വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 3: വായന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 3: വായന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാം

 ബൈബിൾ തുറന്ന്‌ നോക്കു​മ്പോൾ ‘ഇതെല്ലാം എങ്ങനെ വായി​ച്ചു​തീർക്കാ​നാണ്‌’ എന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. അങ്ങനെ ചിന്തിച്ച്‌ മടുപ്പ്‌ തോ​ന്നേണ്ടാ. പകരം ബൈബി​ളി​നെ ധാരാളം വിഭവങ്ങൾ നിരത്തി​വെ​ച്ചി​രി​ക്കുന്ന ഒരു വിരു​ന്നാ​യി കാണുക. അവി​ടെ​യു​ള്ളത്‌ മുഴുവൻ നിങ്ങൾക്കു കഴിക്കാൻ പറ്റി​യെന്നു വരില്ല. പക്ഷേ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ഒരു കാര്യ​മുണ്ട്‌: ആ സമയത്ത്‌ വേണ്ടത്‌ എത്ര​ത്തോ​ള​മാ​ണോ അത്രയും തിര​ഞ്ഞെ​ടുത്ത്‌ കഴിക്കാം.

 നിങ്ങൾ വായി​ക്കാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ബൈബിൾഭാ​ഗ​ത്തിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം കിട്ടണ​മെ​ങ്കിൽ എന്താണ്‌ വായി​ക്കു​ന്നത്‌ എന്നതിനു നിങ്ങൾ നല്ല ശ്രദ്ധ കൊടു​ക്കണം. ഈ ലേഖനം അതിനു നിങ്ങളെ സഹായി​ക്കും.

ഈ ലേഖന​ത്തിൽ

 ബൈബിൾ വെറുതെ വായി​ച്ചു​വി​ട്ടാൽ പോരാ​ത്തത്‌ എന്തു​കൊണ്ട്‌?

 ബൈബിൾ വായി​ക്കു​മ്പോൾ നിങ്ങൾ എത്ര​ത്തോ​ളം ശ്രമം ചെയ്യു​ന്നോ അത്ര​ത്തോ​ളം നിങ്ങൾക്കു പ്രയോ​ജനം കിട്ടും. ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: ഒരു ടീ ബാഗ്‌ ചൂടു​വെ​ള്ള​ത്തിൽ പെട്ടെ​ന്നൊന്ന്‌ മുക്കി​യെ​ടു​ത്താൽ അതിന്റെ രുചി വളരെ കുറച്ചേ അതി​ലേക്ക്‌ ഇറങ്ങു​ക​യു​ള്ളൂ. എന്നാൽ ആ ടീ ബാഗ്‌ കുറച്ച​ധി​കം നേരം ചൂടു​വെ​ള്ള​ത്തിൽ മുക്കി​യി​ട്ടാൽ ചായയു​ടെ സ്വാദ്‌ കൂടുതൽ ഇറങ്ങും.

 ബൈബിൾവാ​യ​ന​യു​ടെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാണ്‌. ഓടി​ച്ചു​വാ​യി​ച്ചു​തീർക്കു​ന്ന​തി​നു പകരം വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സമയ​മെ​ടുത്ത്‌ ചിന്തി​ക്കണം. 119-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​ര​നും അതുത​ന്നെ​യാണ്‌ ചെയ്‌തത്‌. ദൈവ​നി​യ​മ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറഞ്ഞു: “ദിവസം മുഴുവൻ ഞാൻ അതു ധ്യാനി​ക്കു​ന്നു.”—സങ്കീർത്തനം 119:97.

 അതിനർഥം ഒരു ദിവസം മുഴു​വ​നും ബൈബിൾ വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യണം എന്നല്ല. പകരം അവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌ ഇതാണ്‌: ദൈവ​ത്തി​ന്റെ വചന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സങ്കീർത്ത​ന​ക്കാ​രൻ സമയ​മെ​ടു​ത്തു. അങ്ങനെ ചെയ്‌തത്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു.—സങ്കീർത്തനം 119:98-100.

