വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സ്‌നാ​ന​പ്പെ​ട്ടു​ക​ഴി​ഞ്ഞു, ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 2: നിഷ്‌ക​ളങ്കത നിലനി​റു​ത്തുക

സ്‌നാ​ന​പ്പെ​ട്ടു​ക​ഴി​ഞ്ഞു, ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 2: നിഷ്‌ക​ളങ്കത നിലനി​റു​ത്തുക

 “നിഷ്‌ക​ള​ങ്ക​ത​യോ​ടെ നടക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ ഒരു നന്മയും പിടി​ച്ചു​വെ​ക്കില്ല” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (സങ്കീർത്തനം 84:11) ‘നിഷ്‌ക​ള​ങ്ക​ത​യോ​ടെ നടക്കുക’ എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? സമർപ്പി​ച്ച​പ്പോൾ നിങ്ങൾ യഹോ​വയ്‌ക്കു കൊടുത്ത വാക്കിനു ചേർച്ച​യിൽ ജീവി​ക്കുക എന്നാണ്‌ അതിന്റെ അർഥം. (സഭാ​പ്ര​സം​ഗകൻ 5:4, 5) സ്‌നാ​ന​പ്പെ​ട്ടു​ക​ഴിഞ്ഞ്‌ നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ നിഷ്‌ക​ള​ങ്ക​ത​യോ​ടെ ജീവി​ക്കാൻ കഴിയുക?

ഈ ലേഖന​ത്തിൽ

 തുടർന്നും പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കു​ക

 തിരു​വെ​ഴുത്ത്‌: “അനേകം കഷ്ടതകൾ സഹിച്ചാ​ണു നമ്മൾ ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ടത്‌.”—പ്രവൃ​ത്തി​കൾ 14:22.

 എന്താണ്‌ അർഥം: ക്രിസ്‌ത്യാ​നി​ക​ളായ എല്ലാവർക്കും പ്രശ്‌നങ്ങൾ ഉണ്ടാകും എന്നത്‌ ഒരു യാഥാർഥ്യ​മാണ്‌. ചില പ്രശ്‌നങ്ങൾ ഒരു ക്രിസ്‌ത്യാ​നി ആയതു​കൊ​ണ്ടു​മാ​ത്രം വരുന്ന​താ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, എതിർപ്പോ പരിഹാ​സ​മോ ഒക്കെ. ഇനി, രോഗ​മോ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ പോലെ എല്ലാവർക്കും വരുന്ന പ്രശ്‌ന​ങ്ങ​ളും ഉണ്ടാ​യേ​ക്കാം.

 എന്തു സംഭവി​ച്ചേ​ക്കാം: നിങ്ങളു​ടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ എപ്പോൾ വേണ​മെ​ങ്കി​ലും മാറാം. ചില​പ്പോൾ നിങ്ങൾ ഒട്ടും ആഗ്രഹി​ക്കാത്ത വിധത്തി​ലാ​യി​രി​ക്കാം അത്‌. ഒരാൾ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ആരുടെ ജീവി​ത​ത്തിൽ വേണ​മെ​ങ്കി​ലും മോശ​മായ കാര്യങ്ങൾ സംഭവി​ക്കാ​മെന്ന്‌ ബൈബിൾ പറയുന്നു.—സഭാ​പ്ര​സം​ഗകൻ 9:11.

 എന്തു ചെയ്യാം: പ്രശ്‌നങ്ങൾ വരു​മെന്ന്‌ നമുക്ക്‌ അറിയാ​വു​ന്ന​തു​കൊ​ണ്ടു​തന്നെ അതിനു​വേണ്ടി മുന്നമേ തയ്യാറാ​യി​രി​ക്കാം. ഓരോ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​കു​മ്പോൾ വിശ്വാ​സം ശക്തമാ​ക്കാ​നും യഹോ​വ​യിൽ ആശ്രയി​ക്കാ​നും ഉള്ള ഒരു അവസര​മാ​യി അതിനെ കാണുക. (യാക്കോബ്‌ 1:2, 3) അങ്ങനെ മുന്നോ​ട്ടു​പോ​കു​മ്പോൾ നിങ്ങളു​ടെ അനുഭ​വ​ത്തിൽനിന്ന്‌ പൗലോസ്‌ പറഞ്ഞതു​പോ​ലെ നിങ്ങൾക്കും പറയാ​നാ​കും: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”—ഫിലി​പ്പി​യർ 4:13.

