ്ടത്തര​ങ്ങ​ളും കാണിച്ച്‌, അത്‌ ഷൂട്ട്‌ ചെയ്‌ത്‌ ഓൺലൈ​നിൽ പോസ്റ്റ്‌ ചെയ്യുന്നു. എന്തു ചെയ്‌തി​ട്ടാ​യാ​ലും മറ്റുള്ളവർ തങ്ങളെ ശ്രദ്ധി​ക്ക​ണ​മെന്നേ അവർക്കു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, അടുത്തി​ടെ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള പല കുട്ടി​ക​ളും ഡിറ്റർജന്റ്‌ പോഡു​കൾ കഴിക്കുന്ന വീഡി​യോ പോസ്റ്റ്‌ ചെയ്‌തു. ഡിറ്റർജന്റ്‌ പോഡു​കൾ എന്നു പറയു​ന്നത്‌, വാഷിങ്‌ മെഷീ​നിൽ ഉപയോ​ഗി​ക്കുന്ന സോപ്പി​നെ ചെറിയ ക്യാപ്‌സ്യൂൾ രൂപത്തിൽ ആക്കിയ​താണ്‌. ശരീര​ത്തി​നു ദോഷം ചെയ്യുന്ന പല കാര്യ​ങ്ങ​ളും അതിൽ അടങ്ങി​യി​ട്ടുണ്ട്‌. ഒരിക്ക​ലും ചെയ്യരു​താത്ത ഈ കാര്യം അവർ ചെയ്‌തത്‌ കൂട്ടു​കാ​രു​ടെ ഇടയിൽ ഒരു ‘സംഭവ​മാ​കാൻ’ വേണ്ടി​യാണ്‌.

 ബൈബിൾ പറയുന്നു: “പൊങ്ങച്ചം കാണി​ക്കാ​നുള്ള തരംതാണ ആഗ്രഹ​ത്തോ​ടെ . . . ഒന്നും ചെയ്യാ​തി​രി​ക്കുക.”—ഫിലി​പ്പി​യർ 2:3, ഗുഡ്‌ ന്യൂസ്‌ പരിഭാഷ.

 ചിന്തി​ക്കാ​നാ​യി:

  •   ഓൺലൈ​നിൽ ഫെയ്‌മസ്‌ ആകുന്നത്‌ എത്ര​ത്തോ​ളം പ്രധാ​ന​മാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

  •   കൂട്ടു​കാ​രു​ടെ മുന്നിൽ ആളാകാൻ നിങ്ങൾ സ്വന്തം ആരോ​ഗ്യ​വും ജീവനും അപകട​പ്പെ​ടു​ത്തു​മോ?

 “അതു വെറും പ്രഹസ​ന​മാണ്‌”

 ‘വൈറൽ’ ആകാൻവേണ്ടി ആളുകൾ എപ്പോ​ഴും അപകടം​പി​ടിച്ച കാര്യങ്ങൾ ചെയ്യണ​മെ​ന്നില്ല. ചിലർ ഉപയോ​ഗി​ക്കുന്ന ഒരു തന്ത്ര​ത്തെ​ക്കു​റിച്ച്‌ 22-കാരി​യായ എറീക്ക പറയുന്നു:

 “‘എനിക്ക്‌ ഒരുപാ​ടു കൂട്ടു​കാ​രുണ്ട്‌, ഞാൻ എപ്പോ​ഴും അവരു​ടെ​കൂ​ടെ അടിച്ചു​പൊ​ളി​ക്കു​ക​യാണ്‌’ എന്നൊക്കെ മറ്റുള്ളവർ ചിന്തി​ക്കാൻ ചിലർ ഇങ്ങനെ ഫോ​ട്ടോ​കൾ ഇട്ടു​കൊ​ണ്ടേ​യി​രി​ക്കും. അതു വെറും പ്രഹസ​ന​മാണ്‌.”

 അതിനു​വേ​ണ്ടി ചിലർ തട്ടിപ്പു കാണി​ക്കാ​റു​ണ്ടെന്ന്‌ 15 വയസ്സുള്ള കെയ്‌റ പറയുന്നു:

 “ഒരു പാർട്ടി​യി​ലാണ്‌ എന്ന്‌ മറ്റുള്ള​വർക്കു തോന്നുന്ന വിധത്തിൽ ചിലർ ഫോ​ട്ടോ​ക​ളെ​ടുത്ത്‌ പോസ്റ്റ്‌ ചെയ്യും. പക്ഷേ, അവർ ശരിക്കും വീട്ടിൽ ആയിരി​ക്കും.”

 താൻ അങ്ങനെ​യൊ​രു കാര്യം ചെയ്‌തെന്ന്‌ 22-കാരനായ മാത്യു സമ്മതി​ക്കു​ന്നു:

 “ഒരിക്കൽ ഞാൻ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്‌തിട്ട്‌ ലൊ​ക്കേഷൻ ടാഗ്‌ ചെയ്‌തത്‌ എവറസ്റ്റ്‌ പർവതം എന്നാണ്‌. പക്ഷേ, സത്യം പറഞ്ഞാൽ ഞാൻ ഏഷ്യയി​ലേ പോയി​ട്ടില്ല.”