 “അമ്മ ഒരു ദിവസം എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘ഒരു ആഴ്‌ച​യിൽ ഏഴു ദിവസം ഉണ്ട്‌. ആ ദിവസ​ങ്ങ​ളിൽ നീ നിനക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​റു​ണ്ട​ല്ലോ. അപ്പോൾ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യും കുറച്ച്‌ സമയം കൊടു​ക്കണ്ടേ. അതു ന്യായ​മല്ലേ?’”—മെലാനി.

 നിങ്ങൾ ഇങ്ങനെ ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നിങ്ങൾക്കാ​കും. ഉദാഹ​ര​ണ​ത്തിന്‌, സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴോ തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോ​ഭനം തോന്നു​മ്പോ​ഴോ ഒക്കെ.

 ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പരമാ​വധി പ്രയോ​ജനം നേടാം?

  •   ഒരു പ്ലാൻ ഉണ്ടാക്കുക. കൗമാ​ര​ക്കാ​രി​യായ ജൂലി​യ​യു​ടെ അഭി​പ്രാ​യം ഇതാണ്‌: “ബൈബിൾവാ​യ​ന​യ്‌ക്കു നല്ലൊരു ഷെഡ്യൂൾ വേണം. എന്തു വായി​ക്കും, എപ്പോൾ വായി​ക്കും, എവി​ടെ​യി​രുന്ന്‌ വായി​ക്കും എന്നൊക്കെ നേരത്തേ തീരു​മാ​നി​ക്കുക.”

  •   നല്ലൊരു അന്തരീക്ഷം ഒരുക്കുക. ചെറു​പ്പ​ക്കാ​രി​യായ ജിയാന പറയു​ന്നത്‌ കേൾക്കൂ: “അധികം ഒച്ചയും ബഹളവും ഒന്നുമി​ല്ലാത്ത ഒരു സ്ഥലം കണ്ടെത്തുക. ബൈബിൾ വായി​ക്കാ​നാ​യി നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കുന്ന സമയം വീട്ടിലെ മറ്റുള്ള​വ​രോ​ടും പറയാം. അതാകു​മ്പോൾ ആ സമയത്ത്‌ അവരും നിങ്ങളെ ശല്യം ചെയ്യില്ല.”

     നിങ്ങൾ ഒരു ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ത്തിൽനി​ന്നാണ്‌ വായി​ക്കു​ന്ന​തെ​ങ്കിൽ അതിലെ നോട്ടി​ഫി​ക്കേ​ഷ​നു​ക​ളെ​ല്ലാം ഓഫ്‌ ചെയ്‌തു​വെ​ക്കുക. കഴിയു​മെ​ങ്കിൽ നിങ്ങൾക്കു പ്രിന്റ്‌ ചെയ്‌ത ബൈബി​ളിൽനി​ന്നു വായി​ക്കാം. ചില ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നത്‌ പ്രിന്റ്‌ ചെയ്‌ത പ്രസി​ദ്ധീ​ക​ര​ണ​ത്തിൽനിന്ന്‌ വായി​ച്ചാൽ വായി​ക്കുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പം മനസ്സി​ലാ​ക്കാൻ പറ്റു​മെ​ന്നാണ്‌. എന്നാൽ ഒരു സ്‌ക്രീ​നിൽനി​ന്നാണ്‌ വായി​ക്കു​ന്ന​തെ​ങ്കിൽ ശ്രദ്ധി​ച്ചി​രി​ക്കാൻ നിങ്ങൾക്കു കൂടുതൽ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം.