 കഥയല്ല, ജീവിതം. “ഞാൻ സ്‌നാ​ന​മേറ്റ്‌ അധികം വൈകാ​തെ​തന്നെ എന്റെ ചേട്ടന്മാർ സത്യം വിട്ടു​പോ​യി. മാതാ​പി​താ​ക്കൾക്ക്‌ അസുഖം വന്നു. എനിക്കും വയ്യാ​തെ​യാ​യി. ഇത്രയും പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായ​പ്പോൾ മടുത്തു​പോ​കാ​നും സമർപ്പി​ച്ച​പ്പോൾ യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌ മറന്നു​ക​ള​യാ​നും എളുപ്പ​മാ​യി​രു​ന്നു. പക്ഷേ യഹോ​വയ്‌ക്ക്‌ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തു​കൊ​ള്ളാം എന്ന ആ വാക്കു​ത​ന്നെ​യാണ്‌ പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചത്‌.”—ക്യാരെൻ.

 ഒരു ടിപ്പ്‌: യോ​സേ​ഫി​നെ​ക്കു​റിച്ച്‌ പഠിക്കുക. ഉൽപത്തി 37-ാം അധ്യാ​യ​ത്തിൽനി​ന്നും 39-41 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽനി​ന്നും യോ​സേ​ഫി​ന്റെ അനുഭവം നിങ്ങൾക്കു വായി​ക്കാം. എന്നിട്ട്‌ ചിന്തി​ക്കുക: അപ്രതീ​ക്ഷി​ത​മായ എന്തൊക്കെ പ്രശ്‌നങ്ങൾ യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ ഉണ്ടായി? അദ്ദേഹം അതിനെ എങ്ങനെ നേരിട്ടു? യഹോവ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 തുടർന്നും പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കു​ക

 തിരു​വെ​ഴുത്ത്‌: “സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കി പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌.”—യാക്കോബ്‌ 1:14.

 എന്താണ്‌ അർഥം: ചില​പ്പോ​ഴൊ​ക്കെ നമ്മു​ടെ​യെ​ല്ലാം മനസ്സിൽ മോശ​മായ ആഗ്രഹങ്ങൾ വന്നേക്കാം. എന്നാൽ അതു നിയ​ന്ത്രി​ച്ചി​ല്ലെ​ങ്കിൽ നമ്മൾ തെറ്റു ചെയ്യാ​നുള്ള സാധ്യ​ത​യുണ്ട്‌.

 എന്തു സംഭവി​ച്ചേ​ക്കാം: സ്‌നാ​ന​ത്തി​നു ശേഷവും “ജഡിക​മോ​ഹങ്ങൾ” നിങ്ങൾക്കു​ണ്ടാ​യേ​ക്കാം. (2 പത്രോസ്‌ 2:18) വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സിൽ ഏർപ്പെ​ടാൻപോ​ലും നിങ്ങൾക്കു തോന്നി​യെന്നു വരാം.

 എന്തു ചെയ്യാം: ആഗ്രഹ​ങ്ങൾക്ക​നു​സ​രിച്ച്‌ തെറ്റായ തീരു​മാ​നങ്ങൾ എടുക്കി​ല്ലെന്ന്‌ മനസ്സിനെ പറഞ്ഞു​പ​ഠി​പ്പി​ക്കുക. ഒരു പ്രലോ​ഭനം നേരി​ടു​ന്ന​തി​നു മുമ്പു​തന്നെ അങ്ങനെ ചെയ്യണം. യേശു പറഞ്ഞത്‌ ഓർക്കുക: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല.” (മത്തായി 6:24) നിങ്ങളു​ടെ യജമാനൻ ആരാ​ണെന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ നിങ്ങളാണ്‌. യഹോ​വ​യാ​യി​രി​ക്കണം നിങ്ങളു​ടെ യജമാനൻ. തെറ്റു ചെയ്യാ​നുള്ള ആഗ്രഹം എത്ര ശക്തമാ​ണെ​ങ്കി​ലും അതിനെ ചെറു​ത്തു​തോൽപ്പി​ക്കാ​നും ശരിയാ​യതു ചെയ്യാ​നും നിങ്ങൾക്കു കഴിയും.—ഗലാത്യർ 5:16.