 ബൈബിൾ പറയുന്നു: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

 ചിന്തി​ക്കാ​നാ​യി:

  •   നിങ്ങൾ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കുന്ന ഒരാളാ​ണെ​ങ്കിൽ, ഓൺലൈ​നിൽ ഒരു താരമാ​കാൻവേണ്ടി സത്യമ​ല്ലാത്ത കാര്യങ്ങൾ പോസ്റ്റ്‌ ചെയ്യു​മോ?

  •   നിങ്ങൾ ഇടുന്ന ചിത്ര​ങ്ങ​ളും കമന്റു​ക​ളും ശരിക്കും നിങ്ങൾ ആരാ​ണെ​ന്നും നിങ്ങളു​ടെ വിശ്വാ​സങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും കാണി​ക്കു​ന്ന​വ​യാ​ണോ?

 ഫോ​ളോ​വേഴ്‌സി​ന്റെ​യും ലൈക്കു​ക​ളു​ടെ​യും എണ്ണം പ്രധാ​ന​മാ​ണോ?

 ഓൺലൈ​നിൽ ‘ട്രെന്റിങ്‌’ ആകാൻ ആഗ്രഹി​ക്കുന്ന പലരും ഫോ​ളോ​വേഴ്‌സി​ന്റെ​യും ലൈക്കു​ക​ളു​ടെ​യും എണ്ണം കൂട്ടാൻ പലതും ചെയ്യുന്നു. താനും അങ്ങനെ ചെയ്‌തി​ട്ടു​ണ്ടെന്ന്‌ നമ്മൾ മുമ്പ്‌ കണ്ട മാത്യു പറയുന്നു:

 “‘നിങ്ങൾക്ക്‌ എത്ര ഫോ​ളോ​വേഴ്‌സ്‌ ഉണ്ട്‌?’ ‘എത്ര ലൈക്ക്‌ വരെ കിട്ടി​യി​ട്ടുണ്ട്‌?’ എന്നൊക്കെ ഞാൻ മറ്റുള്ള​വ​രോ​ടു ചോദി​ക്കാ​റുണ്ട്‌. ഫോ​ളോ​വേഴ്‌സി​ന്റെ എണ്ണം കൂട്ടാൻ, എനിക്ക്‌ അറിയാ​ത്ത​വ​രെ​പ്പോ​ലും ഞാൻ ഫോളോ ചെയ്യും. അപ്പോൾ അവർ തിരി​ച്ചും ചെയ്യു​മ​ല്ലോ. എങ്ങനെ​യും ഫെയ്‌മസ്‌ ആകണ​മെ​ന്നൊ​രു ചിന്ത എനിക്കു പണ്ടേ ഉണ്ടായി​രു​ന്നു. സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ തുടങ്ങി​യ​പ്പോൾ പിന്നെ പറയു​ക​യും വേണ്ടാ.”

ഓൺലൈനിൽ ഫെയ്‌മസ്‌ ആകാൻ നോക്കു​ന്നത്‌ ജങ്ക്‌ ഫുഡ്‌ കഴിക്കു​ന്ന​തു​പോ​ലെ​യാണ്‌—കഴിക്കു​മ്പോൾ രസമാ​യി​രി​ക്കും പിന്നെ തോന്നും വേണ്ടാ​യി​രു​ന്നെന്ന്‌

 ചില ആളുകൾ അവരുടെ ഫോ​ളോ​വേഴ്‌സി​ന്റെ​യും കിട്ടുന്ന ലൈക്കു​ക​ളു​ടെ​യും എണ്ണം വെച്ചാണ്‌ തങ്ങളെ​ത്തന്നെ വിലയി​രു​ത്തു​ന്ന​തെന്ന്‌ 25 വയസ്സുള്ള മരിയ പറയുന്നു:

 “ഒരു പെൺകു​ട്ടി സെൽഫി പോസ്റ്റ്‌ ചെയ്‌തിട്ട്‌ അതിന്‌ ആവശ്യ​ത്തിന്‌ ലൈക്ക്‌ കിട്ടി​യി​ല്ലെ​ങ്കിൽ പിന്നെ ആകെ സങ്കടമാ​യി. തന്നെ കാണാൻ കൊള്ളി​ല്ലെ​ന്നാണ്‌ അവൾ ചിന്തി​ക്കു​ന്നത്‌. പക്ഷേ അതല്ലല്ലോ സത്യം. എങ്കിലും പലർക്കും അങ്ങനെ​ത​ന്നെ​യാണ്‌ തോന്നുക. ഒരു തരത്തിൽ പറഞ്ഞാൽ അവർ അവർക്ക്‌ എതി​രെ​തന്നെ സൈബർ ആക്രമണം നടത്തു​ക​യാണ്‌.”

 ബൈബിൾ പറയുന്നു: “നമുക്കു ദുരഭി​മാ​നി​ക​ളാ​കാ​തി​രി​ക്കാം. പരസ്‌പരം മത്സരി​ക്കു​ന്ന​തും അസൂയ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കാം.”—ഗലാത്യർ 5:26.

 ചിന്തി​ക്കാ​നാ​യി:

  •   സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോൾ നിങ്ങളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യാൻ തോന്നാ​റു​ണ്ടോ?

  •   ആത്മാർഥ​ത​യുള്ള കൂട്ടു​കാ​രെ നേടു​ന്ന​താ​ണോ അതോ ഫോ​ളോ​വേഴ്‌സി​ന്റെ എണ്ണം കൂട്ടു​ന്ന​താ​ണോ നിങ്ങൾക്കു പ്രധാനം?