     “സ്‌ക്രീ​നിൽ നോക്കി വായി​ക്കു​മ്പോൾ എന്റെ ശ്രദ്ധ പെട്ടെന്നു പോകും. കാരണം, ചില​പ്പോൾ നോട്ടി​ഫി​ക്കേഷൻ വരും. അല്ലെങ്കിൽ അതിന്റെ ചാർജ്‌ കുറയും. ചില​പ്പോൾ ഇന്റർനെറ്റ്‌ കട്ടാകും. ബുക്ക്‌ നോക്കി​യാണ്‌ വായി​ക്കു​ന്ന​തെ​ങ്കിൽ ഈ പ്രശ്‌ന​മൊ​ന്നും ഇല്ല. ആവശ്യ​ത്തിന്‌ വെട്ടമു​ണ്ടോ എന്നു മാത്രം നോക്കി​യാൽ മതി.”—എലേന.

  •   ആദ്യം പ്രാർഥി​ക്കുക. നിങ്ങൾ ബൈബി​ളിൽനിന്ന്‌ വായി​ക്കാൻപോ​കുന്ന ഭാഗം മനസ്സി​ലാ​ക്കാ​നും ഓർത്തി​രി​ക്കാ​നും അതിൽനിന്ന്‌ പ്രയോ​ജനം നേടാ​നും സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—യാക്കോബ്‌ 1:5.

     പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നിങ്ങൾ പ്രവർത്തി​ക്കു​ക​യും വേണം. അതിനാ​യി നിങ്ങൾ വായി​ക്കുന്ന വിവര​ണ​ത്തെ​ക്കു​റിച്ച്‌ നന്നായി പഠിക്കുക. അത്‌ എങ്ങനെ ചെയ്യാം? JW ലൈ​ബ്ര​റി​യി​ലോ ഓൺ​ലൈ​നി​ലോ ആണ്‌ നിങ്ങൾ ബൈബിൾ വായി​ക്കു​ന്ന​തെ​ങ്കിൽ ആ വാക്യ​ത്തി​ലൊ​ന്നു ക്ലിക്ക്‌ ചെയ്‌താൽ അതെക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങ​ളും ലേഖന​ങ്ങ​ളും വായി​ക്കാൻ കഴിയും.

  •   ചോദ്യ​ങ്ങൾ ചോദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ‘ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌? എനിക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന യഹോ​വ​യു​ടെ ഏതെങ്കി​ലും ഗുണം ഈ വിവര​ണ​ത്തിൽ ഉണ്ടോ?’ (എഫെസ്യർ 5:1) ‘എനിക്കു ജീവി​ത​ത്തിൽ പകർത്താൻ കഴിയുന്ന എന്തു പാഠമാണ്‌ ഈ വിവര​ണ​ത്തി​ലു​ള്ളത്‌?’ (സങ്കീർത്തനം 119:105) ‘ഞാൻ ഈ വായിച്ച കാര്യങ്ങൾ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി എനിക്ക്‌ എങ്ങനെ​യെ​ങ്കി​ലും ഉപയോ​ഗി​ക്കാ​നാ​കു​മോ?’—റോമർ 1:11.

     അതോ​ടൊ​പ്പം ഇങ്ങനെ​യും ചോദി​ക്കുക: ‘ഞാൻ ഇപ്പോൾ വായിച്ച ഈ കാര്യം ബൈബി​ളി​ന്റെ മുഖ്യ​വി​ഷ​യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?’ ഈ ചോദ്യം ചോദി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. എന്തു​കൊണ്ട്‌? കാരണം ഉൽപത്തി മുതൽ വെളി​പാട്‌ വരെയുള്ള മുഴു​ബൈ​ബി​ളും ഏതെങ്കി​ലു​മൊ​രു വിധത്തിൽ ആ മുഖ്യ​വി​ഷ​യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ എന്താണ്‌ ആ വിഷയം? യഹോവ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ തന്റെ നാമം വിശു​ദ്ധീ​ക​രി​ക്കും, തനിക്കാണ്‌ ഭരിക്കാൻ അവകാ​ശ​മു​ള്ള​തെ​ന്നും തന്റെ ഭരണമാണ്‌ ഏറ്റവും നല്ലതെ​ന്നും തെളി​യി​ക്കു​ക​യും ചെയ്യും.