 ഒരു ടിപ്പ്‌: നിങ്ങളു​ടെ ശക്തിയും ദൗർബ​ല്യ​ങ്ങ​ളും കണ്ടുപി​ടി​ക്കുക. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ശ്രദ്ധി​ക്കണം. നിങ്ങളു​ടെ നല്ല ഗുണങ്ങൾ കാണാ​നും അത്‌ വളർത്താ​നും സഹായി​ക്കു​ന്ന​വ​രാ​യി​രി​ക്കണം അവർ. ശരി ചെയ്യാൻ ബുദ്ധി​മു​ട്ടാ​ക്കുന്ന സ്ഥലങ്ങളും ആളുക​ളും സാഹച​ര്യ​ങ്ങ​ളും ഒഴിവാ​ക്കുക.—സങ്കീർത്തനം 26:4, 5.

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 തുടർന്നും ഉത്സാഹം വർധി​പ്പി​ക്കു​ക

 തിരു​വെ​ഴുത്ത്‌: ‘ഇപ്പോ​ഴുള്ള അതേ ഉത്സാഹം അവസാ​നം​വരെ കാണി​ക്കണം. അങ്ങനെ നിങ്ങൾ മടിയി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.’—എബ്രായർ 6:11, 12.

 എന്താണ്‌ അർഥം: താൻ ചെയ്യുന്ന കാര്യ​ത്തിൽ വേണ്ടത്ര ശ്രദ്ധ കൊടു​ക്കാത്ത ഒരാൾ പെട്ടെന്ന്‌ മടുത്തു​പോ​കാ​നും അങ്ങനെ മടിയ​നാ​കാ​നും സാധ്യ​ത​യുണ്ട്‌.

 എന്തു സംഭവി​ച്ചേ​ക്കാം: സ്‌നാ​ന​പ്പെ​ട്ടു​ക​ഴിഞ്ഞ ഉടനെ നിങ്ങൾക്കു നല്ല തീക്ഷ്‌ണ​ത​യും ഉത്സാഹ​വും ഒക്കെ ഉണ്ടായി​രു​ന്നി​രി​ക്കാം. ആ സമയത്ത്‌ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​കും നിങ്ങളു​ടെ മനസ്സു​നി​റയെ. പക്ഷേ കുറച്ചു​ക​ഴി​യു​മ്പോൾ എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. അങ്ങനെ വന്നാൽ നിങ്ങൾ നിരു​ത്സാ​ഹ​പ്പെ​ടാ​നും നിങ്ങളു​ടെ ഉത്സാഹം പതിയെ നഷ്ടപ്പെ​ട്ടു​പോ​കാ​നും സാധ്യ​ത​യുണ്ട്‌.—ഗലാത്യർ 5:7.

 എന്തു ചെയ്യാം: തുടർന്നും ശരിയായ കാര്യങ്ങൾ ചെയ്യുക, നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാൻ ഉത്സാഹം തോന്നു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും. (1 കൊരി​ന്ത്യർ 9:27) ഈ സമയം യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കുക, കൂടെ​ക്കൂ​ടെ പ്രാർഥി​ക്കുക. അങ്ങനെ നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നോട്‌ കൂടുതൽ അടുക്കാൻ ശ്രമി​ക്കുക. ഇനി, യഹോ​വയെ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ ഉറ്റ സുഹൃ​ത്തു​ക്ക​ളാ​ക്കുക.

 ഒരു ടിപ്പ്‌: യഹോവ നിങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും ഓർക്കുക. തത്‌കാ​ല​ത്തേക്ക്‌ നിങ്ങളു​ടെ ഉത്സാഹം കുറഞ്ഞ​തു​കൊണ്ട്‌ യഹോവ നിങ്ങളെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. ബൈബിൾ പറയുന്നു: “ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ദൈവം ബലം കൊടു​ക്കു​ന്നു, ശക്തിയി​ല്ലാ​ത്ത​വനു വേണ്ടു​വോ​ളം ഊർജം പകരുന്നു.” (യശയ്യ 40:29) ഉത്സാഹം വീണ്ടെ​ടു​ക്കാ​നുള്ള നിങ്ങളു​ടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും.

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങൾ നിഷ്‌ക​ള​ങ്ക​രാ​യി നടന്നാൽ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​കും. (സുഭാ​ഷി​തങ്ങൾ 27:11) യഹോ​വ​യു​ടെ കൂടെ​നി​ന്നാൽ അത്‌ യഹോ​വയ്‌ക്കു സന്തോ​ഷ​മാ​കും. സാത്താൻ കൊണ്ടു​വ​രുന്ന ഏത്‌ ആക്രമ​ണ​ങ്ങ​ളെ​യും എതിർത്തു​നിൽക്കാൻ വേണ്ട എല്ലാ സഹായ​വും യഹോവ തരും.